ദമസ്‌കസ് വിമാനത്താവളം വിമതർ പിടിച്ചെടുത്തു; ബശ്ശാറുൽ അസദ് രാജ്യം വിട്ടതായി റിപ്പോർട്ട്
ദേശീയ ടെലിവിഷൻ ചാനലിന്റെയും റേഡിയോയുടെയും നിയന്ത്രണവും വിമതർ പിടിച്ചെടുത്തതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ദമസ്‌കസ്: സിറിയയിൽ വിമതർ ദമസ്‌കസ് വിമാനത്താവളം പിടിച്ചെടുത്തതായി റിപ്പോർട്ട്. ഇന്നലെ രാത്രിയോടെ തന്നെ വിമതർ തലസ്ഥാനമായ ദമസ്‌കസിൽ എത്തിയിരുന്നു. ദേശീയ ടെലിവിഷൻ ചാനലിന്റെയും റേഡിയോയുടെയും നിയന്ത്രണവും വിമതർ പിടിച്ചെടുത്തതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതിനിടെ വിമതർ തലസ്ഥാനം പിടിച്ചതോടെ പ്രസിഡന്റ് ബശ്ശാറുൽ അസദ് രാജ്യം വിട്ടതായാണ് റിപ്പോർട്ട്. അസദ് ദമസ്‌കസിൽ ഇല്ലെന്ന് രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എന്നാൽ പടിഞ്ഞാറൻ മാധ്യമങ്ങൾ കള്ളം പറയുകയാണ് എന്നാണ് അസദിന്റെ വക്താക്കൾ വിശദീകരിക്കുന്നത്.
മുമ്പ് അസദിനെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് പാർപ്പിച്ചിരുന്ന ജയിലുകളും വിമതർ പിടിച്ചെടുത്ത് തടവിലുള്ളവരെ മോചിപ്പിക്കുന്നുണ്ട്. കുപ്രസിദ്ധമായ സെഡ്‌നായ ജയിൽ വിമതർ പിടിച്ചെടുത്ത് തടവുകാരെ മോചിപ്പിച്ചു. പ്രസിഡന്റ് ദമസ്‌കസ് വിട്ടെന്ന റിപ്പോർട്ട് വന്നതോടെ വിമതർക്കെതിരായ പോരാട്ടത്തിൽനിന്ന് സൈനികർ സ്വയം പിൻമാറിയതായും സൂചനയുണ്ട്.
Adjust Story Font
16