Quantcast

ചികിത്സയ്ക്കും ഐസൊലേഷനും വഴങ്ങിയില്ല; ക്ഷയരോഗി അറസ്റ്റിൽ

ക്ഷയരോഗത്തിനു ചികിത്സ തേടാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കുടുംബവും നിർബന്ധിച്ചെങ്കിലും ഇവർ കൂട്ടാക്കിയില്ല.

MediaOne Logo

Web Desk

  • Updated:

    2023-06-06 03:37:26.0

Published:

5 Jun 2023 4:30 PM GMT

Refused  treatment and isolation for more than a year; tuberculosis patient arrested
X

വാഷിങ്ടൺ: ക്ഷയരോഗത്തിനു ചികിത്സ തേടാൻ വിസമ്മതിച്ച യു.എസ് വനിതയെ അറസ്റ്റ് ചെയ്തു. സാംക്രമികരോഗമായ ക്ഷയരോഗം ബാധിച്ച സ്ത്രീ ചികിത്സ തേടുകയോ ഐസൊലേഷനിൽ ഇരിക്കുകയോ ചെയ്യണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഇതിനു വഴങ്ങാതിരുന്നതോടെയാണ് അറസ്റ്റ്. സ്ത്രീയുടെ പേരുവിവരങ്ങൾ ആരോഗ്യ വകുപ്പ് പുറത്തുവിട്ടിട്ടില്ല.

2022 ജനുവരിയിലാണ് ഇവർക്ക് ക്ഷയരോഗം സ്ഥിരീകരിച്ചത്. തുടർന്ന് ആരോഗ്യ വകുപ്പ് ഐസോലേറ്റ് ചെയ്യാൻ നിർദേശിച്ചിരുന്നു. രോഗത്തിനു ചികിത്സ തേടാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും കുടുംബവും നിർബന്ധിച്ചെങ്കിലും ഇവർ കൂട്ടാക്കിയില്ല. തുടർന്നാണ് കഴിഞ്ഞ മാർച്ചിൽ സ്ത്രീയെ തടങ്കലിൽ പാർപ്പിക്കാൻ ടകോമ പിയേഴ്‌സ് കൗണ്ടി ഉത്തരവിറക്കിയത്.

ഇവരെ നിലവിൽ ടകോമ പിയേഴ്സ് കൗണ്ടി ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. അവിടെ പരിശോധനയ്ക്കും ചികിത്സയ്ക്കും ഐസൊലേഷനുമായി പ്രത്യേകം സജ്ജമാക്കിയ മുറിയിൽ പാർപ്പിക്കും.

കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ ചികിത്സയ്ക്കു വഴങ്ങാത്തതിനെ തുടർന്ന് സാംക്രമികരോഗമുള്ളയാളെ അറസ്റ്റ് ചെയ്യാൻ ഇത് മൂന്നാം തവണയാണ് ആരോഗ്യ വകുപ്പ് കോടതി ഉത്തരവ് തേടുന്നത്. അതേസമയം, ഇപ്പോൾ അറസ്റ്റിലുള്ള സ്ത്രീ എന്തുകൊണ്ടാണ് ചികിത്സയ്ക്കും ഐസോലേഷനും കൂട്ടാക്കാതിരുന്നതെന്ന് വ്യക്തമല്ല. എന്നാൽ, എന്താണ് സംഭവിക്കുന്നതെന്ന് അറിയാത്തതുകൊണ്ടാണ് ചികിത്സ നിരസിച്ചതെന്നാണ് ഇവരുടെ അഭിഭാഷക സാറ ടോഫ്‌ലെമൈർ വാദിച്ചത്.

TAGS :

Next Story