Quantcast

യുക്രൈൻ സ്ത്രീകളെ ബലാത്സം​ഗം ചെയ്യാൻ റഷ്യ സൈനികർക്ക് വയാ​ഗ്ര നൽകുന്നു; വെളിപ്പെടുത്തൽ

യുക്രൈനിൽ റഷ്യ വീണ്ടും ആക്രമണങ്ങൾ തുടരുന്നതിനിടെയാണ് നിർണായക വെളിപ്പെടുത്തൽ പുറത്തുവരുന്നത്.

MediaOne Logo

Web Desk

  • Published:

    16 Oct 2022 12:18 PM GMT

യുക്രൈൻ സ്ത്രീകളെ ബലാത്സം​ഗം ചെയ്യാൻ റഷ്യ സൈനികർക്ക് വയാ​ഗ്ര നൽകുന്നു; വെളിപ്പെടുത്തൽ
X

യുക്രൈൻ സ്ത്രീകളെ ബലാത്സം​ഗം ചെയ്യാൻ റഷ്യ തങ്ങളുടെ സൈനികർക്ക് വയാ​ഗ്ര നൽകുന്നതായി വെളിപ്പെടുത്തൽ. യു.എൻ പ്രതിനിധി പ്രമീള പാറ്റനാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയിരിക്കുന്നത്. ഈ ബലാത്സം​ഗങ്ങളും ലൈം​ഗികാതിക്രമങ്ങളും റഷ്യൻ സൈനിക തന്ത്രത്തിന്റെ ഭാഗമാണെന്നും പ്രമീള പാറ്റൻ പറഞ്ഞതായി എ.എഫ്‌.പി റിപ്പോർട്ട് ചെയ്യുന്നു.

'ഇത് റഷ്യയുടെ ബോധപൂർവമായ തന്ത്രമാണ്. വയാഗ്ര സ്വീകരിച്ച റഷ്യൻ സൈനികരെ കുറിച്ച് സ്ത്രീകൾ സാക്ഷ്യപ്പെടുത്തുന്നത് കേൾക്കുമ്പോൾ അത് കൃത്യമായൊരു സൈനിക തന്ത്രമാണെന്ന് മനസിലാകും'- ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള യു.എൻ പ്രത്യേക പ്രതിനിധി എ.എഫ്.പിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

യുക്രൈനിൽ റഷ്യ വീണ്ടും ആക്രമണങ്ങൾ തുടരുന്നതിനിടെയാണ് നിർണായക വെളിപ്പെടുത്തൽ പുറത്തുവരുന്നത്. കഴിഞ്ഞദിവസം 24 മണിക്കൂറിനിടെ നാല്‍പതോളം ഉക്രൈൻ നഗരങ്ങളിലാണ് റഷ്യ മിസൈലാക്രമണം നടത്തിയത്.

യുക്രൈൻ തലസ്ഥാനമായ കീവില്‍ ഇറാന്‍ നിര്‍മിത ഡ്രോണുകള്‍ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. റഷ്യയോട് കൂട്ടിച്ചേര്‍ക്കപ്പെട്ടെന്ന് അവകാശപ്പെടുന്ന ഹേര്‍സനില്‍ ആക്രമണം രൂക്ഷമാണെന്നും ജനങ്ങള്‍ സുരക്ഷിത സ്ഥലങ്ങിലേക്ക് മാറണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു.

യുക്രൈന് മിസൈല്‍ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താന്‍ നാറ്റോ സഹായിക്കുമെന്നും ആവശ്യമായ വ്യോമപ്രതിരോധ സംവിധാനത്തിന്റെ പത്ത് ശതമാനം മാത്രമാണ് കൈവശമുള്ളതെന്നും പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കി പറഞ്ഞിരുന്നു.

ഒക്ടോബർ 10ന് യുക്രൈനിൽ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു. ഖാർക്കീവ്, കീവ്, സാപ്രോഷ്യ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് മിസൈൽ ആക്രമണം നടന്നത്. റഷ്യൻ ആക്രമണം ഞെട്ടിപ്പിച്ചെന്ന് യു.എൻ മേധാവി അന്റോണിയോ ഗുട്ടറെസ് പറഞ്ഞിരുന്നു. റഷ്യൻ ആക്രമണത്തെ യൂറോപ്യൻ യൂണിയനും അപലപിച്ചിരുന്നു.

യു.എൻ പൊതുസഭയിൽ റഷ്യയെ ഭീകരരാഷ്ട്രമെന്ന് വിശേഷിപ്പിച്ചായിരുന്നു യുക്രൈന്റെ പ്രതികരണം. റഷ്യയുടെ ഭീകരത അവസാനിപ്പിക്കണമെന്നും യുക്രൈൻ ആവശ്യപ്പെട്ടിരുന്നു. യുക്രൈനിയൻ നഗരങ്ങളിൽ റഷ്യ നടത്തിയെ മിസൈൽ ആക്രമണങ്ങളെ അമേരിക്കയും അപലപിച്ചു.

പുടിൻ നടത്തുന്ന നിയമവിരുദ്ധ യുദ്ധത്തിന്റെ നേർക്കാഴ്ചയാണ് മിസൈൽ ആക്രമണമെന്നാണ് ബൈഡൻ പ്രതികരിച്ചത്. യുക്രൈന് വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ അതിനൂതനമായ സഹായങ്ങൾ നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. എന്നാൽ യുക്രൈന് ആയുധ സഹായം നല്‍കുന്നത് യുദ്ധത്തില്‍ പങ്കെടുക്കുന്നതിന് തുല്യമായി കരുതുമെന്ന് റഷ്യ പറയുന്നു.

യുക്രൈനെ നാറ്റോ സഖ്യത്തിലെടുത്താൽ അതു മൂന്നാം ലോകമഹായുദ്ധത്തിൽ ആയിരിക്കും കലാശിക്കുകയെന്ന മുന്നറിയിപ്പുമായും റഷ്യ രം​ഗത്തെത്തിയിരുന്നു. റഷ്യൻ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി അലെക്‌സാണ്ടർ വെനദിക്ടോവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നാറ്റോയിൽ പൂർണ അംഗത്വമെടുക്കാനുള്ള യുക്രൈൻ നീക്കത്തോടെ പ്രതികരിക്കുകയായിരുന്നു വെനദിക്ടോവ്.

TAGS :

Next Story