Quantcast

ഉപരോധം തുടർന്നാൽ പ്രകൃതിവാതക പൈപ്പ്‌ലൈൻ പൂട്ടും- യൂറോപ്പിന് മുന്നറിയിപ്പുമായി റഷ്യ

റഷ്യയിൽനിന്നുള്ള പ്രകൃതിവാതകത്തെയാണ് യൂറോപ്യൻ രാജ്യങ്ങൾ പ്രധാനമായി ആശ്രയിക്കുന്നത്. ഇത് റഷ്യ നിർത്തലാക്കിയാൽ പെട്ടെന്ന് ബദൽമാർഗങ്ങൾ കണ്ടെത്താന്‍ യൂറോപ്പിന് ഏറെ കഷ്ടപ്പെടേണ്ടിവരും

MediaOne Logo

Web Desk

  • Published:

    8 March 2022 9:43 AM GMT

ഉപരോധം തുടർന്നാൽ പ്രകൃതിവാതക പൈപ്പ്‌ലൈൻ പൂട്ടും- യൂറോപ്പിന് മുന്നറിയിപ്പുമായി റഷ്യ
X

തങ്ങൾക്കെതിരെ എണ്ണ ഉപരോധമടക്കമുള്ളവ തുടർന്നാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് റഷ്യ. പടിഞ്ഞാറൻ രാജ്യങ്ങൾ ഉപരോധം തുടരുകയാണെങ്കിൽ യൂറോപ്പ് പ്രകൃതിവാതകത്തിന് പ്രധാനമായി ആശ്രയിക്കുന്ന വാതക പൈപ്പ്‌ലൈൻ നിർത്തിവയ്ക്കുമെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി അലെക്‌സാണ്ടർ നൊവാക് വ്യക്തമാക്കി.

റഷ്യൻ എണ്ണ തള്ളിക്കളയുകയാണെങ്കിൽ ആഗോള വിപണിയിൽ തന്നെ വലിയ പ്രത്യാഘാതമുണ്ടാക്കുന്ന നടപടികളിലേക്കായിരിക്കും അത് നയിക്കുകയെന്ന് നൊവാക് മുന്നറിയിപ്പ് നൽകി. നിലവിലുള്ള ബാരലിന് 300 ഡോളർ എന്നതിനും ഇരട്ടിയിലേറെയാകും ഇന്ധനവില. യൂറോപ്യൻ വിപണിയിൽ റഷ്യൻ എണ്ണയ്ക്ക് ബദൽമാർഗങ്ങൾ പെട്ടെന്നുതന്നെ കണ്ടെത്തുക അസാധ്യമാകും. വർഷങ്ങളെടുക്കുമെന്നു മാത്രമല്ല, യൂറോപ്യൻ ഉപഭോക്താക്കൾക്ക് കൂടുതൽ ചെലവേറിയതുമാകുമത്. അതുകൊണ്ടുതന്നെ ഈ ഉപരോധങ്ങൾ കാരണം വലിയ തോതിൽ അവർക്ക് അനുഭവിക്കേണ്ടിവരുമെന്നും അലെക്‌സാണ്ടർ നൊവാക് കൂട്ടിച്ചേർത്തു.

റഷ്യ പൈപ്പ്‌ലൈൻ അടച്ചാൽ എന്തു സംഭവിക്കും?

റഷ്യയിൽനിന്നുള്ള പ്രകൃതിവാതകത്തെയാണ് യൂറോപ്യൻ രാജ്യങ്ങൾ പ്രധാനമായി ആശ്രയിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങൾ ഉപയോഗിക്കുന്ന 40 ശതമാനം പ്രകൃതിവാതകവും 30 ശതമാനം എണ്ണയും റഷ്യയിൽനിന്നാണ് എത്തുന്നത്. ഇത് റഷ്യ നിർത്തലാക്കിയാൽ ബദൽമാർഗങ്ങൾ പെട്ടെന്ന് കണ്ടെത്തുക ദുഷ്‌ക്കരമാകും.

'നോർഡ് സ്ട്രീം 1' പൈപ്പ്‌ലൈനിലൂടെ ജർമനി വഴിയാണ് റഷ്യയിൽനിന്ന് പ്രകൃതി വാതകമെത്തുന്നത്. പുതുതായി ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന 'നോർഡ് സ്ട്രീം 2' പൈപ്പ്‌ലൈൻ പദ്ധതി തൽക്കാലത്തേക്ക് നിർത്തിവയ്ക്കാൻ കഴിഞ്ഞ മാസം ജർമനി തീരുമാനിച്ചിരുന്നു. യുക്രൈൻ സൈനിക ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി.

''യൂറോപ്പിലെ ഊർജ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് റഷ്യയ്‌ക്കെതിരെയുള്ള കണ്ടെത്താത്ത ആരോപണങ്ങളുമായും 'നോർഡ് സ്ട്രീം 2'ക്കെതിരെയുള്ള ഉപരോധവുമായും ബന്ധപ്പെട്ട് തക്കതായ തീരുമാനമെടുക്കാനുള്ള എല്ലാ അവകാശവും ഞങ്ങൾക്കുണ്ട്. 'നോർഡ് സ്ട്രീം 1' പൈപ്പ്‌ലൈൻ വഴി പ്രകൃതിവാതക വിതരണത്തിൽ ഉപരോധമേർപ്പെടുത്താനുള്ള അവകാശവും റഷ്യയ്ക്കുണ്ട്. തൽക്കാലത്തേക്ക് അത്തരമൊരു തീരുമാനമെടുക്കുന്നില്ല...'' റഷ്യൻ ഉപപ്രധാനമന്ത്രി അറിയിച്ചു.

Summary: Russia has said it may close its main gas pipeline to Germany if the West goes ahead with a ban on Russian oil

Deputy Prime Minister Alexander Novak said a "rejection of Russian oil would lead to catastrophic consequences for the global market", causing prices to more than double to $300 a barrel.

TAGS :

Next Story