റഷ്യ ആക്രമണം തുടരുന്നു; മൂന്നാംവട്ട സമാധാന ചർച്ച ഇന്ന്
കിയവിൽ യുക്രൈന്‍ സൈനികർ കിടങ്ങുകൾ നിർമിച്ചും റോഡുകൾ അടച്ചും പ്രതിരോധം ശക്തമാക്കി
റഷ്യ-യുക്രൈൻ യുദ്ധം പന്ത്രണ്ടാം ദിനത്തില്‍. തുടക്കം മുതൽ ചെറുത്തുനിൽക്കുന്ന ഖാർകീവ്, തെക്കൻ നഗരമായ മരിയുപോൾ, സുമി നഗരങ്ങളെ വളഞ്ഞ് ആക്രമിക്കുന്ന റഷ്യൻ സേന ഷെല്ലാക്രമണവും വ്യോമാക്രമണവും നിർത്താതെ തുടരുകയാണ്. അതിനിടെ റഷ്യ - യുക്രൈൻ മൂന്നാംവട്ട സമാധാന ചർച്ച ഇന്ന് നടക്കും.
ഇർപിൻ പട്ടണത്തിലും റഷ്യ ബോംബിങ് ശക്തമാക്കി. തന്ത്രപ്രധാനമായ ഹോസ്റ്റോമെൽ വിമാനത്താവളത്തിന് സമീപമാണ് പട്ടണം. കിയവിലേക്ക് മുന്നേറാൻ ശ്രമിക്കുന്ന റഷ്യയുടെ സൈനിക വാഹനവ്യൂഹവും ഇതിനടുത്താണുള്ളത്. റഷ്യൻ മുന്നേറ്റം തടയുന്നതിനായി ഇർപിലെ പാലങ്ങൾ യുക്രൈൻ സൈന്യം തകർത്തു.
കിയവിൽ യുക്രൈന്‍ സൈനികർ കിടങ്ങുകൾ നിർമിച്ചും റോഡുകൾ അടച്ചും പ്രതിരോധം ശക്തമാക്കി. സമീപ പ്രദേശങ്ങളിൽ ഷെല്ലാക്രമണം രൂക്ഷമാണ്. പ്രധാന പാതയിൽ മണൽചാക്കുകളും കോൺക്രീറ്റ് സ്ലാബുകളും നിരത്തി. തെക്കൻ നഗരമായ നോവ കഖോവ്‍ക്കയിൽ പ്രവേശിച്ച റഷ്യൻ സേനയ്ക്കെതിരെ പ്രതിഷേധവുമായി രണ്ടായിരത്തിലേറെപ്പേർ ദേശീയ പതാകയുമായി തെരുവിലിറങ്ങി.
തെക്കൻ നഗരമായ ഒഡേസ ആക്രമിക്കാൻ റഷ്യൻ സേന തയ്യാറെടുക്കുകയാണെന്നും ഖാർകീവ്, മൈക്കലേവ്, ചെർണീവ്, സുമി എന്നിവിടങ്ങൾ വളഞ്ഞിരിക്കുകയാണെന്നും യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമർ സെലൻസ്കി പറഞ്ഞു. മധ്യ യുക്രൈനിലെ നിപ്രോ നഗരം ആക്രമിക്കാനും റഷ്യ നീക്കം തുടങ്ങിയെന്നാണു വിവരം.
റഷ്യക്കെതിരെ ഉപരോധം ശക്തമാക്കണമെന്ന് പടിഞ്ഞാറൻ രാജ്യങ്ങളോട് യുക്രൈൻ വീണ്ടും ആവശ്യപ്പെട്ടു. പോർ വിമാനങ്ങളും ആയുധങ്ങളും എത്തിക്കണമെന്നും അഭ്യർഥിച്ചു. പോളണ്ടിൽനിന്നു പോർവിമാനം എത്തിക്കാൻ ആലോചിക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഉപരോധം മൂലമുള്ള രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യാൻ റഷ്യൻ ഭരണകൂടം നടപടികൾ ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.
Adjust Story Font
16