ഇസ്രായേൽ വിട്ടയച്ച 200 ഫലസ്തീൻ തടവുകാർ റാമല്ലയിൽ; വൻ സ്വീകരണം
നാല് ഇസ്രായേലി വനിതാ തടവുകാരെ ഇന്ന് ഹമാസ് മോചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 200 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ വിട്ടയച്ചത്.

റാമല്ല: ഇസ്രായേൽ ജയിലുകളിൽനിന്ന് മോചിതരായ 200 ഫലസ്തീൻ തടവുകാർ വെസ്റ്റ് ബാങ്കിലെ റാമല്ലയിലെത്തി. ഫലസ്തീൻ പതാകയേന്തിയ ആയിരക്കണക്കിന് ആളുകളാണ് ഇവരെ സ്വീകരിക്കാനെത്തിയത്. ചാരനിറത്തിലുള്ള ജമ്പ് സ്യൂട്ടുകൾ ധരിച്ച തടവുകാർ ബസിൽനിന്ന് ഇറങ്ങുമ്പോൾ ജനക്കൂട്ടത്തിന് നേരെ കൈവീശി കാണിക്കുകയും ബന്ധുക്കളെ ആലിംഗനം ചെയ്യുകയും ചെയ്തു.
നാല് ഇസ്രായേലി വനിതാ തടവുകാരെ ഇന്ന് ഹമാസ് മോചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 200 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ വിട്ടയച്ചത്. അതിനിടെ സിവിലിയൻ തടവുകാരിയായ എർബൽ യെഹൂദിനെ വിട്ടയക്കാതെ വടക്കൻ ഗസ്സയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇസ്രായേൽ.
അതേസമയം എർബൽ യഹൂദ് ജീവിച്ചിരിപ്പുണ്ടെന്നും അവരെ അടുത്ത ശനിയാഴ്ചക്ക് മുമ്പ് വിട്ടയക്കുമെന്നും ഹമാസ് അറിയിച്ചു. ഇത് സംബന്ധിച്ച് ഇസ്രായേലും മധ്യസ്ഥരും തമ്മിൽ ചർച്ച നടക്കുകയാണെന്ന് ഇസ്രായേൽ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി അറിയിച്ചു. നെറ്റ്‌സാരിം ഇടനാഴിയിൽനിന്ന് പിൻമാറാൻ ഇസ്രായേൽ തയ്യാറാവാത്തതിനാൽ വടക്കൻ ഗസ്സയിലേക്ക് പ്രവേശിക്കാനാവാതെ നൂറുകണക്കിന് ഫലസ്തീനികളാണ് കാത്തിരിക്കുന്നത്. മരുന്നും ഭക്ഷ്യവസ്തുക്കളും അടക്കമുള്ള അവശ്യസാധനങ്ങളും ഗസ്സയിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടില്ല.
Adjust Story Font
16