ആണവായുധ സൈനികാഭ്യാസം: റഷ്യ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു, നിരീക്ഷിച്ച് പുടിൻ
യുക്രൈൻ ഒരു 'വൃത്തികെട്ട ബോംബ്' വികസിപ്പിക്കുകയാണെന്ന് ഇന്ത്യയോടും ചൈനയോടും റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു പറഞ്ഞിരുന്നു
മോസ്‌കോ: ആണവായുധ സൈനികാഭ്യാസത്തിന്റെ ഭാഗമായി റഷ്യ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ നിർദേശപ്രകാരം മിസൈൽ വിക്ഷേപമടക്കമുള്ള സൈനികാഭ്യാസം ബുധനാഴ്ചയാണ് നടത്തിയത്. ആണവസേനയുടെ അഭ്യാസപ്രകടനം പുടിൻ നിരീക്ഷിച്ചു.
യുക്രൈൻ ഒരു 'വൃത്തികെട്ട ബോംബ്' വികസിപ്പിക്കുകയാണെന്ന് ഇന്ത്യയോടും ചൈനയോടും റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു പറഞ്ഞിരുന്നു. ഈ ആരോപണം ഉന്നയിച്ചിരിക്കെയാണ് റഷ്യയുടെ മിസൈൽ വിക്ഷേപണം. വിക്ഷേപണ ദൃശ്യങ്ങൾ റഷ്യൻ ഔദ്യോഗിക മാധ്യമം പങ്കുവെച്ചിട്ടുണ്ട്. ആർട്ടികിലെ ബാരൻറ്‌സ് കടലിൽ സബ്മറൈൻ സംഘം സിനേവ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിക്കുന്ന ദൃശ്യങ്ങളാണ് പങ്കുവെച്ചത്. യുക്രൈനിലെ എട്ട് മാസത്തെ സംഘർഷം ആണവപോരാട്ടമായി മാറിയേക്കുമെന്ന് നിരീക്ഷിപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ നീക്കങ്ങൾ.
'വ്‌ളാഡിമിർ പുടിന്റെ നേതൃത്വത്തിൽ, കര, കടൽ, വ്യോമ തന്ത്രപരമായ പ്രതിരോധ സേനകളുമായി ഒരു പരിശീലന സെഷൻ നടന്നു, ഈ സമയത്ത് ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളുടെ പ്രായോഗിക വിക്ഷേപണങ്ങൾ നടന്നു'എന്നാണ് സൈനികാഭ്യാസത്തെ കുറിച്ച് റഷ്യൻ അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കിയത്.
അതേസമയം ദക്ഷിണ യുക്രൈയിനിലെ ഖേർസാനിൽ ഇരുസൈന്യങ്ങളും തമ്മിൽ പോരാട്ടം രൂക്ഷമാകുകയാണ്. റഷ്യയുടെ ഭാഗമായ ക്രീമിയയോട് ചേർന്നുള്ള ഈ പ്രദേശം തിരിച്ചുപിടിക്കാൻ യുക്രൈൻ ശ്രമിക്കുകയാണ്. അതിനിടെ, റഷ്യൻ അനുകൂല ഭരണകൂടം പ്രദേശവാസികളോട് പലായനം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്ത് വില കൊടുത്തും പ്രദേശം അധീനതയിൽ നിലനിർത്തുമെന്നാണ് അവരുടെ അവകാശ വാദം. പ്രദേശത്ത് നിന്ന് 70,000 പേർ വീടുകൾ ഉപേക്ഷിച്ച് പോയതായാണ് റഷ്യൻ അനുകൂല ഉദ്യോഗസ്ഥനായ വ്‌ളാഡ്മിർ സെൽഡോ പറയുന്നത്.
Russia launched a ballistic missile as part of nuclear military exercises.
Adjust Story Font
16