'വിട്ടുപോകില്ലൊരിക്കലും'; തുർക്കിയിൽ രക്ഷകനെ പിരിയാൻ വിസമ്മതിച്ച് പൂച്ച, ഒടുവില്‍ ദത്തെടുത്തു
യുക്രൈൻ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് ആന്റൺ ഗെരാഷ്ചെങ്കോയാണ് രക്ഷനെ വിട്ടുപോകാത്ത പൂച്ചയുടെ വാർത്ത സോഷ്യൽ മീഡിയയിൽ ആദ്യം പങ്കുവെച്ചത്
അങ്കാറ: തുർക്കിയിലും സിറിയയിലും പതിനായിരക്കണക്കിന് പേരുടെ ജീവനാണ് ഭൂകമ്പം അപഹരിച്ചത്. വേദനയുടെയും കണ്ണീരിന്റെയും ഇടയിൽ അപൂർവ സ്‌നേഹ ബന്ധത്തിന്റെ കഥയാണ് തുർക്കിയിൽ നിന്നും പുറത്ത് വരുന്നത്. ഭൂകമ്പാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തിയയാളെ വിട്ടുപോകാൻ വിസമ്മതിക്കുകയാണ് ഒരു പൂച്ച. ഒടുവിൽ ആ പൂച്ചയെ രക്ഷപ്പെടുത്തിയ വ്യക്തി ദത്തെടുക്കുകയും ചെയ്തു.
യുക്രൈൻ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് ആന്റൺ ഗെരാഷ്ചെങ്കോയാണ് രക്ഷനെ വിട്ടുപോകാത്ത പൂച്ചയുടെ വാർത്ത സോഷ്യൽ മീഡിയയിൽ ആദ്യം പങ്കുവെച്ചത്. മാർഡിൻ ഫയർ ഡിപ്പാർട്ട്മെന്റിലെ അംഗമായ അലി കാക്കസ് എന്നയാളാണ് പൂച്ചയെ രക്ഷിച്ചത്. 'അവശിഷ്ടം' എന്നർഥമുള്ള 'എൻകസ്' എന്ന് പേരിട്ടിരിക്കുന്ന പൂച്ച രക്ഷാപ്രവർത്തകന്റെ തോളിൽ ഇരിക്കുന്നതും കളിക്കുന്നതുമെല്ലാമടങ്ങിയ വീഡിയോയും അദ്ദേഹം ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു.
പൂച്ചയെ ദത്തെടുത്ത വാർത്തയും അദ്ദേഹം തന്നെയാണ് ലോകത്തെ അറിയിച്ചത്. തുർക്കിയിലെ അവശിഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെട്ട പൂച്ചയെ കുറിച്ച് ഞാൻ ഇന്നലെ പോസ്റ്റ് ചെയ്തിരുന്നു. അതിൽ പുതിയ അപ്‌ഡേറ്റുണ്ട്. അദ്ദേഹം പൂച്ചയെ ദത്തെടുത്തിരിക്കുന്നു..' അദ്ദേഹം ട്വീറ്റ് ചെയ്തു. നിമിഷ നേരം കൊണ്ടാണ് ആ ട്വീറ്റ് വൈറലായയത്. ഇതിനോടകം തന്നെ പോസ്റ്റ് അഞ്ച് ദശലക്ഷത്തിലധികം പേർ കാണുകയും 1.7 ലക്ഷം ലൈക്കുകളും നേടി.
'ഇതൊരു മനോഹരമായ കഥയാണ്. ദൈവം രണ്ടുപേരെയും അനുഗ്രഹിക്കട്ടെ!'.. ഒരാൾ കമന്റ് ചെയ്തു. ദുരന്ത വാർത്തകൾക്കിടയിൽ നിന്ന് മനസിന് ആശ്വാസം നൽകുന്ന ഒരു വാർത്തയാണിതെന്ന് മറ്റൊരാളും കമന്റ് ചെയ്തു. അയാളുടെ നല്ല മനസിനെ അഭിനന്ദിച്ച് ഏറെ പേരാണ് എത്തിയത്.
ഫെബ്രുവരി ആറിനാണ് തെക്കുകിഴക്കൻ തുർക്കിയിലും സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലും ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തിൽ തുർക്കിയിലും സിറിയയിലും 41,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
Adjust Story Font
16