Quantcast

ആക്രമണം നടത്തുന്ന ഫലസ്തീനികളുടെ ബന്ധുക്കളെ 20 വർഷം വരെ നാടുകടത്താം; നിയമം പാസാക്കി ഇസ്രായേൽ പാർലമെന്റ്

ഗസ്സയിലേക്കോ മറ്റു സ്ഥലങ്ങളിലേക്കോ ആണ് നാടുകടത്തുക

MediaOne Logo

Web Desk

  • Published:

    7 Nov 2024 4:46 PM GMT

israel parliament
X

ജറുസലേം: ഇസ്രായേലിൽ ആക്രമണം നടത്തുന്ന ഫലസ്തീനികളുടെ ബന്ധുക്കളെ നാട് കടത്താൻ അനുവദിക്കുന്ന നിയമം ഇസ്രായേൽ പാർലമെന്റായ നെസെറ്റ് പാസാക്കി. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച ബില്ലിന് അംഗീകാരം നൽകിയത്. 20 വർഷം വരെ നാടുകടത്താൻ ആഭ്യന്തര മന്ത്രാലയത്തിന് കഴിയുന്നതാണ് നിയമം. സാഹചര്യത്തിന് അനുസരിച്ച് ഗസ്സയിലേക്കോ മറ്റു സ്ഥലങ്ങളിലേക്കോ ആകും നാടുകടത്തുക.

മാതാപിതാക്കൾ, സഹോദരങ്ങൾ, മക്കൾ, ഇണകൾ എന്നിവരെയെല്ലാം ഈ നിയമപ്രകാരം നാടുകടത്താൻ സാധിക്കും. ഭീകരവാദത്തിന് പിന്തുണ, സ്തുതി, പ്രോത്സാഹനം എന്നിവ നൽകിയെന്ന കുറ്റം ചുമത്തിയാകും നാടുകടത്തുക. ആക്രമണം മുൻകൂട്ടി അറിഞ്ഞിട്ടും അത് തടയാൻ നടപടി സ്വീകരിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയും ആളുകളെ നാടുകടത്താൻ സാധിക്കും. ഭരണകക്ഷിയായ ലിക്കുഡ് പാർട്ടിയുടെ ഹനോച്ച് മിൽവിഡ്സികിയാണ് ബില്ല് അവതരിപ്പിച്ചത്. 61 എംപിമാർ ഇതിനെ പിന്തുണച്ചപ്പോൾ 41 പേർ എതിർത്തു.

ഇസ്രായേലിലുള്ള ഫലസ്തീൻ പൗരൻമാരെ ഏഴ് വർഷം മുതൽ 15 വർഷം വരെ നാടുകടത്താം. മറ്റുള്ളവരെ 10 മുതൽ 20 വർഷം വരെയാകും നാടുകടത്തുക. നാടുകടത്തൽ നടപ്പാക്കാൻ പൊലീസിനും അധികാരമുണ്ടാകും. നിയമത്തെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഷിൻബെതും പിന്തുണക്കുന്നുണ്ട്. പ്രതിരോധത്തിനുള്ള ഫലപ്രദമായ മാർഗമെന്നാണ് ഷിൻബെതിന്റെ അഭിപ്രായം.

അതേസമയം, ഈ നിയമനിർമാണം നിയമപരമായ വെല്ലുവിളികൾ നേരിടാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ നിയമം ഇസ്രായേൽ സുപ്രിംകോടതിയിൽ എത്തിയാൽ, മുമ്പത്തെ വിധികളുടെ അടിസ്ഥാനത്തിൽ അസാധുവാക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ഇ​സ്രായേലി നിയമവിദഗ്ധനായ എറാൻ ഷമീർ ബോറർ പറഞ്ഞു. ഇത് തികച്ചും ഭരണഘടനാ വിരുദ്ധവും ഇസ്രായേലി മ്യൂലങ്ങൾക്ക് എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്രായേലിലെ ഫലസ്തീൻ പൗരൻമാരെയാണ് ഈ നിയമം കാര്യമായും ബാധിക്കുക. അറബ് ഇസ്രായേലികൾ എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്. 1948ൽ ഫലസ്തീനികൾക്കെതിരെ നടന്ന വംശീയ ഉന്മൂലനമായ നക്ബയുടെ കാലത്ത് അവശേഷിച്ചവരും അവരുടെ പിൻഗാമികളുമാണവർ. അധിനിവേശ രാജ്യത്തിന്റെ ജനസംഖ്യയുടെ 20 ശതമാനം വരും ഇവർ. ഈ വിഭാഗം വ്യവസ്ഥാപിതമായി വലിയ വിവേചനമാണ് നേരിടുന്നത്. ജൂതൻമാരെ അപേക്ഷിച്ച് രണ്ടാംകിട പൗരൻമാരായിട്ടാണ് ഇവരെ കണക്കാക്കുന്നത്. വിദ്യാഭ്യാസം, ജോലി, ആരോഗ്യം എന്നീ മേഖലകളിലെല്ലാം ഇവർ വിവേചനം നേരിടുകയാണ്. ഇതിനിടയിലാണ് ഇവരെ പുറത്താക്കാനുള്ള ആസൂത്രിത നിയമം നെസെറ്റ് പാസാക്കുന്നത്.

ഫലസ്തീനിയൻ നെസെറ്റ് അംഗമായ ഐദ തൗമ സുലൈമാൻ പുതിയ നിയമത്തെ വിമർശിച്ചു. ‘ഒരാൾ തീവ്രവാദത്തെ പിന്തുണക്കുകയാണെന്ന് തോന്നുന്നുവെങ്കിൽ അവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കാൻ സാധിക്കും. പക്ഷെ, ഒരു മന്ത്രിക്ക് എങ്ങനെയാണ് കുടുംബത്തെ നാടുകടത്താനുള്ള ഉത്തരവിടാൻ സാധിക്കുക? കുറ്റകൃത്യത്തിൽ പങ്കില്ലാത്ത പ്രയാമാവരെയും കുട്ടികളെയും അമ്മമാരെയും അച്ഛൻമാരെയും എങ്ങനെ നാടുകടത്താനാകും? കുടുംബ ബന്ധങ്ങളുടെ പേരിൽ അവർക്ക് പൗരത്വം നിഷേധിക്കപ്പെടുകയാണ്. ഫാസിസം സമൂഹത്തിലും പാർലമെന്റിലേക്കുമെല്ലാം ഇരച്ചുകയറുകയാണ്’ -നെസെറ്റ് അംഗം ഐദ തൗമ വ്യക്തമാക്കി.

‘തീവ്രവാദ കുറ്റങ്ങൾക്ക്’ പിടിയിലാകുന്ന 12 വയസ്സിന് മുകളിലുള്ള കുട്ടികളെ ശിക്ഷിക്കാൻ കഴിയുന്ന അഞ്ച് വർഷത്തെ താൽക്കാലിക ഉത്തരവിനും ബുധനാഴ്ച നെസെറ്റ് അനുമതി നൽകിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്തവർക്ക് സംരക്ഷണം നൽകുന്ന ഇസ്രായേലി യുവജന നിയമത്തെ മറികടന്നാണ് പുതിയ ഉത്തരവ് കൊണ്ടുവന്നിരിക്കുന്നത്.

TAGS :

Next Story