'ഈ കുരുതിക്ക് കൂട്ടുനിന്ന് നിങ്ങൾക്കെങ്ങനെ ആഘോഷിക്കാൻ തോന്നുന്നു'; വൈറ്റ് ഹൗസിന്റെ ദീപാവലി ക്ഷണം നിരസിച്ച് കനേഡിയൻ കവി രൂപി കൗർ
പത്തു ലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിഞ്ഞ മിൽക് ആന്റ് ഹണി എന്ന വിഖ്യാത പുസ്തകത്തിന്റെ രചയിതാവാണ് രൂപി കൗർ.
വാഷിങ്ടൺ: ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതിക്ക് കൂട്ടുനിൽക്കുന്ന അമേരിക്കൻ നിലപാടിൽ പ്രതിഷേധിച്ച് വൈറ്റ് ഹൗസിന്റെ ദീപാവലി ആഘോഷത്തിനുള്ള ക്ഷണം നിരസിച്ച് കനേഡിയൻ കവയിത്രി രൂപി കൗർ. നവംബർ എട്ടിന് വൈറ്റ്ഹൗസ് സംഘടിപ്പിക്കുന്ന വിരുന്നിനാണ് ഇന്ത്യൻ വംശജയായ രൂപി കൗറിന് ക്ഷണമുണ്ടായിരുന്നത്. സാധാരണക്കാരെ കൂട്ടശിക്ഷയ്ക്ക് വിധേയമാക്കുന്നതിനെ പിന്തുണയ്ക്കുന്ന ഭരണകൂടത്തിൽനിന്നുള്ള ക്ഷണം നിരാകരിക്കുകയാണെന്ന് എക്‌സിൽ (നേരത്തെ ട്വിറ്റർ) പങ്കുവച്ച കുറിപ്പിൽ അവർ പറഞ്ഞു. വംശഹത്യയെ ന്യായീകരിക്കുന്ന നിലപാടാണ് ബൈഡൻ ഭരണകൂടത്തിന്റേതെന്നും അവർ കുറ്റപ്പെടുത്തി. യുഎസ് വൈസ് പ്രസിഡണ്ട് കമലാ ഹാരിസ് ആതിഥേയയാകുന്ന വിരുന്നാണ് ഇവർ ബഹിഷ്‌കരിച്ചത്.
പത്തു ലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിഞ്ഞ മിൽക് ആന്റ് ഹണി എന്ന വിഖ്യാത പുസ്തകത്തിന്റെ രചയിതാവാണ് രൂപി കൗർ. ഇൻസ്റ്റഗ്രാമിൽ നാൽപ്പത് ലക്ഷത്തിലേറെ പേരാണ് രൂപിയെ പിന്തുടരുന്നത്. നെറ്റ്ഫ്‌ളിക്‌സിന്റെ നെവർ ഹാവ് ഐ എവർ സീരിസിലെ നടി റിച്ച മൂർജാനി, കണ്ടന്റ് ക്രിയേറ്റർ പായൽ എന്നിവരും ക്ഷണം നിരസിച്ചിട്ടുണ്ട്.
രൂപി കൗറിന്റെ കുറിപ്പ്
കുറച്ചു ദിസങ്ങൾക്ക് മുമ്പ്, 2023 നവംബർ എട്ടിന് വൈസ് പ്രസിഡണ്ട് (കമല ഹാരിസ്) ആതിഥേയത്വം വഹിക്കുന്ന ദീപാവലി ചടങ്ങിൽ പങ്കെടുക്കാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ ക്ഷണം ലഭിച്ചു. ഫലസ്തീനിൽ നിലവിൽ നടക്കുന്ന നിഷ്ഠുരതകളെ പിന്തുണയ്ക്കുന്ന വേളയിൽ തന്നെ ദീപാവലി ആഘോഷിക്കാനുള്ള ഭരണകൂട തീരുമാനം എന്നെ ആശ്ചര്യപ്പെടുത്തി. ദീപാവലി ആഘോഷം അവരുടെ നിലപാടിന്റെ നേരെ എതിരാശയം പ്രകാശിപ്പിക്കുന്നതാണ്.
ദക്ഷിണേഷ്യൻ പാരമ്പര്യമുള്ളവർ ലോകത്തുടനീളം ആഘോഷിച്ചുവരുന്നതാണ് ദീപാവലി. അജ്ഞതയ്ക്ക് മേൽ ജ്ഞാനത്തിന്റെയും തിന്മയ്ക്കു മേൽ നന്മയുടെയും ആഘോഷമാണ് ദീപാവലി. സിഖ് പാരമ്പര്യത്തിൽ, ദീപാവലി വേളയിൽ ഞങ്ങളുടെ ആറാമത്തെ ഗുരു, ഗുരു ഹർഗോബിന്ദ് സാഹിബ് ജി 52 രാഷ്ട്രീയത്തടവുകാരെ ജയിൽ മോചിതരാക്കി. അടിച്ചമർത്തലുകൾക്കെതിരെയുള്ള സ്വാതന്ത്ര്യത്തിന്റെ പോരാട്ടമായാണ് ഞാനീ ദിവസത്തെ കാണാറുള്ളത്.
ഇന്ന് അമേരിക്കൻ ഗവൺമെന്റ് ഗസ്സയിലെ ബോംബാക്രമണത്തിന് സാമ്പത്തിക സഹായം നൽകുക മാത്രമല്ല, ഫലസ്തീനികൾക്കെതിരെ നടക്കുന്ന വംശഹത്യയെ ന്യായീകരിക്കുകയും ചെയ്യുന്നു. എത്ര അഭയാർത്ഥി ക്യാമ്പുകളും ആരോഗ്യസംവിധാനങ്ങളും ആരാധനാലയങ്ങളും തകിടുപൊടിയാക്കി എന്നവർ പരിഗണിക്കുന്നേയില്ല. യുഎൻ, ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്, റെഡ് ക്രോസ്, നിരവധി രാജ്യങ്ങൾ എന്നിവർ ഉന്നയിച്ച വെടിനിർത്തൽ ആവശ്യത്തെ അവർ നിരാകരിക്കുന്നു. പതിനായിരത്തിലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു. അതിൽ 70 ശതമാനവും കുട്ടികളും സ്ത്രീകളുമാണ് എന്നാണ് യുഎൻ പറയുന്നത്. ഇസ്രയേൽ വൈറ്റ് ഫോസ്ഫറസ് ബോംബ് ഉപയോഗിച്ചതായി നമ്മൾ കണ്ടു. അതൊരു യുദ്ധക്കുറ്റമായി കാണണം എന്നാണ് ആംനിസ്റ്റി ഇന്റർനാഷണൽ പറയുന്നത്. വെസ്റ്റ്ബാങ്കിലെ ഫലസ്തീനികളെ ഇറക്കിവിട്ട് അവിടെ കുടിയിരിക്കുന്ന ഇസ്രായേലികളുടെ ദൃശ്യങ്ങൾ നമ്മൾ സിഎൻഎൻ വഴി കണ്ടു.
ഈ ഭരണകൂടത്തെ കണക്കുപറയിക്കുന്നവരാക്കി മാറ്റാൻ ഞാൻ ദക്ഷിണേഷ്യൻ സമൂഹത്തോട് അപേക്ഷിക്കുന്നു. ഒരു സിഖ് സ്ത്രീ എന്ന നിലയിൽ ഭരണകൂടത്തിന്റെ ചെയ്തികളെ വെള്ളപൂശാനുള്ള ശ്രമങ്ങൾക്ക് ഞാൻ കൂട്ടുനിൽക്കില്ല. കുടുങ്ങിക്കിടക്കുന്ന ഒരു ജനതയെ കൂട്ടായി ശിക്ഷിക്കുന്നതിനെ ന്യായീകരിക്കുന്ന ഏതു സ്ഥാപനത്തിന്റെയും ക്ഷണം ഞാൻ നിരസിക്കുന്നു. അതിൽ അകപ്പെട്ടവരിൽ അമ്പത് ശതമാനവും കുട്ടികളാണ്.
ഒരു സമൂഹമെന്ന നിലയിൽ നമുക്ക് നിശ്ശബ്ദമായി ഇരിക്കാനാകില്ല. മേശയ്ക്കിപ്പുറത്ത് ഒരു സീറ്റു കിട്ടി എന്നതു കൊണ്ടുമാത്രം എല്ലാം അംഗീകരിക്കാനുമാകില്ല. മനുഷ്യജീവന് വിലയുണ്ട്. ഗസ്സയിൽ നടക്കുന്നത് നടുക്കമുണ്ടാക്കുന്നു എന്ന് നിരവധി സമകാലികർ എന്നോട് സ്വകാര്യ സംഭാഷണങ്ങളിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ജീവിതോപാധി നഷ്ടപ്പെടുത്താനോ ഉള്ളിൽ ഒരു മാറ്റം സൃഷ്ടിക്കാനോ അവർ ആഗ്രഹിക്കുന്നില്ല. ഒരു മാന്ത്രിക മാറ്റമൊന്നും സാധ്യമല്ല. എന്നാലും നമ്മൾ ധീരരായിരിക്കണം. അവരുടെ പടമെടുപ്പുകൾക്ക് നിന്നുകൊടുക്കരുത്. വെടിനിർത്തൽ നിരാകരിക്കുന്നതു മൂലം ഫലസ്തീനികൾക്ക് നഷ്ടപ്പെടുന്ന ജീവനേക്കാൾ വലുതല്ല നമുക്ക് സംസാരിക്കാൻ നഷ്ടപ്പെടുന്ന അവസരങ്ങൾ.
ലോകത്തെവിടെയും ഭരണകൂടം മനുഷ്യനെ ഇല്ലാതാക്കുമ്പോൾ, നീതിക്ക് വേണ്ടി ശബ്ദിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. ഭയക്കരുത്. വെടിനിർത്തൽ വേണമെന്ന ലോകത്തിന്റെ ആവശ്യത്തിനൊപ്പം നിൽക്കുക. സംസാരിക്കുമ്പോൾ നിരവധി ശബ്ദങ്ങൾ നിങ്ങൾക്കൊപ്പം ചേരും. നമുക്ക് ഹരജികളിൽ ഒപ്പുവയ്ക്കാം. പ്രതിഷേധങ്ങളുടെ ഭാഗമാകാം. ബഹിഷ്‌കരിക്കാം. ഈ വംശഹത്യ അവസാനിപ്പിക്കൂ എന്ന് ജനപ്രതിനിധികളെ വിളിച്ചുപറയൂ.
Adjust Story Font
16