മിസൈൽ ആക്രമണം കടുപ്പിച്ച് റഷ്യ; ബഖ്മൂത്തിൽ പ്രതിരോധിച്ച് യുക്രൈൻ
മോസ്‌കോ ആറ് കിൻസാൽ ഹൈപ്പർസോണിക് മിസൈലുകൾ തൊടുത്തുവിട്ടെന്ന് യുക്രൈൻ
കിയവ്: യുക്രൈനിലുടനീളം വ്യാപകമായി മിസൈൽ ആക്രമണം നടത്തി റഷ്യ. ആറ് തദ്ദേശീയരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. റഷ്യൻ ആക്രമണത്തെ തുടർന്ന് യുക്രൈനിലുടനീളം വൈദ്യുതിയും തടസ്സപ്പെട്ടു. 10 പ്രദേശങ്ങളിൽ വ്യാപക നാശവനഷ്ടങ്ങളുണ്ടായതായും വീടുകൾ തകർക്കപ്പെട്ടതായും പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു.
'അധിനിവേശകർക്ക് സാധാരണക്കാരെ ഭയപ്പെടുത്താൻ മാത്രമേ കഴിയൂ. അവർക്ക് അത്രയേ ചെയ്യാനാകൂ. പക്ഷേ അത് അവരെ സഹായിക്കില്ല.,' സെലെൻസ്‌കി പ്രസ്താവനയിൽ പറഞ്ഞു. പടിഞ്ഞാറൻ ലിവിവ് മേഖലയിലെ ഗ്രാമത്തിൽ മിസൈൽ ആക്രമണത്തെ തുടർന്ന് അഞ്ച് പേർ കൊല്ലപ്പെട്ടതായി എമർജൻസി സർവീസ് അറിയിച്ചു. യുക്രൈനിലെ റഷ്യൻ ആക്രമണത്തിന്റെ വ്യാപ്തിയും ആഘാതവും വ്യക്തമാക്കുന്നതാണ് ഡ്രോൺ ഫൂട്ടേജുകൾ. മധ്യ ഡിനിപ്രോ മേഖലയിൽ മിസൈൽ ആക്രമണത്തിൽ ഒരു പ്രദേശവാസി കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. കെർസണിൽ പീരങ്കിപ്പടയുടെ ആക്രമണത്തിൽ മൂന്ന് സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടാണ് കിയവ് നിവാസികൾ ഉണർന്നത്. രാത്രിയിൽ ഏഴ് മണിക്കൂർ റഷ്യ വ്യോമാക്രമണം നടത്തുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. 'വളരെ ഉച്ചത്തിലുള്ള സ്ഫോടന ശബ്ദം ഞാൻ കേട്ടു. ഞങ്ങൾ വേഗം കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റപ്പോൾ കാറിന് തീപിടിക്കുന്നത് കണ്ടു. പിന്നാലെ മറ്റ് കാറുകൾക്കും തീപിടിച്ചു. ബാൽക്കണികളിലും ജനലുകളിലെയും ഗ്ലാസുകൾ തകർന്നു,' പ്രദേശവാസി ലിയുഡ്മൈല (58) പറഞ്ഞു.
'ഇത് വളരെ ഭയപ്പെടുത്തുന്നതാണ്, അവർക്ക് ഇതെങ്ങനെ സാധിക്കുന്നു?, അവർ മനുഷ്യരല്ല, അവരെ എന്ത് വിളിക്കണമെന്ന് എനിക്കറിയില്ല. കുട്ടികളെ ഭയപ്പെടുത്തുന്നു, കുട്ടികളുടെ മാനസിക നില തകരാറിലാകും.'- ലിയുഡ്മൈല കൂട്ടിച്ചേർത്തു. റഷ്യ് സാധാരണ ജനങ്ങളെ ദ്രോഹിക്കുകയും ഭീഷണിപ്പെടുത്തുകയുമാണെന്ന് കിയവ് പ്രസ്താവനയിറക്കി. മോസ്‌കോ ആറ് കിൻസാൽ ഹൈപ്പർസോണിക് മിസൈലുകൾ തൊടുത്തുവിട്ടെന്നാണ് യുക്രൈൻ ഉദ്യേഗസ്ഥരുടെ കണ്ടെത്തൽ.
യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപ്പോരിജിയയിലേക്കുള്ള വൈദ്യുതി വിതരണവും മിസൈൽ ആക്രമണത്തിൽ തടസ്സപ്പെട്ടു. കിയവ്, കരിങ്കടൽ തുറമുഖമായ ഒഡേസ, രണ്ടാമത്തെ വലിയ നഗരമായ ഖാർകിവ് എന്നിവിടങ്ങളിലും പോൾട്ടാവ വരെ വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളെയും ലക്ഷ്യംവെച്ചാണ് റഷ്യയുടെ മിസൈൽ ആക്രമണമെന്ന് യുക്രൈൻ അധികൃതർ വ്യക്തമാക്കി. കിയവിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് സ്ഫോടനം നടന്നതായി മേയർ വിറ്റാലി ക്ലിറ്റ്ഷ്‌കോ അറിയിച്ചു. നഗരത്തിലെ ഊർജ കേന്ദ്രത്തിൽ കൂട്ട മിസൈൽ ആക്രമണം ഉണ്ടായെന്നും വൈദ്യുതി വിച്ഛേദിച്ചെന്നും ഒഡെസ മേഖലയുടെ ഗവർണർ മാക്‌സിം മാർചെങ്കോ പറഞ്ഞു. ജനവാസ മേഖലകളും തകർക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ബഖ്മൂത്തിൽ പ്രതിരോധിച്ച് യുക്രൈൻ
യുക്രൈൻ ബഖ്മൂത്തിൽ നിന്ന് പിൻവാങ്ങാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. റഷ്യൻ സൈന്യത്തിന് വൻ തിരിച്ചടി നൽകിയിട്ടുണ്ടെന്ന് യുക്രൈൻ കമാൻഡർമാർ അറിയിച്ചു. 'ബഖ്മൂത്ത് നിലനിർത്തേണ്ടതിന്റെ പ്രാധാന്യം വർധിച്ചിരിക്കുകയാണ്'- യുക്രൈൻ കരസേനയുടെ കമാൻഡർ ജനറൽ ഒലെക്‌സാണ്ടർ സിർസ്‌കി പ്രസ്താവനയിൽ പറഞ്ഞു. ബഖ്മൂത് നദിയുടെ കിഴക്കുള്ള നഗരം മുഴുവൻ തന്റെ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന് റഷ്യയുടെ വാഗ്നർ പ്രൈവറ്റ് ആർമിയുടെ തലവൻ യെവ്ജെനി പ്രിഗോജിൻ അവകാശപ്പെട്ടു. യുക്രൈൻ സൈന്യത്തെ തുരത്താൻ നഗരത്തിന്റെ വടക്കും തെക്കും റഷ്യൻ സൈന്യം മുന്നേറുകയാണ്. യുക്രെയ്നിന്റെ അഞ്ചിലൊന്ന് ഭാഗവും പിടിച്ചെടുത്തതായാണ് റഷ്യയുടെ അവകാശവാദം.
Adjust Story Font
16