സ്മാർട്ട്‌ഫോണിനു പകരം അരി, സിഗരറ്റിനു പകരം കാബേജ്; ബാർട്ടർ സമ്പ്രദായത്തിലേക്ക് 'മടങ്ങി' ചൈനീസ് നഗരം
വിഡിയോ ഗെയിം ഉപകരണങ്ങൾ നൽകി ഒരു പാക്ക് നൂഡിൽസും സാനിറ്ററി പാഡുകൾക്കു പകരം പച്ചക്കറികളുമെല്ലാം സ്വന്തമാക്കിയവരുണ്ട് ഷിയാനില്‍
ചൈനയിൽ കോവിഡിന്റെ തിരിച്ചുവരവ് ഏറ്റവും കൂടുതൽ പിടിച്ചുകുലുക്കിയ നഗരങ്ങളിലൊന്നാണ് ഷിയാൻ. കോവിഡ് വ്യാപനം തടയാനായി ലോക്ഡൗൺ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങളാണ് ഇവിടെ ഭരണകൂടം ഏർപ്പെടുത്തിയത്. ഇതോടെ, കടുത്ത ഭക്ഷ്യക്ഷാമമാണ് നാട്ടുകാർ നേരിടുന്നത്. ഇതുമൂലം നൂറ്റാണ്ടുകൾ പഴക്കമുള്ള ബാർട്ടർ സമ്പ്രദായത്തെ ആശ്രയിക്കുകയാണ് ഷിയാനുകാരെന്നാണ് കൗതുകകരമായ വാർത്ത.
മൊബൈൽ അടക്കമുള്ള ഇലക്ട്രോണിക്‌സ് വരെ നൽകിയാണ് പലരും ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നത്. അയൽവാസികളും ഒരേ ഫ്‌ളാറ്റുകളിൽ കഴിയുന്നവരും തമ്മിലാണ് പുതിയ 'ബാർട്ടർ' ഇടപാടുകൾ നടക്കുന്നത്. ചിലർ സ്വന്തം സ്മാർട്ട്‌ഫോൺ നൽകിയാണ് ഒരു നേരത്തെ ഭക്ഷണത്തിന് ആവശ്യമായ അരി കണ്ടെത്തുന്നത്. വിഡിയോ ഗെയിം ഉപകരണങ്ങൾ നൽകി ഒരു പാക്ക് നൂഡിൽസും ബണ്ണും സിഗരറ്റ് നൽകി കാബേജുമെല്ലാം സ്വന്തമാക്കിയവരുണ്ട്. ഡിറ്റർജന്റുകൾക്കു പകരം ആപ്പിൾ വാങ്ങിയവർ മുതൽ സാനിറ്ററി പാഡുകൾ നൽകി പച്ചക്കറികൾ സ്വന്തമാക്കിയവർ വരെ ഇക്കൂട്ടത്തിലുണ്ട്. ചെവിയിൽ തോണ്ടാനുള്ള ബഡ്‌സ് വരെ വിറ്റ് തക്കാളി വാങ്ങിയവരും കുറവല്ല.
കടുത്ത കോവിഡ് നിയന്ത്രങ്ങളെത്തുടർന്നുള്ള ഭക്ഷ്യക്ഷാമത്തെക്കുറിച്ചുള്ള പരാതിയുമായി നിരവധിപേർ സമൂഹമാധ്യമമായ വൈബോയിൽ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബാർട്ടർ ഇടപാടുകൾ ആരംഭിച്ചതിനെക്കുറിച്ചും വെളിപ്പെടുത്തലുണ്ടായത്. തമാശയായും കാര്യത്തിലുമെല്ലാം ബാർട്ടർ ഇടപാടുകളുടെ ചിത്രങ്ങൾ പങ്കിടുന്നവരുണ്ട്. പ്രാകൃത സമൂഹത്തിന്റെ തിരിച്ചുവരവായി ഇതിനെ വിശേഷിപ്പിച്ചവർ വരെയുണ്ട്. എന്നാൽ, ഒരു വിഭാഗം ഇതിനെ നല്ല മനസോടെയും സ്വീകരിച്ചു. സ്വന്തം അയൽപക്കങ്ങളിലുള്ളവരുടെ സഹാനുഭൂതിയെക്കുറിച്ചും കാരുണ്യത്തെക്കുറിച്ചുമെല്ലാമാണ് ഇവർ വാചാലരാകുന്നത്.
കഴിഞ്ഞ ഡിസംബർ 23നാണ് ഷിയാനിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഒരുകോടിയിലേറെപ്പേരാണ് ഇതുമൂലം ആഴ്ചകളായി വീടുകളിൽനിന്ന് പുറത്തിറങ്ങാനാവാതെ കഴിയുന്നത്. ലോക്ക്ഡൗണിനു പിന്നാലെ ഭരണകൂടം ഓരോ വീട്ടിലും സൗജന്യമായി ഭക്ഷ്യസാധനങ്ങളെത്തിക്കുന്നുണ്ട്. എന്നാൽ, ഇതെല്ലാം അപര്യാപ്തമാണെന്നാണ് ജനങ്ങളുടെ പരാതി. പലർക്കും സർക്കാർ സഹായം ലഭിച്ചില്ലെന്നും കുറ്റപ്പെടുത്തലുണ്ട്.
ഷിയാനിയിലെ ചില മേഖലകളിൽ വീടുകളിൽനിന്ന് ആളുകളെ പൂർണമായും ഒഴിപ്പിച്ച് ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും വാർത്തകളുണ്ടായിരുന്നു. ഹൃദയാഘാതത്തെതുടർന്ന് ആശുപത്രി ചികിത്സ നിഷേധിക്കപ്പെട്ട് പിതാവിനെ നഷ്ടപ്പെട്ട യുവാവിന്റെ കുറിപ്പ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നഗരത്തിലെ കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി രോഗിയെ ചികിത്സിക്കാൻ ആശുപത്രി തയാറായില്ലെന്നാണ് പരാതി.
Summary: Residents under quarantine in the Chinese city of Xi'an have resorted to bartering supplies, as worries of food shortages continue
Adjust Story Font
16