റഷ്യ- യുക്രൈൻ യുദ്ധം; ട്രാവൽ, ടൂറിസം മേഖലക്ക് വൻതിരിച്ചടി
ഇന്ധനവില വർധന വിമാന യാത്ര കൂടുതൽ ചെലവേറിയതാക്കും
റഷ്യ- യുക്രൈൻ യുദ്ധം ട്രാവൽ, ടൂറിസം മേഖലക്കും വൻതിരിച്ചടിയുണ്ടാക്കി. ഇന്ധനവില ഉയർന്നതോടെ വിമാന ടിക്കറ്റ് നിരക്കുകളും വർധിച്ചേക്കും. എണ്ണയുടെ കരുതൽശേഖരം വിപണിയിൽ ഇറക്കി വില കുറച്ചു കൊണ്ടുവരാൻ ഇന്ത്യ ഉൾപ്പെടെ പല ഇറക്കുമതി രാജ്യങ്ങളും നീക്കമാരംഭിച്ചു.
കോവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങൾ പിൻവലിക്കാൻ ഗൾഫ് ഉൾപ്പെടെ ലോക രാജ്യങ്ങൾ നടപടി സ്വീകരിച്ചു വരികയായിരുന്നു. ഇത് ട്രാവൽ, ടൂറിസം മേഖലയിൽ വലിയ ഉണർവ് രൂപപ്പെടുത്തിയിരുന്നു. വിമാന യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ വർധനയും പ്രകടമാണ്. എന്നാൽ റഷ്യയുടെ യുക്രൈൻ യുദ്ധം ട്രാവൽ, ടൂറിസം മേഖലയെ വീണ്ടും തളർത്തി.
ലോകത്തുടനീളം വിമാന യാത്രാ നിരക്കിൽ വർധന ഉണ്ടാകുമെന്ന സൂചനയാണ് വ്യോമയാന വിദഗ്ധരും സ്ഥാപനങ്ങളും നൽകുന്നത്. എണ്ണവില വർധന തുടർന്നാൽ കരുതൽ ശേഖരം പ്രയോജനപ്പെടുത്തേണ്ടി വരുമെന്ന് ഇന്ത്യയും വ്യക്തമാക്കി. യുക്രൈൻ യുദ്ധ സാഹചര്യത്തിൽ യൂറോപ്യൻ രാജ്യങ്ങളിലെ ഊർജ മന്ത്രിമാരുടെ യോഗം തിങ്കളാഴ്ച നടക്കും. യുദ്ധം തുടർന്നാൽ ഊർജലഭ്യത ഉറപ്പു വരുത്താനുള്ള ബദൽ നടപടികൾ യോഗം ചർച്ച ചെയ്യും. ഒപെക് നേതൃയോഗവും മാർച്ച് ആദ്യവാരം ചേരാനിരിക്കുകയാണ്.
ടൂറിസം മേഖലയിലെ പ്രതീക്ഷകൾക്കും യുദ്ധം മങ്ങൽ ഏൽപ്പിച്ചു. യൂറോപ്പിൽ നിന്നുള്ള ടൂറിസ്റ്റുകളും മറ്റും യാത്ര മാറ്റിവെക്കുന്ന പ്രവണതയാണുള്ളത്. ഏഷ്യൻ മേഖലയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണവും കുറയും. അതേ സമയം യുക്രൈൻ യുദ്ധം കൂടുതൽ നീളില്ലെന്ന പ്രതീക്ഷയിലാണ് ട്രാവൽ, ടൂറിസം മേഖലയിലെ എണ്ണമറ്റ സ്ഥാപനങ്ങളും ലക്ഷക്കണക്കിന് ജീവനക്കാരും.
Adjust Story Font
16