Quantcast

ബഗ്ദാദിലെ യുഎസ് സൈനിക താവളം ലക്ഷ്യമിട്ട് കത്യുഷ റോക്കറ്റുകൾ; നയതന്ത്ര സമുച്ചയത്തിനുനേരെയും ആക്രമണം

കഴിഞ്ഞ ദിവസം തെൽഅവീവും ഐലാത്തും ലക്ഷ്യമിട്ട് ഇറാഖിൽനിന്ന് മിസൈലുകൾ എത്തിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-10-01 07:14:22.0

Published:

1 Oct 2024 7:13 AM GMT

Rocket attacks target military base hosting US forces near Baghdad airport, Hezbollah, Israel Hezbollah war, Lebanon, Israel attack,
X

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ യുഎസ് സൈനിക താവളത്തിനുനേരെ വ്യോമാക്രമണം. ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു പരിസരത്തുള്ള വിക്ടറി താവളത്തിനുനേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. നിരവധി റോക്കറ്റുകൾ സ്ഥലത്ത് പതിച്ചെന്ന് ഇറാഖി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ 'റോയിട്ടേഴ്‌സ്' റിപ്പോർട്ട് ചെയ്തു. അതേസമയം, വാർത്ത ഒരു യുഎസ് വൃത്തം നിഷേധിച്ചു.

കതുഷ്യ റോക്കറ്റുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ചുരുങ്ങിയത് മൂന്ന് റോക്കറ്റുകളെങ്കിലും കേന്ദ്രം ലക്ഷ്യമാക്കി എത്തിയെന്നാണ് രണ്ട് ഇറാഖി സൈനിക വൃത്തങ്ങൾ വെളിപ്പെടുത്തിയത്. ഇതിൽ ഒന്ന് പതിച്ചത് ഇറാഖി ഭീകര വിരുദ്ധ സേന കാര്യാലയം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനു തൊട്ടടുത്തായിരുന്നു. ആക്രമണത്തിൽ കെട്ടിടത്തിനു കേടുപാടുകൾ സംഭവിച്ചു. ഏതാനും വാഹനങ്ങൾ കത്തിനശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ആളപായമുണ്ടായില്ലെന്നാണ് സൈനികവൃത്തങ്ങൾ പറയുന്നത്.

ഇറാഖിലെ യുഎസ് സൈനിക താവളം ലക്ഷ്യമിട്ടാണ് മറ്റു രണ്ട് റോക്കറ്റുകൾ എത്തിയത്. ഇത് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ നിർവീര്യമാക്കിയതായും റിപ്പോർട്ടുണ്ട്. എന്നാൽ, സൈന്യത്തെ ലക്ഷ്യമിട്ട് ഒരു ആക്രമണവും നടന്നിട്ടില്ലെന്നാണ് ഒരു യുഎസ് പ്രതിരോധ വൃത്തം റോയിട്ടേഴ്‌സിനോട് പ്രതികരിച്ചത്.

അതേസമയം, ഇറാഖിലെ തങ്ങളുടെ വിദേശ കാര്യാലയത്തിനുനേരെ ആക്രമണം നടന്നതായി അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ട്. ബഗ്ദാദ് ഡിപ്ലോമാറ്റിക് സപ്പോർട്ട് കോംപ്ലക്‌സിനു നേരെയാണ് ആക്രമണം നടന്നത്. കൂടുതൽ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയം നൽകുമെന്നും യുഎസ് വൃത്തം അറിയിച്ചു.

ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങൾ അമേരിക്ക ശേഖരിക്കുകയാണെന്നാണു വിവരം. സംഭവത്തിൽ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടോ എന്നു വിലയിരുത്തിവരികയാണ്. ആക്രമണത്തിൽ പരിക്കുകളോ ആളപായമോ ഒന്നും സംഭവിച്ചില്ലെന്നാണ് യുഎസ് വൃത്തങ്ങൾ നൽകുന്ന വിവരം. അതേസമയം, ആക്രമണത്തിനു പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമല്ല.

2003ലെ ഇറാഖി അധിനിവേശത്തോടെയാണ് യുഎസ് ഇവിടെ വിപുലമായ സൈനിക താവളം ആരംഭിക്കുന്നത്. എർബിലിലും അൽഅൻബാറിലുമായി രണ്ട് പ്രധാന വ്യോമതാവളങ്ങളും 500ലേറെ സൈനിക താവളങ്ങളുമാണ് ഇറാഖിൽ അമേരിക്കയ്ക്കുണ്ടായിരുന്നത്. ഇതിൽ വ്യോമതാവളങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. തുടക്കത്തിൽ 1,70,000ത്തോളം സൈനികർ ഇവിടങ്ങളിലുണ്ടായിരുന്നതായാണു വിവരം. 2011ൽ യുഎസ് ഇറാഖിൽനിന്ന് പിന്മാറിയതോടെ നിരവധി ക്യാംപുകൾ അടച്ചുപൂട്ടുകയും സൈനികരെ പിൻവലിക്കുകയും ചെയ്തിരുന്നു. എന്നാൽ, വിവിധ ക്യാംപുകളിലായി 2,500ലേറെ യുഎസ് സൈനികർ ഇപ്പോഴും ഇറാഖിലുണ്ട്. അയൽരാജ്യമായ സിറിയയിൽ 900 സൈനികരും സേവനത്തിലുണ്ട്. ഐഎസിനെതിരായ പോരാട്ടത്തിനായി 2014ൽ രൂപീകരിച്ച സഖ്യത്തിന്റെ ഭാഗമായാണ് സൈന്യം ഇപ്പോഴും ഇരുരാജ്യങ്ങളിലും തുടരുന്നത്.

ഇറാഖി സൈന്യത്തെ പൂർണമായും പിൻവലിക്കണമെന്ന് ഇറാഖിലെ സായുധ സംഘങ്ങൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഒരു വർഷത്തിനകം സഖ്യത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുമെന്നാണ് അമേരിക്കയും ഇറാഖും അടുത്തിടെ പ്രഖ്യാപിച്ചത്. എന്നാൽ, സൈനികരെ പൂർണമായി പിൻവലിക്കുമോ എന്ന കാര്യം ഇതുവരെ യുഎസ് വ്യക്തമാക്കിയിട്ടില്ല.

ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിനു പിന്നാലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് നിരവധി തവണ വ്യോമാക്രമണം നടന്നിരുന്നു. പടിഞ്ഞാറൻ ഇറാഖിലെ ഐനുൽ അസദ് താവളത്തിനുനേരെ കഴിഞ്ഞ ആഗസ്റ്റിലുണ്ടായ റോക്കറ്റ് ആക്രമണത്തിൽ ഏഴ് യുഎസ് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇറാഖി സായുധ സംഘങ്ങളാണ് ആക്രമണം നടത്തിയത്.

ലബനാനിൽ കൂടി ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ തെൽഅവീവ് ലക്ഷ്യമിട്ടും കഴിഞ്ഞ ദിവസം ഇറാഖി സംഘം വ്യോമാക്രമണം നടത്തിയിരുന്നു. ചെങ്കടൽ വഴിയാണ് ആക്രമണമുണ്ടായത്. ഇറാഖിൽനിന്നെത്തിയ മിസൈലുകൾ തെക്കൻ ഇസ്രായേലിലെ തുറമുഖ നഗരമായ ഐലാത്തിലും പതിച്ചെന്ന് 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്തിരുന്നു. ആക്രമണത്തിൽ നാശനഷ്ടങ്ങളുണ്ടായെന്നും രണ്ടുപേർക്ക് പരിക്കേറ്റതായും സ്ഥിരീകരണമുണ്ടായിരുന്നു.

നഗരം ലക്ഷ്യമാക്കി മിസൈലുകളും ഡ്രോണുകളും എത്തിയതായാണു വിവരം. അൽഅർഖാബ് ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഐലാത്ത് നഗരത്തിൽ സ്ഫോടക വസ്തുക്കൾ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ചരക്കുകൾ സൂക്ഷിക്കുന്ന ഒരു ഗോഡൗൺ ആക്രമണത്തിൽ തകർന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാഖി സാധുയ സംഘമായ 'ഇസ്ലാമിക് റെസിസ്റ്റൻസ്' ഏറ്റെടുത്തിരുന്നു. തെക്കൻ ഇസ്രായേലിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് സംഘം പ്രതികരിച്ചത്.

Summary: Rocket attacks target military base hosting US forces near Baghdad airport

TAGS :

Next Story