കാനഡയിലെ കത്തോലിക്കാ സ്കൂൾ പരിസരത്ത് കണ്ടെത്തിയത് അറുനൂറിലധികം ശവക്കുഴികൾ
സസ്കെച്ച്വാനിൽ കത്തോലിക്ക സഭ നടത്തിയ മാരീവൽ ഇന്ത്യൻ റസിഡൻഷ്യൽ സ്കൂളിനോടു ചേർന്നാണ് കൂട്ടക്കുഴിമാടം കണ്ടെത്തിയത്
പടിഞ്ഞാറൻ കാനഡയിൽ തദ്ദേശീയരായ കുട്ടികൾ പഠിച്ചിരുന്ന മുൻ കത്തോലിക്ക റെസിഡൻഷ്യൽ സ്കൂളിന് സമീപം അജ്ഞാതമായ 600ൽ അധികം ശവക്കുഴികൾ കണ്ടെത്തി. സസ്കെച്ച്വാനിൽ 1899-1997 കാഘട്ടത്തിൽ കത്തോലിക്ക സഭ നടത്തിയ മാരീവൽ ഇന്ത്യൻ റസിഡൻഷ്യൽ സ്കൂളിനോടു ചേർന്നാണ് കൂട്ടക്കുഴിമാടം കണ്ടെത്തിയത്. മേയ് അവസാനത്തോടെ ആരംഭിച്ച ഖനനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. കഴിഞ്ഞ മാസം മറ്റൊരു സ്കൂളിൽ നിന്ന് 215 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.
'റഡാറുകൾ ഉപയോഗിച്ചുള്ള പരിശോധനയിൽ സസ്കെച്ച്വാൻ പ്രവിശ്യയിലെ മുൻ മാരിവൽ ബോർഡിംഗ് സ്‌കൂളിന്റെ പരിസരത്ത് 751 ശവക്കുഴികളുണ്ടെന്നാണ് സൂചന നൽകുന്നത്, എന്നാൽ റഡാറുകളുടെ കണ്ടെത്തലുകളിൽ പിഴവുകൾ വന്നേക്കാം. എങ്കിലും 600ൽ കൂടുതൽ ശവക്കുഴികൾ പ്രദേശത്തുണ്ടെന്ന് ഉറപ്പുപറയാൻ സാധിക്കും'- കോവെസെസ് ഫസ്റ്റ് നാഷണൽ ചീഫ് കാഡ്മസ് ഡെലോം പറഞ്ഞു.
19ാം നൂറ്റാണ്ടുമുതൽ കാനഡയിൽ ഒന്നര ലക്ഷം കുട്ടികളെയാണ് സർക്കാർ സഹായത്തോടെ സഭ നടത്തിയ സ്കൂളുകളിൽ നിർബന്ധിതമായി ചേർത്തിരുന്നത്. മതം മാറ്റിയും ഗോത്രവർഗ ഭാഷ സംസാരിക്കാൻ അനുവദിക്കാതെയും കടുത്ത ശിക്ഷണത്തിൽ കഴിഞ്ഞ കുട്ടികളിൽ ആയിരങ്ങൾ രോഗബാധയും മറ്റുമായി മരണത്തിന് കീഴടങ്ങി.
അടുത്തിടെ കാനഡയിൽ കണ്ടെത്തിയ ഏറ്റവും വലിയ കുഴിമാടമാണിത്. സമാന കണ്ടെത്തലുകൾ വ്യാപകമായതോടെ രാജ്യത്തെ ഗോത്ര വർഗ സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. റസിഡൻഷ്യൽ സ്കൂളുകളിൽ വിദ്യാർഥികൾ കടുത്ത ശാരീരിക പീഡനവും പോഷണമില്ലായ്മയും അനുഭവിച്ചതായി അടുത്തിടെ അന്വേഷണങ്ങളിൽ കണ്ടെത്തിയിരുന്നു. പഠനത്തിനായി കൊണ്ടുവന്ന 6,000 ഓളം വിദ്യാർഥികൾ വിവിധ സ്കൂളുകളിൽ മരിച്ചതായാണ് കണക്ക്.
ഇത്തരം റസിഡൻഷ്യൽ സ്കൂളുകൾ നടത്തിയതിന് 2008ൽ കാനഡ സർക്കാർ രാജ്യത്തോട് മാപ്പുചോദിച്ചിരുന്നു. സർക്കാറും ക്രിസ്ത്യൻ ചർച്ചും സംയുക്തമായി 19ാം നൂറ്റാണ്ട് മുതലാണ് കാനഡയിൽ ഇത്തരം റസിഡൻഷ്യൽ സ്കൂളുകൾ ആരംഭിച്ചത്. സ്വന്തം സംസ്കാരവുമായി കഴിഞ്ഞ ഗോത്രവർഗക്കാരെ കാനഡയുടെ സംസ്കാരത്തിലേക്ക് സ്വാംശീകരിക്കലായിരുന്നു ഇത്തരം മതപാഠശാലകളുടെ ലക്ഷ്യം.
ഇവരുടെ കുടുംബ ജീവിതവും സാംസ്കാരിക അസ്തിത്വവും തകർത്തെന്ന് സ്കൂളുകളെ കുറിച്ച് വ്യാപക ആക്ഷേപമുയർന്നിരുന്നു. വിമർശനം രാജ്യത്തിന് പുറത്തും വ്യാപകമായതോടെ 1996ൽ അവസാന റസിഡൻഷ്യൽ സ്കൂളും പൂട്ടി. പഴയ വിദ്യാർഥികൾ ഈ സ്ഥാപനങ്ങൾക്കെതിരെ രംഗത്തുവന്നതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപറുടെ മാപ്പു പോദിക്കൽ.
1831ൽ ഒണ്ടേറിയോയിൽ ബ്രാന്റ്ഫോർഡിലായിരുന്നു ആദ്യ റസിഡൻഷ്യൽ സ്കൂൾ. കാനഡയുടെ പരിസരത്തെ ന്യൂഫ്രാൻസിൽ കാത്തലിക് മിഷനറിമാർ ആരംഭിച്ച സംരംഭമാണ് 1830കൾ മുതൽ കാനഡയിലേക്കും വ്യാപിപ്പിച്ചത്. മറ്റു സഭകളും ഇതിന്റെ ഭാഗമായി. 1930കളിൽ 80 ഓളം റസിഡൻഷ്യൽ സ്കൂളുകൾ പ്രവർത്തിച്ചിരുന്നു. സ്വന്തം ഗോത്രഭാഷ സംസാരിക്കലും വീട്ടിലേക്ക് അതേ ഭാഷയിൽ കത്തയക്കൽ പോലും ഈ വിദ്യാർഥികൾക്ക് വിലക്കപ്പെട്ടു. പുതിയ വേഷം നിർബന്ധിതമായി അടിച്ചേൽപിച്ചതിന് പുറമെ പേരുമാറ്റവും മതംമാറ്റവും നടന്നു.
Adjust Story Font
16