ബന്ദിമോചനം ബലപ്രയോഗത്തിലൂടെ നടക്കില്ലെന്ന് ഹമാസ്; കീഴടങ്ങാൻ ആവശ്യപ്പെട്ട് നെതന്യാഹു
ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 18,000 കടന്നു.
ഗസ്സ: ചർച്ചകളിലൂടെയല്ലാതെ സൈനിക ശക്തി പ്രയോഗിച്ച് ബന്ദികളെ മോചിപ്പിക്കാൻ കഴിയില്ലെന്ന് ഇസ്രായേലിനെ വെല്ലുവിളിച്ച് ഹമാസ് സൈനിക വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്. ഇസ്രായേൽ യുദ്ധമന്ത്രിസഭയെ അഭിസംബോധന ചെയ്ത് അൽഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ വീഡിയോ സന്ദേശത്തിലാണ് മുന്നറിയിപ്പ് നൽകിയത്. നെതന്യാഹുവിനും അയാളുടെ യുദ്ധമന്ത്രിസഭയ്ക്കും വൈറ്റ്ഹൗസിലെ സിയണിസ്റ്റ് ലോബിക്കും ബന്ദികളെ ചർച്ചകളിലൂടെയല്ലാതെ തിരികെ കൊണ്ടുവരാൻ പറ്റില്ല. ബലം പ്രയോഗിച്ച് മോചിപ്പിക്കാൻ തുനിഞ്ഞ ബന്ദി കൊല്ലപ്പെട്ടത് ഇതിന്റെ തെളിവാണെന്നും'- അബൂ ഉബൈദ പറഞ്ഞു.
എന്നാൽ ഹമാസിന്റെ പതനം ആരംഭിച്ചതായും നിരവധി പോരാളികൾ ഇതിനകം അടിയറവ് പറഞ്ഞതായും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു. കീഴടങ്ങുകയല്ലാതെ ഹമാസ് പോരാളികൾക്ക് മുന്നിൽ വേറെ വഴിയില്ലെന്നും നെതന്യാഹു പറഞ്ഞു. യഹ്യ സിൻവാറിനു വേണ്ടി മരിക്കാൻ നിൽക്കാതെ കീഴടങ്ങുകയാണ് ഹമാസ് പോരാളികൾക്ക് അഭികാമ്യമെന്നും നെതന്യാഹു നിർദേശിച്ചു. ഗസ്സയിൽ ഏറ്റുമുട്ടൽ രൂക്ഷമായതോടെ ആയിരക്കണക്കിന് സൈനികർക്ക് പരിക്കേറ്റതായി ഒടുവിൽ ഇസ്രായേൽ സ്ഥിരീകരിച്ചു. ഇതിനിടെ, ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 18,000 കടന്നു.
അതേസമയം, ഗസ്സയിൽ ഹമാസും സേനയും നേർക്കു നേരെയുള്ള ഏറ്റുമുട്ടൽ രൂക്ഷമാണ്. വെടിനിർത്തൽ പുനരാരംഭിച്ച 10 ദിവസത്തിനുള്ളിൽ ബെയ്ത് ഹനൂൻ മുതൽ ഖാൻ യൂനിസ് വരെ 180ലധികം ഇസ്രായേൽ സൈനിക കവചിതവാഹനങ്ങളും ടാങ്കുകളും ബുൾഡോസറുകളും ഭാഗികമായോ പൂർണമായോ നശിപ്പിച്ചതായും അൽഖസ്സാം ബ്രിഗേഡ് പറയുന്നു. രണ്ടു നാളുകൾക്കുള്ളിൽ 40 സൈനികരെ വധിക്കുകയും നിരവധി പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു. ആയിരക്കണക്കിന് പോരാളികൾ ഉറച്ചുനിന്ന് പോരാടാനുള്ള അവസരത്തിനായി കാത്തിരിക്കുകയുമാണെന്ന് അൽഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ വ്യക്തമാക്കി.
പ്രത്യാക്രമണത്തിൽ തങ്ങളുടെ 5,000ലേറെ സൈനികർക്ക് പരിക്കേറ്റതായും 2,000ലേറെ പേർ പൂർണ അംഗപരിമിതരായതായും പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമത്തിൽ വന്ന വാർത്ത സ്ഥിരീകരിച്ച് ഇസ്രായേൽ ആരോഗ്യ മന്ത്രാലയം. സൈനികരും സാധാരണക്കാരുമായി പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിൽസയിലുള്ളത് 10,584 പേരാണെന്നും ഇവരിൽ 131 പേർ മരിച്ചതായും മന്ത്രാലയം വെളിപ്പെടുത്തി. ഗസ്സയിൽ നിന്ന് നൂറുകണക്കിന് സാധാരണക്കാരെ അറസ്റ്റ് ചെയ്ത് അടിവസ്ത്രത്തിൽ നിർത്തിയ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാണ്.
സൈന്യം പുറത്തുവിട്ട ചിത്രം ഇസ്രായേലിന്റെ പ്രതിച്ഛായയ്ക്ക് നിരക്കുന്നതല്ലെന്ന് ദേശീയ സുരക്ഷാ വിഭാഗം പ്രതികരിച്ചു. പിടികൂടിയവരിൽ ആയുധങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുക മാത്രമാണ് ചെയ്തതെന്നാണ് സൈന്യം പറയുന്നത്. ഇറാനുമായി കൈകോർക്കുന്ന നടപടിയിൽ നിന്ന് പിൻവാങ്ങണമെന്ന് റഷ്യയോട് ഇസ്രായേൽ ആവശ്യപ്പെട്ടു. ഇന്നലെ പുടിനെ ഫോണിൽ വിളിച്ചാണ് നെതന്യാഹു ഇക്കാര്യം അറിയിച്ചത്. എന്നാൽ ഗസ്സയിൽ തുടരുന്ന ഇസ്രായേൽ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് പുടിന്റെ മറുപടി.
പ്രതികൂല സാഹചര്യമാണെങ്കിലും ഗസ്സയിൽ അടിയന്തര വെടിനിർത്തലിനു വേണ്ടി സാധ്യമായ എല്ലാ നയതന്ത്ര നീക്കങ്ങളും തുടരുമെന്ന് യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറസും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽഥാനിയും പ്രതികരിച്ചു.
Adjust Story Font
16