ബലൂണ്‍ ആക്രമണം തുടര്‍ന്ന് ഉത്തര കൊറിയ; പ്രസിഡന്‍റിന്‍റെ ഓഫീസ് പരിസരത്തും മാലിന്യം നിറച്ച ബലൂണുകള്‍
ബലൂണുകൾ ശേഖരിക്കാൻ കെമിക്കൽ, ബയോളജിക്കൽ, റേഡിയോളജിക്കൽ വാർഫെയർ റെസ്‌പോൺസ് ടീമിനെ അയച്ചതായി പ്രസിഡൻഷ്യൽ സെക്യൂരിറ്റി സർവീസ് അറിയിച്ചു
സിയോള്‍: ദക്ഷിണ കൊറിയയെ ലക്ഷ്യമാക്കിയുള്ള ബലൂണ്‍ ആക്രമണങ്ങള്‍ ഉത്തര കൊറിയ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മാലിന്യം നിറച്ച ബലൂണുകള്‍ ദക്ഷിണ കൊറിയയുടെ തലസ്ഥാന നഗരമായ സിയോളിലെ പ്രസിഡൻഷ്യൽ കോമ്പൗണ്ടിൽ പതിച്ചതായി അധികൃതർ അറിയിച്ചു. ഇതാദ്യമായിട്ടാണ് പ്യോങ്‌യാങ് വിക്ഷേപിച്ച ബലൂണുകൾ ദക്ഷിണ കൊറിയൻ നേതാവിൻ്റെ ഓഫീസിൽ പതിക്കുന്നത്. ബലൂണുകൾ ശേഖരിക്കാൻ കെമിക്കൽ, ബയോളജിക്കൽ, റേഡിയോളജിക്കൽ വാർഫെയർ റെസ്‌പോൺസ് ടീമിനെ അയച്ചതായി പ്രസിഡൻഷ്യൽ സെക്യൂരിറ്റി സർവീസ് അറിയിച്ചു.
2022 മുതൽ ദക്ഷിണ കൊറിയയിലെ പ്രസിഡൻഷ്യൽ ഓഫീസ് സിയോളിലെ സെൻട്രൽ ഡിസ്ട്രിക്റ്റായ യോങ്‌സാനിലാണ് സ്ഥിതി ചെയ്യുന്നത്. കണ്ടെത്തിയ ബലൂണുകള്‍ മലിനീകരണമോ അപകടമോ ഉണ്ടാക്കുന്നതല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ട്രാഷ് ബലൂണുകള്‍ ആകാശത്ത് കണ്ടെങ്കിലും അവയില്‍ നിന്നുള്ള മാലിന്യം കൂടുതല്‍ വ്യാപിച്ചേക്കുമെന്ന് ഭയന്ന് സൈന്യം വെടിവച്ചില്ലെന്ന് പ്രാദേശിക വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം നടക്കുമ്പോള്‍ പ്രസിഡന്‍റ് യൂൻ സുക് യോൾ ആ സമയത്ത് ഓഫീസിലുണ്ടായിരുന്നോ എന്ന് വെളിപ്പെടുത്താൻ സുരക്ഷാ വിഭാഗം വിസമ്മതിച്ചു. ബുധനാഴ്ച ഔദ്യോഗിക ഷെഡ്യൂൾ ഇല്ലെന്ന് യൂണിൻ്റെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു.
സിയോളിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും ഉത്തര കൊറിയ ബലൂണുകള്‍ അയച്ചിട്ടുണ്ട്. ബലൂണുകളില്‍ സ്പര്‍ശിക്കരുതെന്നും ശ്രദ്ധയില്‍ പെട്ടാല്‍ അടുത്തുള്ള സൈനിക യൂണിറ്റിലോ പൊലീസ് സ്റ്റേഷനിലോ റിപ്പോർട്ട് ചെയ്യാനും ഉദ്യോഗസ്ഥർ താമസക്കാരോട് പറഞ്ഞു.പടിഞ്ഞാറ് നിന്ന് കാറ്റ് വീശുന്നതോടെ തെക്ക് ലക്ഷ്യമാക്കിയുള്ള ബലൂണുകൾ തലസ്ഥാന നഗരം സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയായ വടക്കൻ ജിയോങ്ഗി പ്രവിശ്യയിൽ പതിക്കാൻ സാധ്യതയുണ്ടെന്ന് ദക്ഷിണ കൊറിയയുടെ ജോയിൻ്റ് ചീഫ് ഓഫ് സ്റ്റാഫ് റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി. ബുധനാഴ്ച രാവിലെയോടെയാണ് ഉത്തരകൊറിയ പറത്തിവിട്ട ബലൂണുകള്‍ അതിര്‍ത്തി കടന്ന് സിയോളിലേക്ക് കടന്നത്.
പ്രസിഡൻഷ്യൽ ഓഫീസ് പോലുള്ള സുപ്രധാനമായ കേന്ദ്രങ്ങളില്‍ ബോധപൂര്‍വം ബലൂണുകളോ ടൈമറോ മറ്റേതെങ്കിലും ഉപകരണമോ ഉപയോഗിച്ചാൽ ദക്ഷിണകൊറിയയുടെ പ്രതികരണം ശക്തമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കെ-പോപ്പ് ഗാനങ്ങളും ഉത്തര കൊറിയക്കെതിരായ പ്രചാരണ സന്ദേശങ്ങളും ദക്ഷിണ കൊറിയ അതിര്‍ത്തി പ്രദേശങ്ങളില്‍ സംപ്രേക്ഷണം ചെയ്യുന്നത് വർധിപ്പിച്ചതിനെതിരെ ദക്ഷിണകൊറിയ പ്രതികരിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവം. ഇതാദ്യമായല്ല ഉത്തര കൊറിയ ഇത്തരത്തില്‍ അയല്‍ രാജ്യത്തേക്ക് മാലിന്യം നിറച്ച ബലൂണുകള്‍ പറത്തി വിടുന്നത്. മേയ് അവസാനത്തിന് ശേഷം ഉത്തര കൊറിയ നടത്തുന്ന പത്താമത്തെ ആക്രമണമാണിത്. മേയില്‍ മനുഷ്യ വിസര്‍ജ്യമടക്കമുള്ള മാലിന്യങ്ങള്‍ വഹിച്ച രണ്ടായിരത്തിലധികം ബലൂണുകള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയതായി ദക്ഷിണ കൊറിയ വ്യക്തമാക്കിയിരുന്നു. ദക്ഷിണ കൊറിയയിലെ ഒമ്പത് പ്രവിശ്യകളിൽ എട്ടെണ്ണത്തിലും ഇത്തരത്തിലുള്ള ബലൂണുകള്‍ കണ്ടെത്തിയിരുന്നു. ചില ബലൂണുകള്‍ക്കുള്ളില്‍ ടോയ്‍ലറ്റ് പേപ്പറും കറുത്ത മണ്ണും ബാറ്ററികളുമടക്കമുള്ള മാലിന്യങ്ങള്‍ അടങ്ങിയിരുന്നു.
ദക്ഷിണ കൊറിയൻ പ്രവർത്തകർ ബലൂണുകൾ വഴി അതിർത്തിയിൽ രാഷ്‌ട്രീയ ലഘു ലേഖകൾ എത്തിക്കുന്നതിന് പകരമായാണ് തങ്ങള്‍ ബലൂണുകള്‍ അയക്കുന്നത് എന്നാണ് ഉത്തര കൊറിയയുടെ പ്രതികരണം. ഉത്തര കൊറിയ അയച്ച ബലൂണുകള്‍ കാരണം ജൂണില്‍ സിയോളിലെ വിമാനത്താവളം അടച്ചിടേണ്ടി വന്നിരുന്നു.
Adjust Story Font
16