Quantcast

'ക്രിപ്‌റ്റോ ക്വീനി'നെ കുറിച്ചു വിവരം നല്‍കിയാല്‍ 41 കോടി; എഫ്.ബി.ഐ തിരയുന്ന ആ 'നിഗൂഢ വനിത' ആരാണ്?

രുജാ ഇഗ്നാറ്റോവ കൊല്ലപ്പെട്ടെന്നും പ്ലാസ്റ്റിക് സര്‍ജറി നടത്തി കോലം മാറ്റി ലോകമെങ്ങും കറങ്ങിനടപ്പാണെന്നും ബള്‍ഗേറിയന്‍ അധോലോക സംഘത്തിന്റെ സംരക്ഷണത്തിലാണെന്നുമെല്ലാമുള്ള കഥകള്‍ പ്രചരിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-07-03 17:09:05.0

Published:

3 July 2024 12:37 PM GMT

Who is Ruja Ignatova, the missing cryptoqueen and the most wanted women in FBI list?, onecoin cryptocurrency scam
X

വാഷിങ്ടണ്‍: 35 ലക്ഷം മനുഷ്യരെ പറ്റിച്ച് നാല് ബില്യന്‍ യു.എസ് ഡോളറും തട്ടി ഒരു ദിവസമങ്ങ് അപ്രത്യക്ഷയായതാണ്. പിന്നീടൊരു വിവരവുമില്ല. കൊല്ലപ്പെട്ടെന്നും പ്ലാസ്റ്റിക് സര്‍ജറി നടത്തി കോലം മാറ്റി ലോകമെങ്ങും കറങ്ങിനടപ്പാണെന്നും കഥകളുണ്ട്. ബള്‍ഗേറിയന്‍ അധോലോക സംഘത്തിന്റെ സംരക്ഷണത്തിലാണെന്നുമുള്ള സംശയങ്ങളും മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്നു. അയാള്‍ക്ക് ഇപ്പോള്‍ യു.എസ് രഹസ്യാന്വേഷണ സംഘമായ എഫ്.ബി.ഐ ഇട്ട വില അഞ്ച് മില്യന്‍ ഡോളറാണ്. ഏകദേശം 41 കോടി രൂപ!

ക്രിപ്‌റ്റോക്വീന്‍ എന്ന് അറിയപ്പെടുന്ന രുജാ ഇഗ്നാറ്റോവയെ കുറിച്ചാണു പറഞ്ഞുവരുന്നത്. ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നിന്റെ മുഖ്യ സൂത്രധാരയാണ് ഈ ജര്‍മന്‍ യുവതി. വണ്‍കോയിന്‍ എന്ന പേരില്‍ വ്യാജ ക്രിപ്‌റ്റോകറന്‍സി ഉണ്ടാക്കി 4.5 ബില്യന്‍ യു.എസ് ഡോളര്‍(ഏകേദശം 37,590 കോടി രൂപ) നിക്ഷേപകരില്‍നിന്നു തട്ടിയാണ് രുജാ 2017ല്‍ ബള്‍ഗേറിയ വിട്ടത്. എഫ്.ബി.ഐയുടെ സുപ്രധാന പിടികിട്ടാപ്പുള്ളി പട്ടികയിലെ ആദ്യ പത്തുപേരില്‍ ഉള്‍പ്പെട്ട ഏക വനിതയാ രുജാ ഇഗ്നാറ്റോവ. ഇവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പ്രഖ്യാപിച്ചിരുന്ന പാരിതോഷികമാണിപ്പോള്‍ 20 ഇരട്ടിയായി എഫ്.ബി.ഐ വര്‍ധിപ്പിച്ചിരിക്കുന്നത്.

ടയര്‍ഷോപ്പില്‍നിന്ന് ഓക്‌സ്ഫഡിലേക്ക്

ബള്‍ഗേറിയയില്‍ ഒരു ടയര്‍ ഷോപ്പില്‍ തൊഴിലാളിയായിരുന്നു രുജാ ഇഗ്നാറ്റോവയുടെ അച്ഛന്‍ പ്ലാമെന്‍ ഇഗ്നാറ്റോവ. 1980 മേയ് 30ന് ബള്‍ഗേറിയയിലെ റൂസിലായിരുന്നു ജനനം. ദാരിദ്ര്യത്തില്‍ രക്ഷപ്പെടാനായി ഇഗ്നാറ്റോവയുടെ പത്താം വയസില്‍ പ്ലാമന്‍ കുടുംബത്തെ കൂട്ടി ജര്‍മനിയിലേക്കു കുടിയേറി.

ജര്‍മനിയിലെ ഉന്നതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണു പഠിച്ചതെന്നാണ് ഇഗ്നാറ്റോവ അവകാശപ്പെട്ടിട്ടുള്ളത്. ജര്‍മനിയുടെ ഹാര്‍വാഡ് എന്നു വിശേഷിപ്പിക്കപ്പെടാറുള്ള കോണ്‍സ്റ്റാന്‍സ് സര്‍വകലാശാലയില്‍ സ്‌കോളര്‍ഷിപ്പോടെയായിരുന്നു ബിരുദപഠനം. അന്ന് സര്‍വകലാശാലയുടെ മികച്ച വിദ്യാര്‍ഥികളിലൊരാളായിരുന്നുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓക്‌സ്ഫഡ് സര്‍വകലാശാലയിലായിരുന്നു ബിരുദാനന്തര ബിരുദ പഠനം. യൂറോപ്യന്‍ ലോയിലാണ് പി.ജി പൂര്‍ത്തിയാക്കിയത്. പിന്നീട് ഇന്റര്‍നാഷനല്‍ ലോയില്‍ കോണ്‍സ്റ്റാന്‍സില്‍നിന്നു തന്നെ പി.എച്ച്.ഡിയും നേടി. ബള്‍ഗേറിയനു പുറമെ ഇംഗ്ലീഷ്, ജര്‍മന്‍ ഭാഷകളും വശമുള്ള ഇവര്‍ പിന്നീട് മക്കിന്‍സി ഉള്‍പ്പെടെയുള്ള കമ്പനികളിലും ജോലി ചെയ്തു.

2012ല്‍ ഒരു സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് മാസങ്ങളോളം ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. അച്ഛന്‍ പ്ലാമന്‍ ഏറ്റെടുത്ത ഒരു കമ്പനി പാപ്പരായതുമായി ബന്ധപ്പെട്ടായിരുന്നു കേസ്. 2013ല്‍ ബിഗ്‌കോയിന്‍ എന്ന പേരില്‍ ഒരു മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് തട്ടിപ്പിനും കേസുണ്ടായിരുന്നു. പിന്നീട് 2014ലാണ് വണ്‍കോയിന്‍ എന്ന പേരില്‍ ക്രിപ്‌റ്റോകറന്‍സി നിക്ഷേപ പദ്ധതിക്കു തുടക്കമിടുന്നത്. ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയ ആസ്ഥാനമായുള്ള കമ്പനിക്ക് യു.എ.ഇയിലും രജിസ്‌ട്രേഷനുണ്ടായിരുന്നു. വന്‍ലാഭം വാഗ്ദാനം ചെയ്തായിരുന്നു പദ്ധതി. ക്രിപ്‌റ്റോകറന്‍സി ആളുകള്‍ പരിചയപ്പെട്ടു തുടങ്ങുന്ന അക്കാലത്ത് ബിറ്റ്‌കോയിന്‍ ആയിരുന്നു പ്രധാന എതിരാളി.


വമ്പന്‍ തട്ടിപ്പ് ചുരുളഴിഞ്ഞത്

എന്നാല്‍, ബിറ്റ്‌കോയിന്‍ പോലെ നിയമപരമായ ഡിജിറ്റല്‍ രേഖകളൊന്നുമില്ലാതെ നടത്തിയ നിക്ഷേപ തട്ടിപ്പാണ് വണ്‍കോയിനെന്ന് ആരോപണങ്ങളുയര്‍ന്നു. യു.എസ്, ജര്‍മന്‍, ബള്‍ഗേറിയന്‍ പൊലീസ് ഇതില്‍ അന്വേഷണം ആരംഭിക്കുകയും രുജാ ഇഗ്നാറ്റോവിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്കു നീങ്ങുകയും ചെയ്തു. വിവരമറിഞ്ഞ ഇഗ്നാറ്റോവ 2017 ഒക്ടോബര്‍ 25ന്റെ പ്രഭാതത്തില്‍ ഐറിഷ് വിമാനമായ റിയാന്‍എയറില്‍ സോഫിയയില്‍നിന്ന് ഗ്രീസിലെ ഏഥന്‍സിലേക്കു കടന്നു. ഇതിനുശേഷം ഇവരെ കുറിച്ച് എഫ്.ബി.ഐ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര അന്വേഷണ സംഘങ്ങള്‍ക്കൊന്നും ഒരു തുമ്പും കിട്ടിയിട്ടില്ല.

2022ലാണ് ഇഗ്നാറ്റോവയെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ എഫ്.ബി.ഐ ചേര്‍ക്കുന്നത്. ഇവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ നല്‍കുമെന്നും അന്ന് പ്രഖ്യാപിച്ചിരുന്നു. ഇതു പിന്നീട് 2,50,000 ഡോളര്‍ ആക്കി ഉയര്‍ത്തി. കഴിഞ്ഞ ദിവസം ഇത് 20 മടങ്ങായി ഉയര്‍ത്തി അഞ്ച് മില്യന്‍ ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് എഫ്.ബി.ഐ.

35 ലക്ഷത്തോളം പേര്‍ തട്ടിപ്പിനിരയായിയെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ബ്രസീല്‍ മുതല്‍ യമന്‍ വരെ വണ്‍കോയിനില്‍ നിക്ഷേപിച്ചവരുണ്ട്. 4.5 ബില്യന്‍ ഡോളറിന്റെ(ഏകദേശം 37,590 കോടി രൂപ) തട്ടിപ്പ് നടന്നെന്നാണ് എഫ്.ബി.ഐ കണക്കാക്കുന്നത്.

വണ്‍കോയിന്‍ തട്ടിപ്പില്‍ ഇഗ്നാറ്റോവയുടെ പങ്കാളിയായ സ്വീഡിഷ് പൗരന്‍ കാള്‍ ഗ്രീന്‍വുഡും ഒളിവില്‍ പോയിരുന്നെങ്കിലും 2018ല്‍ തായ്‌ലന്‍ഡില്‍നിന്നു പിടിയിലായി. തട്ടിപ്പില്‍നിന്ന് ഗ്രീന്‍വുഡിന് 30 കോടി ഡോളര്‍ ലഭിച്ചിരുന്നുവെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം. ഇതുമായി ലോകത്തിന്റെ പല ഭാഗങ്ങളിലും ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇയാള്‍. ഇതിനിടയിലാണ് തായ്‌ലന്‍ഡില്‍വച്ച് പിടിയാലാകുന്നത്. യു.എസിലെ മാന്‍ഹാട്ടന്‍ ജില്ലാ കോടതി 20 വര്‍ഷം തടവ് വിധിച്ചിരിക്കുകയാണ് ഗ്രീന്‍വുഡിന്.

എന്നാല്‍, 2017ല്‍ ഒളിവില്‍ പോയ ശേഷമുള്ള രുജാ ഇഗ്നാറ്റോവയുടെ ജീവിതം ദൂരൂഹമായി തുടരുകയാണ്. ബള്‍ഗേറിയന്‍ മയക്കുമരുന്ന് മാഫിയ സംഘം ഇവരെ വധിച്ചതായി കഴിഞ്ഞ മാസം ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ കോടികളുടെ ഫ്‌ളാറ്റുകളും നൗകകളും വാങ്ങി ആഡംബര ജീവിതം നയിക്കുകയാണെന്നും ബി.ബി.സി പുറത്തിറക്കിയ 'ദി മിസ്സിങ് ക്രിപ്‌റ്റോക്വീന്‍' എന്ന ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ രൂപമാറ്റം വരുത്തിയാണത്രെ 'ഒളിവുവാസം'. ബള്‍ഗേറിയയിലെ തന്നെ അധോലോക സംഘത്തിന്റെ സംരക്ഷണത്തിലാണിപ്പോള്‍ രുജാ ഇഗ്നാറ്റോവ കഴിയുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Summary: Who is Ruja Ignatova, the missing cryptoqueen and the most wanted women in FBI list?

TAGS :

Next Story