Quantcast

ചെങ്കടലിലൂടെ കടന്നുപോകുന്ന കപ്പലുകളെ കുറിച്ചുള്ള സാറ്റലൈറ്റ് വിവരങ്ങൾ ഹൂത്തികൾക്ക് നൽകിയത് റഷ്യയെന്ന് റിപ്പോർട്ട്

ഹൂത്തി ആക്രമണത്തെ തുടർന്ന് ചെങ്കടലിലൂടെയുള്ള ചരക്കുനീക്കം വൻതോതിൽ കുറഞ്ഞിരുന്നു.

MediaOne Logo

Web Desk

  • Published:

    29 Oct 2024 3:50 AM GMT

Russia provided Houthis with tracking data to target ships in Red Sea — report
X

വാഷിങ്ടൺ: ചെങ്കടലിലൂടെ കടന്നുപോകുന്ന കപ്പലുകളെ ലക്ഷ്യമിടാൻ സഹായിക്കുന്ന സാറ്റലൈറ്റ് വിവരങ്ങൾ ഈ വർഷം ആദ്യത്തിൽ റഷ്യ യെമനിലെ ഹൂത്തികൾക്ക് കൈമാറിയിരുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട ഒരു വ്യക്തിയേയും രണ്ട് യൂറോപ്യൻ പ്രതിരോധ വിഭാഗത്തിലെ ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച് 'വാൾ സ്ട്രീറ്റ് ജേർണൽ' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യെമനിലുള്ള ഇറാൻ റെവല്യൂഷണറി ഗാർഡ് സൈനികർ വഴിയാണ് വിവരങ്ങൾ ഹൂത്തികൾക്ക് കൈമാറിയതെന്നും മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് കപ്പലുകൾ ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്നും റിപ്പോർട്ട് പറയുന്നു.

യെമനിൽ നിർണായക സ്വാധീനമുള്ള ഹൂത്തികൾ ഇറാന്റെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ പ്രതിഷേധിച്ച് ചെങ്കടലിലൂടെ പോകുന്ന ഇസ്രായേൽ കപ്പലുകളെയാണ് ഹൂത്തികൾ ആദ്യം ആക്രമിച്ചത്. പിന്നീട് ഇസ്രായേലിലേക്ക് പോവുകയും വരികയും ചെയ്യുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് ഹൂത്തികൾ പ്രഖ്യാപിച്ചു. ആക്രമണ ഭീഷണിയെ തുടർന്ന് ചെങ്കടലിലൂടെയുള്ള കപ്പൽ ഗതാഗതം കുറയുകയും ആഗോള വ്യാപാര മേഖലയെ ഇത് സാരമായി ബാധിക്കുകയും ചെയ്തിരുന്നു.

ഹൂത്തി ആക്രമണത്തെ പ്രതിരോധിക്കാൻ യുഎസും ബ്രിട്ടനും ചെങ്കടലിൽ നാവിക സഖ്യം രൂപീകരിക്കുകയും യെമനിലെ ഹൂത്തി കേന്ദ്രങ്ങൾ ആക്രമിക്കുകയും ചെയ്തിരുന്നു. ഒരു വർഷത്തിനിടെ നൂറിലധികം ആക്രമണങ്ങളാണ് ചെങ്കടലിൽ ഹൂത്തികൾ നടത്തിയത്. ആക്രമണത്തിൽ നാല് നാവികർ കൊല്ലപ്പെടുകയും രണ്ട് കപ്പലുകൾ മുങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ നവംബറിൽ ഹൂത്തികൾ പിടിച്ചെടുത്ത ഒരു കപ്പലും അതിലെ ജീവനക്കാരും ഇപ്പോഴും അവരുടെ കസ്റ്റഡിയിലാണ്.

യുക്രൈൻ അധിനിവേശത്തെ തുടർന്ന് പടിഞ്ഞാറൻ രാഷ്ട്രങ്ങൾ അടിച്ചേൽപ്പിച്ച ഉപരോധം റഷ്യയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. റഷ്യയിൽ ബ്രിക്‌സ് ഉച്ചകോടി സമാപിച്ചതിന് പിന്നാലെയാണ് വാൾ സ്ട്രീറ്റ് ജേർണലിലെ റിപ്പോർട്ട്. ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യ സമ്പൂർണ യുദ്ധത്തിന്റെ വക്കിലാണെന്ന് ഉച്ചകോടിയിൽ പുടിൻ ചൂണ്ടിക്കാട്ടിയിരുന്നു. ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, തുർക്കി പ്രസിഡന്റ് ഉർദുഗാൻ തുടങ്ങി 20ൽ കൂടുതൽ രാഷ്ട്രത്തലവൻമാർ ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. ലോകരാജ്യങ്ങൾക്കിടയിൽ റഷ്യയുടെ സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു ഉച്ചകോടി.

റഷ്യയിലെ കസാനിൽ നടന്ന ഉച്ചകോടിയിൽ യുക്രൈൻ യുദ്ധവും പശ്ചിമേഷ്യൻ സംഘർഷവും ചർച്ചയായെങ്കിലും അത് അവസാനിപ്പിക്കാനുള്ള ഫലപ്രദമായ നിർദേശങ്ങളൊന്നും ഉണ്ടായില്ല. ഗസ്സയിലും ലബനാനിലും സമഗ്രമായ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ദ്വിരാഷ്ട്രപരിഹാരം നടപ്പാക്കണമെന്നും ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് യോഗത്തിൽ പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ ഐക്യരാഷ്ട്ര സഭയും ലോകരാഷ്ട്രങ്ങളും സമ്പൂർണ പരാജയമാണെന്ന് ഇറാൻ പ്രസിഡന്റ് മഹ്‌മൂദ് പെഷസ്‌കിയാൻ യോഗത്തിൽ വിമർശിച്ചിരുന്നു.

1967ലെ അതിർത്തി അനുസരിച്ച് സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടി ആവശ്യപ്പെട്ടിരുന്നു. ഗസ്സയിൽനിന്ന് ഫലസ്തീനികളെ പൂർണമായും ഒഴിപ്പിക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന് ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് പറഞ്ഞു. സ്വന്തം വീടുകളിൽനിന്ന് കുടിയിറക്കപ്പെട്ട 1948ലെ നക്ബക്ക് ശേഷമുള്ള ഏറ്റവും വലിയ ദുരന്തമാണ് ഫലസ്തീൻ ജനത നേരിടുന്നതെന്നും അബ്ബാസ് പറഞ്ഞു.

TAGS :

Next Story