ഗസ്സ വെടിനിർത്തൽ പ്രഖ്യാപനം കാത്ത് ലോകം; കരാർ വ്യവസ്ഥകൾ ഹമാസും ഇസ്രായേലും തത്വത്തിൽ അംഗീകരിച്ചെന്ന് റിപ്പോർട്ട്
സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കി കരാർ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും നൽകുന്ന സൂചന.
ദോഹ: ഗസ്സ വെടിനിർത്തൽ പ്രഖ്യാപനം കാത്ത് ലോകം. കരാർ വ്യവസ്ഥകൾ ഹമാസും ഇസ്രായേലും തത്വത്തിൽ അംഗീകരിച്ചെന്നാണ് റിപ്പോർട്ട്. അതേസമയം ഇസ്രായേലിലെ തീവ്രജൂതപക്ഷ മന്ത്രിമാർ വെടിനിർത്തലിനെതിരെ ശക്തമായി രംഗത്തുണ്ട്.
ഗസ്സ ആക്രമണം അവസാനിപ്പിക്കാനും ബന്ദികളുടെ മോചനം ഉറപ്പാക്കാനുമുള്ള കരാർ സംബന്ധിച്ച് ഇസ്രായേലും ഹമാസും തമ്മിൽ തത്വത്തിൽ ധാരണയിലെത്തിയെന്നാണ് റിപ്പോർട്ട്. സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കി കരാർ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും നൽകുന്ന സൂചന.
ഇസ്രായേൽ പാർലമെന്‍റും സുപ്രിംകോടതിയും കരാർ അംഗീകരിച്ചതിനു ശേഷം മാത്രമാകും ഔദ്യോഗിക പ്രഖ്യാപനം. ഇസ്രായേലും ഹമാസും കരാർ സംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ലെങ്കിലും ചർച്ചയിൽ വലിയ പുരോഗതിയുള്ളതായി ഇരുപക്ഷവും സൂചന നൽകി. ഇസ്രായേൽ സുരക്ഷാ മേധാവികളുടെ യോഗം വിളിച്ചുചേർത്ത പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, വെടിനിർത്തൽ കരാറിന്‍റെ വിശദാംശങ്ങൾ വിലയിരുത്തി. ഖത്തറിലുള്ള മൊസാദ് മേധാവി ഡേവിഡ് ബെർണിയയുമായി പ്രധാനമന്ത്രി നെതന്യാഹു, വീഡിയോ കോളിൽ ചർച്ചയുടെ പുരോഗതിയും വിലയിരുത്തി.
42നാളുകൾ വീതം നീണ്ടുനിൽക്കുന്ന മൂന്ന് ഘട്ടങ്ങളുള്ള വെടിനിർത്തൽ കരാറിലൂടെ ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കും. സൈനിക പിൻമാറ്റവും നൂറിലേറെ വരുന്ന ബന്ദികളുടെ മോചനവും നടക്കും. ഗസ്സയുടെ പുനർനിർമാണവും പുറന്തള്ളിയ ഫലസ്തീനികളുടെ തിരിച്ചുവരവും കരാറിൽ ഇടം പിടിച്ചതായാണ് വിവരം. മോചിതരാകുന്ന ബന്ദികളെ സ്വീകരിക്കാനും ഫലസ്തീന്‍ തടവുകാരുടെ മോചനത്തിനും ഇസ്രായേൽ നടപടിക്രമങ്ങൾ ആരംഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം ബെൻ ഗവിർ, യോയൽ സ്മോട്രിച്ച് എന്നീ മന്ത്രിമാർ കരാറിൽ ഒപ്പുവെക്കരുതെന്ന നിലപാടിലാണ്. എന്നാല്‍, രാജ്യത്തിന്‍റെ വിശാല താൽപര്യങ്ങൾ എല്ലാവരും മാനിക്കണമെന്ന് നെതന്യാഹുവിന്‍റെ ഓഫീസ് പ്രതികരിച്ചു. ഈ മാസം 20ന് ഡൊണാൾഡ് ട്രംപ് അധികാരമേൽക്കും മുമ്പ് കരാർ യാഥാർഥ്യമാകുമെന്ന് യുഎസ് നേതൃത്വം വ്യക്തമാക്കി. ഇതിനിടെ ഗസ്സയിൽ, ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 61 പേർ കൂടി കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ വ്യോമസേന ബോംബിട്ട് ആറ് ഫലസ്തീനികളെ കൊലപ്പെടുത്തി.
Adjust Story Font
16