Quantcast

ഹെലികോപ്ടർ തടാകത്തിൽ തകർന്നുവീണു; എട്ട് സഞ്ചാരികളെ കാണാനില്ല

അപകടത്തിൽപ്പെട്ടത് 37 വർഷം പഴക്കമുള്ള കോപ്ടർ; ഈയിടെ അറ്റകുറ്റപ്പണി നടത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    12 Aug 2021 7:21 AM GMT

ഹെലികോപ്ടർ തടാകത്തിൽ തകർന്നുവീണു; എട്ട് സഞ്ചാരികളെ കാണാനില്ല
X

 പ്രതീകാത്മക ചിത്രം

വിനോദസഞ്ചാരികളടക്കം 16 പേരുമായി പറന്ന എം-8 ഹെലികോപ്ടർ തടാകത്തിൽ തകർന്നുവീണ് എട്ടുപേരെ കാണാതായി. കിഴക്കൻ റഷ്യയിലെ കാംചട്ക ഉപദ്വീപിൽ ഇന്നു പുലർച്ചയൊണ് സംഭവം. 76 ചതുരശ്വ കിലോമീറ്റർ വിസ്തൃതിയും 316 മീറ്റർ പരമാവധി ആഴവുമുള്ള കുരിൽ തടാകത്തിലേക്ക് കോപ്ടർ തകർന്നുവീഴുകയായിരുന്നു.

കാണാതായവർ മരിച്ചതായാണ് വിശ്വസിക്കുന്നതെന്നും മൃതദേഹങ്ങൾ തടാകത്തിന്റെ അടിത്തട്ടിലേക്ക് മുങ്ങിത്താണതായാണ് കരുതുന്നതെന്നും പ്രാദേശിക അധികൃതർ വ്യക്തമാക്കി.

വിറ്റ്‌യാസ് എയ്‌റോ എന്ന കമ്പനിയുടെ നിയന്ത്രണത്തിലുള്ള ഹെലികോപ്ടറിൽ ഒരു കുട്ടിയടക്കം 13 സഞ്ചാരികളും മൂന്ന് ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. കാംചട്കയിലെ ക്രൊനോട്‌സ്‌കി നാഷനൽ റിസർവിൽ വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു ഇവർ. നിയന്ത്രണം നഷ്ടമായ കോപ്ടർ വെള്ളത്തിൽ ഇറക്കാൻ പൈലറ്റ് ശ്രമിച്ചെങ്കിലും ഫലപ്രദമായില്ലെന്നും ക്ഷണവേഗത്തിൽ മുങ്ങിത്താണെന്നും അധികൃതർ വ്യക്തമാക്കി.

അപടകത്തിനു പിന്നാലെ ഹെലികോപ്ടറിന്റെ ഭാഗങ്ങൾ തടാകത്തിൽ ഒഴുകി നടന്നതായി ആർ.ടി റിപ്പോർട്ട് ചെയ്തു. 37 വർഷം മുമ്പ് സോവിയറ്റ് കാലഘട്ടത്തിൽ നിർമിച്ചതാണ് കോപ്ടറെന്നും ഈയിടെ അറ്റക്കുറ്റപ്പണികൾ നടത്തിയതായി അധികൃതർ വ്യക്തമാക്കിയെന്നും അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

കോപ്ടറിൽ നിന്ന് അടർന്നുമാറിയ ഭാഗങ്ങളുടെ സഹായത്തോടെയാണ് അപകടത്തിൽപ്പെട്ടവരിൽ പലരും രക്ഷപ്പെട്ടത്. രക്ഷപ്പെട്ട എട്ടുപേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല.

അന്തരീക്ഷത്തിലെ മൂടൽമഞ്ഞാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ഹെലികോപ്ടർ സർവീസ് നടത്താൻ യോഗ്യമായിരുന്നുവെന്ന് അധികൃതർ പറയുന്നു. സംഭവത്തെപ്പറ്റി ക്രിമിനൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story