Quantcast

'ഇറാന്റെയും ഹിസ്ബുല്ലയുടെയും തിരിച്ചടി ഏത് സമയത്തുംവരാം': ഇസ്രായേലി മാധ്യമങ്ങൾ

യുദ്ധത്തിലേക്ക് തന്നെ എത്തിയേക്കാമെന്നും രാജ്യത്തെ ഏത് സ്ഥലവും ലക്ഷ്യമിടാമെന്നുമാണ് ഇസ്രായേല്‍ കണക്കുകൂട്ടുന്നത്.

MediaOne Logo

Web Desk

  • Updated:

    2024-08-05 05:33:43.0

Published:

5 Aug 2024 5:03 AM GMT

Benjamin Netanyahu
X

ടെല്‍അവീവ്: ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ ഇറാനില്‍ നിന്നും ഹിസ്ബുല്ലയില്‍ നിന്നും തിരിച്ചടി പ്രതീക്ഷിച്ച് ഇസ്രായേല്‍. ഞായറാഴ്ച പുറത്തിറങ്ങിയ ഇസ്രായേലി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

ഇസ്രായേലിനെതിരെ ഹിസ്ബുല്ലയുടെയും ഇറാന്റെയും സംയുക്തമോ ഒറ്റക്കുള്ളതോ ആയ ആക്രമണം ഏത് സമയത്തുംവരാമെന്നും ഇതുസംബന്ധിച്ച് അമേരിക്കയുമായി കൂടിയാലോചനകള്‍ നടത്തിയെന്നും ഇസ്രായേലി പത്രമായ യെദിയോത്ത് അഹ്രോനോത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്ന്, എപ്പോൾ, എവിടെവെച്ചാകും തിരിച്ചടി കിട്ടുക എന്ന കാര്യത്തിലാണ് ഇസ്രായേലിന് ആശങ്ക. ഇറാന്റെ തിരിച്ചടിയോട് എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ചുള്ള ചർച്ചകളും കാര്യമായി നടക്കുന്നുണ്ടെന്നാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്.

എല്ലാവിധ സാഹചര്യങ്ങൾക്കും തയ്യാറെടുക്കാൻ ഇസ്രായേലി മന്ത്രാലയങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. യുദ്ധത്തിലേക്ക് തന്നെ എത്തിയേക്കാമെന്നും രാജ്യത്തെ ഏത് സ്ഥലവും ലക്ഷ്യമിടാമെന്നുമാണ് ഇസ്രായേല്‍ കണക്കുകൂട്ടുന്നത്. കേവലം സൈനിക ലക്ഷ്യങ്ങളിൽ മാത്രം ഒതുങ്ങാതെ ഇസ്രയേലിനെതിരെ ഒരു വലിയ ആക്രമണത്തിന് ഹിസ്ബുള്ള തയ്യാറെടുക്കുകയാണെന്ന വികാരവും ഇസ്രായേൽ ഉദ്യോഗസ്ഥർ പങ്കുവെക്കുന്നതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സമാനമായ അഭിപ്രായങ്ങളാണ് മറ്റു ഇസ്രായേലി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്‌കിയാന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ടെഹ്‌റാനിലെത്തിയ ഹനിയ്യ ജൂലൈ 31നാണ് കൊല്ലപ്പെടുന്നത്. പിന്നില്‍ ഇസ്രയേലാണെന്ന് ഹമാസും ഇറാനും ആരോപിക്കുന്നത്. എന്നാല്‍ ഇസ്രായേല്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ബെയ്‌റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശത്ത് നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന ഹിസ്ബുല്ല കമാൻഡർ ഫൗദ് ഷുക്കൂറിനെ ഇസ്രായേൽ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഹനിയ്യക്ക് നേരെയുള്ള ആക്രമണവും.

ഹമാസ് സൈനിക മേധാവി മുഹമ്മദ് ദൈഫിനെയും വധിച്ചെന്ന് ഇസ്രായേൽ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ വധത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാൻ ഉടൻ ആക്രമണം നടത്തുമെന്നാണ് പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഇറാൻ–ഇസ്രയേൽ സംഘർഷം യുദ്ധത്തിലെത്താനുള്ള സാധ്യതകൾ നിലനിൽക്കുന്നതിനാൽ പൗരൻമാരോട് ലബനൻ വിടാൻ യുഎസ് അടക്കമുള്ള രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി. ലഭ്യമായ യാത്രാമാർഗങ്ങൾ ഉപയോഗപ്പെടുത്തി എത്രയും വേഗം ലബനനിൽനിന്ന് മാറാനാണ് നിർദേശം.

TAGS :

Next Story