Quantcast

യുക്രൈനിലെ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതി

കഴിയുന്നത്ര വേഗത്തിൽ അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന് ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ

MediaOne Logo

Web Desk

  • Published:

    1 March 2022 3:54 AM GMT

യുക്രൈനിലെ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതി
X

യുക്രൈനിലെ സാധ്യമായ യുദ്ധക്കുറ്റങ്ങളെക്കുറിച്ചും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ചും കഴിയുന്നത്ര വേഗത്തിൽ അന്വേഷണം ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായി അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ പറഞ്ഞു. തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് അന്വേഷണത്തെ കുറിച്ച് പ്രോസിക്യൂട്ടർ വ്യക്തമാക്കിയത്. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനിടെ യുദ്ധക്കുറ്റങ്ങൾ നടന്നിട്ടുണ്ടെന്ന് വിശ്വസിക്കാൻ 'ന്യായമായ അടിസ്ഥാനം' ഉണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു.ഇതിനെ തുടർന്നാണ് ഇന്റർനാഷണൽ ക്രിമിനൽ കോടതി (ഐ.സി.സി) അന്വേഷണം ആരംഭിക്കാൻ തീരുമാനിച്ചത്.

കഴിയുന്നത്ര വേഗത്തിൽ അന്വേഷണവുമായി മുന്നോട്ട് പോകുമെന്നും കരീം ഖാൻ കൂട്ടിച്ചേർത്തു. യുക്രൈനിൽ റഷ്യൻ സൈന്യത്തിന്റെ സമ്പൂർണ ആക്രമണം നടന്ന് ഒരാഴ്ച തികയും മുമ്പാണ് ഐ.സി.സി അന്വേഷണം പ്രഖ്യാപിക്കുന്നത്.

2002-ൽ ഹേഗ് ആസ്ഥാനമായി സ്ഥാപിതമായ ഐ.സി.സിയുടെ പ്രധാന ചുമതലകൾ വംശഹത്യ, യുദ്ധക്കുറ്റങ്ങൾ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവ അന്വേഷിക്കുകയും വിചാരണ നടത്തുകയും ചെയ്യുക എന്നതാണ്. കോടതി സ്ഥാപിച്ച റോം ചട്ടത്തിൽ യുക്രൈൻ തുടക്കത്തിൽ കക്ഷിയായിരുന്നില്ലെങ്കിലും, 2015-ൽ യുക്രൈൻ സർക്കാർ ഐ.സി.സിയുടെ ഉത്തരവ് അംഗീകരിച്ചിരുന്നു. അതിനാൽ തന്റെ ഓഫീസിന് യുക്രൈനിന് മേൽ അധികാരപരിധിയുണ്ടെന്ന് ചീഫ് പ്രോസിക്യൂട്ടർ പറഞ്ഞു.''ഞാൻ യുക്രൈനിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന്, അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ബാധകമായ നിയമങ്ങൾ കർശനമായി പാലിക്കാനും സംയമനം പാലിക്കാനും വീണ്ടും ആവശ്യപ്പെടുന്നതായും ഖാൻ പറഞ്ഞു.

അതേ സമയം വെടിനിർത്തൽ പ്രഖ്യാപനമുണ്ടാകാത്ത സാഹചര്യത്തിൽ ആറാം ദിവസവും യുക്രൈനിൽ റഷ്യൻ ആക്രമണം തുടരുകയാണ്.യുക്രൈൻ തലസ്ഥാനം കിയവിലേക്ക് റഷ്യയുടെ വൻ സൈനിക വ്യൂഹം. കൂടുതൽ റഷ്യൻ സൈന്യം എത്തിയതെന്ന് കാണിക്കുന്ന സാറ്റലൈറ്റ് ചിത്രം പുറത്തു വന്നു. 65 കിലേമീറ്റർ നീളത്തിലാണ് വാഹന വ്യൂഹം കിയവിലേക്ക് നീങ്ങുന്നത്. യുദ്ധത്തിൽ 14 കുട്ടികൾ ഉൾപ്പെടെ 352 സാധാരണക്കാർ മരിച്ചെന്നാണ് യുക്രൈൻ കണക്ക്.

TAGS :

Next Story