Quantcast

ഇറാഖിലെ അമേരിക്കൻ വ്യോമതാവളത്തിനു നേരെ റോക്കറ്റാക്രമണം

ആക്രമണത്തിനു പിന്നിൽ ഇറാൻ പിന്തുണയുള്ള സംഘങ്ങളാണെന്നു സൂചന

MediaOne Logo

Web Desk

  • Published:

    31 May 2022 7:06 AM GMT

ഇറാഖിലെ അമേരിക്കൻ വ്യോമതാവളത്തിനു നേരെ റോക്കറ്റാക്രമണം
X

ബഗ്ദാദ്: ഇറാഖിൽ യു.എസ് സൈനികരും പരിശീലകരും താമസിക്കുന്ന അയ്ൻ അൽ അസദ് എയർബേസിനു നേരെ റോക്കറ്റാക്രമണം. തിങ്കളാഴ്ച രാത്രിയാണ് അഞ്ച് റഷ്യൻ നിർമിത 'കത്യുഷ' റോക്കറ്റുകൾ വ്യോമതാവളത്തിന്റെ തൊട്ടരികിൽ പതിച്ചത്. ആളപായമില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

(Rocket attack targets airbase in Iraq housing US troops)

തലസ്ഥാനമായ ബഗ്ദാദിൽ നിന്ന് 160 കിലോമീറ്റർ അകലെയാണ് യു.എസ് സൈനികർ തമ്പടിച്ചിരിക്കുന്ന താവളം. ഇറാഖിൽ ഏറ്റവുമധികം യു.എസ് സൈനികർ താമസിക്കുന്ന കേന്ദ്രമാണിത്. ഇറാഖിൽ ശക്തമാകുന്ന യു.എസ് വിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണ് റോക്കറ്റാക്രമണം എന്നാണ് കരുതുന്നത്.

രാത്രി പത്തു മണിമുതൽ 11.20 വരെയാണ് വ്യോമതാവളത്തിനു നേരെ ആക്രമണമുണ്ടായതെന്നും 19.5 കിലോമീറ്റർ അകലെയുള്ള അൽബു ഹയാത്തിൽ നിന്നാണ് റോക്കറ്റുകൾ പുറപ്പെട്ടതെന്നാണ് കരുതുന്നതെന്നും മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബി.ബി.സി പ്രതിനിധി നഫിസ കൊനവാർഡ് ട്വീറ്റ് ചെയ്തു.

ഇറാൻ പിന്തുണയുള്ള തീവ്രവാദ സംഘങ്ങളാണ് റോക്കറ്റാക്രമണത്തിനു പിന്നിലെന്നാണ് സൂചന. 2020-ൽ അമേരിക്കൻ വ്യോമാക്രമണത്തിൽ ഇറാൻ സൈനിക കമാൻഡർ ലഫ്. ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനു ശേഷം അമേരിക്കൻ കേന്ദ്രങ്ങൾക്കു നേരെ പലതവണ ആക്രമണമുണ്ടായിട്ടുണ്ട്.

അമേരിക്കയുടെ സഖ്യകക്ഷിയായ ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും വധശിക്ഷവരെ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കി ഇറാഖ് പാർലമെന്റ് കഴിഞ്ഞയാഴ്ച നിയമനിർമാണം നടത്തിയിരുന്നു. പാർലമെന്റിൽ സന്നിഹിതരായ 275 അംഗങ്ങളുടെയും പിന്തുണയോടെ എതിരില്ലാതെയാണ് പ്രമേയം പാസായത്. പ്രസിഡണ്ട് ബർഹം സ്വാലിഹ് ഒപ്പുവെച്ചാൽ നിയമം പ്രാബല്യത്തിൽ വരും. ഇറാഖി പൗരന്മാർക്കും ഭരണകൂട, സ്വതന്ത്ര്യ സ്ഥാപനങ്ങൾക്കും ഇറാഖിൽ ജോലിചെയ്യുന്ന വിദേശപൗരന്മാർക്കും ബാധകമാകുന്ന നിയമത്തിനെതിരെ അമേരിക്ക, ബ്രിട്ടൻ, കനഡ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങൾ രംഗത്തുവന്നിരുന്നു.

TAGS :

Next Story