ഇസ്മായിൽ ഹനിയ്യയുടെ പേരമകൾ റുഅ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു
ഹമാസ് നേതാക്കളും മക്കളും എവിടെ എന്ന സയണിസ്റ്റുകളുടെ ചോദ്യങ്ങൾക്കിടെയാണ് റുഅയുടെ രക്തസാക്ഷിത്വം
ഗസ്സ: ബുറാഖ് സ്‌കൂളിൽ ഇസ്രായേൽ സേന നടത്തിയ നിഷ്ഠുരമായ ആക്രമണത്തിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ മേധാവി ഇസ്മായിൽ ഹനിയ്യയുടെ കൊച്ചുമകൾ റുഅ ഹനിയ്യ കൊല്ലപ്പെട്ടു. പരിക്കേറ്റവരെ പരിചരിക്കുന്നതിനിടെയാണ് റുഅയുടെ അന്ത്യം. ആക്രമണത്തില്‍ അമ്പതു പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
ഗസ്സ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്നു റുഅ. ഹമാസ് നേതാക്കളെയും മക്കളെയും ഗസ്സയിലെ യുദ്ധഭൂമിയിൽ കാണുന്നില്ലല്ലോ എന്ന ചോദ്യങ്ങൾ സയണിസ്റ്റുകൾ ഉന്നയിക്കുന്ന വേളയിലാണ് റുഅയുടെ രക്തസാക്ഷിത്വം.
ഇതേക്കുറിച്ച് കുവൈത്ത് ഇൻഫ്‌ളുവൻസറായ സാറ ദരീസ് കുറിച്ചതിങ്ങനെ;
'എവിടെയാണ് ഹമാസ് നേതാക്കളുടെ മക്കൾ? ഫലസ്തീനികൾ കൊല്ലപ്പെടുമ്പോൾ അവർ എന്തു കൊണ്ടാണ് ഹോട്ടലുകളിൽ കഴിയുന്നത്? ഇന്നിതാ, ഹമാസ് രാഷ്ട്രീയ കാര്യമേധാവി ഇസ്മായിൽ ഹനിയ്യയുടെ കൊച്ചുമകൾ റുഅ ഹമ്മാം ഇസ്മായിൽ ഹനിയ്യ മദ്‌സറത്തുൽ ബുറാഖിൽ ഇസ്രായേൽ നടത്തിയ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു. ഭാവിയെ കുറിച്ചുള്ള സ്വപ്‌നങ്ങളും അഭിനിവേശവും ഉള്ള മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു അവള്‍. സമർപ്പണത്തിന്റെ ഏറ്റവും ഉന്നതമായ അർത്ഥതലങ്ങളുള്ള പോരാട്ടമാണ് പ്രതിരോധം. അത് ഭീകരപ്രവർത്തനമല്ല. സ്വന്തം ഭൂമിക്കും ശരീരത്തിനും വേണ്ടിയുള്ള പോരാട്ടമാണത്.'
ഒരു വർഷം മുമ്പാണ് റുഅ ഖുർആൻ പഠനം (ഹിഫ്‌സ്) പൂർത്തിയാക്കിയത്. ഇസ്മായിൽ ഹനിയ്യ ഉൾപ്പെടെയുള്ള നേതാക്കൾക്ക് മുമ്പിൽ ഇവർ ഖുർആൻ ഉദ്ധരിച്ച് സംസാരിക്കുന്ന വീഡിയോ അൽ ജസീറ ചാനൽ നേരത്തെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. നിരവധി പണ്ഡിതർ പങ്കെടുത്ത സദസ്സിലായിരുന്നു റുഅയുടെ സംസാരം.
നിലവിലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന 15-ാമത്തെ ഹനിയ്യ കുടുംബാംഗമാണ് റുഅ. ഒക്ടോബർ 17ന് ഹനിയ്യയുടെ കുടുംബവീട്ടിൽ നടത്തിയ ആക്രമണത്തിൽ സഹോദരൻ അടക്കം 14 ബന്ധുക്കൾ കൊല്ലപ്പെട്ടതായി ഇസ്രായേൽ പത്രമായ ഹാരറ്റ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 11000 ലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 4500 പേർ കുട്ടികളും സ്ത്രീകളുമാണ്. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൽ 1400 പേരാണ് മരിച്ചിരുന്നത്. ഇരുനൂറിലേറെ പേർ ബന്ദികളാണ്.
Adjust Story Font
16