Quantcast

റഷ്യ- യുക്രൈൻ യുദ്ധം; ഇരുരാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് യു.എൻ, രണ്ടാം ഘട്ട ചർച്ചകൾ ഉടൻ

ബെലറൂസ്- പോളണ്ട് അതിർത്തിയിലാകും അടുത്ത ചർച്ച. എന്നാൽ തീയതി നിശ്ചയിച്ചിട്ടില്ല.

MediaOne Logo

Web Desk

  • Published:

    1 March 2022 12:38 AM GMT

റഷ്യ- യുക്രൈൻ യുദ്ധം; ഇരുരാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് യു.എൻ, രണ്ടാം ഘട്ട ചർച്ചകൾ ഉടൻ
X

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ തുടരും. ഇന്നലെ ബെലറൂസിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് ധാരണ. ഇതിന്‍റെ അടിസ്ഥാനത്തില്‍ രണ്ടാംഘട്ട ചർച്ചകൾ ഉടനുണ്ടാകും.

റഷ്യ- യുക്രൈൻ യുദ്ധം ചർച്ച ചെയ്യാൻ വിളിച്ച് ചേർത്ത യു.എൻ പൊതുസഭയുടെ അടിയന്തരയോഗം ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടു. ചർച്ചയിലൂടെയും നയതന്ത്ര നടപടികളിലൂടെയും പ്രശ്നം പരിഹരിക്കണം. യുദ്ധക്കെടുതിയിൽ വലയുന്നത് സാധാരണ ജനങ്ങളാണ്. യുദ്ധത്തിൽ നിന്ന് സൈനികർ പിൻമാറണമെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

യുദ്ധം അതിരൂക്ഷമായ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം ബെലറൂസിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ സമാധാന ചർച്ചയിൽ പങ്കെടുത്തത്. ചർച്ച അഞ്ച് മണിക്കൂർ നീണ്ടു. റഷ്യ വെടിനിർത്തലിന് തയ്യാറാകണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടു. വെടിനിർത്തലോ മറ്റ് നിർണായക പ്രഖ്യാപനങ്ങളോ യോഗത്തിൽ ഉണ്ടായില്ല. എന്നാല്‍, ചർച്ചകൾ തുടരാൻ റഷ്യയും യുക്രൈനും തമ്മിൽ ധാരണയിലെത്തി.

നിലവിലെ സാഹചര്യം വിശദമായി വിലയിരുത്തിയെന്നും പരസ്പരം അംഗീകരിക്കാവുന്ന കാര്യങ്ങൾ കണ്ടെത്തിയെന്നും റഷ്യൻ പ്രതിനിധികൾ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയ ആശയവിനിമയം ഫലപ്രദമായിരുന്നുവെന്നും രണ്ടാംഘട്ട ചർച്ചകൾ ഉടനുണ്ടാകുമെന്നും ബെലറൂസ് വിദേശകാര്യ മന്ത്രി അറിയിച്ചു. ബെലറൂസ്- പോളണ്ട് അതിർത്തിയിലാകും അടുത്ത ചർച്ച. എന്നാൽ തീയതി നിശ്ചയിച്ചിട്ടില്ല.

സമാധാന ചർച്ചയിലെ തീരുമാനങ്ങൾ നയതന്ത്ര പ്രതിനിധികൾ പുടിനെയും സെലൻസ്കിയെയും ധരിപ്പിക്കും. ഇതിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. അതിനിടെ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനോട് ആവശ്യപ്പെട്ടു. എന്നാൽ റഷ്യയുടെ സുരക്ഷാ താത്പര്യങ്ങൾ യുക്രൈൻ അംഗീകരിച്ചാൽ മാത്രമേ സംഘർഷത്തിന് അയവുണ്ടാകൂവെന്ന് പുടിൻ വ്യക്തമാക്കി.

TAGS :

Next Story