അഭയാർത്ഥികൾ കഴിഞ്ഞ തിയറ്റർ ബോംബിട്ട് തകർത്ത് റഷ്യ; പോളണ്ടിൽ മിസൈൽവേധ സംവിധാനങ്ങളൊരുക്കാൻ ബ്രിട്ടൻ
റഷ്യയുടെ ആക്രമണം നടക്കുമ്പോൾ കുട്ടികളും ഗർഭിണികളുമെല്ലാം തിയറ്ററിനകത്തുണ്ടായിരുന്നെന്ന് യുക്രൈൻ വൃത്തങ്ങൾ പറഞ്ഞു
ദക്ഷിണ യുക്രൈൻ നഗരമായ മരിയുപോളിൽ അഭയാർത്ഥികൾ കഴിഞ്ഞ തിയറ്റർ ബോംബിട്ട് തകർത്ത് റഷ്യ. 1,200ഓളം പേരാണ് താൽക്കാലിക അഭയാർത്ഥി ക്യാംപായി പ്രവർത്തിച്ചിരുന്ന തിയറ്ററിൽ ആക്രമണം നടക്കുമ്പോൾ ഉണ്ടായിരുന്നതെന്നാണ് ഡെപ്യൂട്ടി മേയർ സെർജി ഒർലോവ് അറിയിച്ചത്. അതിനിടെ, യുക്രൈന്റെ അയൽരാജ്യമായ പോളണ്ടിൽ പുതിയ മിസൈൽവേധ സംവിധാനങ്ങളും സൈനികരെയും വിന്യസിക്കുമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചു.
മരിയുപോൾ ഡ്രാമ തിയറ്ററിനുനേരെയായിരുന്നു റഷ്യയുടെ ശക്തമായ വ്യോമാക്രമണമുണ്ടായത്. തിയറ്ററിന്റെ മധ്യഭാഗം പൂർണമായും തകർന്നതായി ആക്രമണത്തിനു പിന്നാലെ പുറത്തുവന്ന ചിത്രങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ എത്രപേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. റഷ്യൻ സൈന്യം ഷെല്ലാക്രമണം തുടരുന്നതിനാൽ ഇങ്ങോട്ട് രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടില്ലെന്നാണ് റിപ്പോർട്ട്.
പൗരന്മാരെ ബോധപൂർവം ലക്ഷ്യമിട്ടായിരുന്നു റഷ്യയുടെ ആക്രമണമെന്ന് ഡോണെസ്‌ക് റീജ്യനൽ മിലിട്ടറി അഡ്മിനിസ്‌ട്രേഷൻ മേധാവി പാവ്‌ലോ കിരിലെങ്കോ ആരോപിച്ചു. കുട്ടികളും ഗർഭിണികളുമെല്ലാം ആക്രമണം നടക്കുമ്പോൾ തിയറ്ററിനകത്തുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആക്രമണത്തിൽനിന്ന് ഭൂരിഭാഗം പേരും രക്ഷപ്പെട്ടിട്ടുണ്ടെന്ന് സ്ഥലത്തെ എം.പി ദിമിത്രോ ഗുരിൻ അറിയിച്ചു.
പോളണ്ടിൽ റഷ്യൻ ആക്രമണം തടയാൻ ബ്രിട്ടീഷ് നീക്കം
യുക്രൈന്റെ അയൽരാജ്യമായ പോളണ്ടിൽ അത്യാധുനിക മിസൈൽവേധ സംവിധാനങ്ങൾ വിന്യസിക്കാനൊരുങ്ങി ബ്രിട്ടൻ. സ്‌കൈ സബ്രെ എന്ന പേരിലുള്ള മിസൈൽവേധ സംവിധാനമാണ് സജ്ജീകരിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പ്രഖ്യാപിച്ചു. പുതുതായി 100 സൈനികരെയും ഇവിടെ വിന്യസിക്കാൻ തീരുമാനമുണ്ട്.
റഷ്യയുടെ യുക്രൈൻ ആക്രമണത്തിനു പിന്നാലെ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൡ സുരക്ഷ ശക്തമാക്കാനുള്ള നാറ്റോയുടെ തീരുമാനത്തിനു പിന്നാലെയാണ് ബ്രിട്ടീഷ് പ്രഖ്യാപനം. മധ്യനിര, വ്യോമമിസൈൽ വേധ സംവിധാനങ്ങളാണ് പോളണ്ടിൽ എത്തിക്കുന്നതെന്ന് വാലസ് അറിയിച്ചു. പോളണ്ടിനൊപ്പമാണ് തങ്ങളുള്ളതെന്നും പോളിഷ് വ്യോമാതിർത്തിയെ റഷ്യൻ ആക്രമണത്തിൽനിന്ന് പ്രതിരോധിക്കാനാണ് ഇവിടെ സംവിധാനങ്ങളൊരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Summary: Russia attacks theatre sheltering civilians; UK to deploy missile system and 100 troops in Poland
Adjust Story Font
16