യുദ്ധം തുടരുന്നു; രാജ്യത്തെ വിഭജിക്കാനാണ് റഷ്യയുടെ ശ്രമമെന്ന് യുക്രൈന്‍
ആക്രമണങ്ങളിലൂടെ റഷ്യ യുക്രൈൻ ജനതയിൽ റഷ്യക്കാർക്കെതിരെ ആഴത്തിലുള്ള വെറുപ്പ് വിതയ്ക്കുകയാണെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ളോദിമിർ സെലൻസ്കി പറഞ്ഞു
യുക്രൈന്‍: യുക്രൈനിൽ റഷ്യയുടെ ആക്രമണം നിർത്താതെ തുടരുകയാണ്. യുക്രൈൻ പ്രസിഡന്‍റുമായുള്ള അഭിമുഖം റിപ്പോർട്ട് ചെയ്യരുതെന്ന് റഷ്യൻ മാധ്യമങ്ങൾക്ക് റഷ്യ മുന്നറിയിപ്പ് നൽകി. ആക്രമണങ്ങളിലൂടെ റഷ്യ യുക്രൈൻ ജനതയിൽ റഷ്യക്കാർക്കെതിരെ ആഴത്തിലുള്ള വെറുപ്പ് വിതയ്ക്കുകയാണെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ളോദിമിർ സെലൻസ്കി പറഞ്ഞു.
യുക്രൈനിൽ റഷ്യയുടെ ആക്രമണം ആരംഭിച്ചിട്ട് ഒരു മാസവും നാല് ദിവസവും പിന്നിടുമ്പോഴും ആക്രമണത്തിൽ അയവ് ഇല്ലാതെ തുടരുകയാണ്. ഖാർകീവിലെ ആണവകേന്ദ്രം ലക്ഷ്യമാക്കി റഷ്യ വീണ്ടും ഷെല്ലാക്രമണം നടത്തി. ചെര്‍ണോബില്‍ ആണവ പ്ലാന്‍റിനോട് ചേര്‍ന്ന ഒരു നഗരം കൂടി റഷ്യന്‍ സേന നിയന്ത്രണത്തിലാക്കി. യുക്രൈൻ തലസ്ഥാനമായ കിയവ് പിടിച്ചെടുക്കുന്നതിൽ പരാജയപ്പെട്ടതോടെ രാജ്യത്തെ വിഭജിക്കാനാണ് റഷ്യയുടെ അടുത്ത ശ്രമമെന്ന് യുക്രൈൻ സൈനിക ഇന്‍റലിജന്‍സ് മേധാവി കിറിലോ ബുദാനോവ് ആരോപിച്ചു. യുക്രൈനിൽ മറ്റൊരു ദക്ഷിണ കൊറിയയും ഉത്തരകൊറിയയും സൃഷ്ടിക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്നും സൈനിക ഇന്‍റലിജന്‍സ് മേധാവി പറഞ്ഞു. ലിവിവിലെ റഷ്യൻ വ്യോമാക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. നിരപരാധികളെ കൊന്നൊടുക്കിയും നഗരങ്ങളെ തരിപ്പണമാക്കിയും നടത്തുന്ന ആക്രമണങ്ങളിലൂടെ റഷ്യ യുക്രൈൻ ജനതയിൽ റഷ്യക്കാർക്കെതിരെ ആഴത്തിലുള്ള വെറുപ്പ് വിതയ്ക്കുകയാണെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ളോദിമിർ സെലൻസ്കി പറഞ്ഞു. റഷ്യൻ ഭാഷ യുക്രൈൻകാർ ഉപേക്ഷിക്കുകയാണെന്നും സെലൻസ്കി പറഞ്ഞു.
അതിനിടെ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനെ വിമർശിച്ച് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ രംഗത്തെത്തി. റഷ്യക്ക് സംഭവിച്ച തന്ത്രപ്രധാനമായ പരാജയമാണ് യുക്രൈൻ സംഘർഷമെന്നും പുടിന് അധികകാലം അധികാരത്തില്‍ തുടരാനാകില്ലെന്നും ബൈഡന്‍ പറഞ്ഞു. റഷ്യയുമായി സമാധാന ഉടമ്പടി ചർച്ച ചെയ്യാൻ യുക്രൈന്‍ തയ്യാറാണെന്ന് സെലൻസ്‌കി റഷ്യൻ മാധ്യമപ്രവർത്തകരോട് വീഡിയോ കോളിലൂടെ അറിയിച്ചു. യുക്രൈൻ പ്രസിഡന്‍റുമായുള്ള അഭിമുഖം റിപ്പോർട്ട് ചെയ്യരുതെന്ന് മാധ്യമങ്ങൾക്ക് റഷ്യ മുന്നറിയിപ്പ് നൽകി. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾക്ക് 63 ബില്യൺ ഡോളറിന്‍റെ നാശനഷ്ടമുണ്ടായതായി യുക്രൈന്‍ പാർലമെന്‍റ് ട്വീറ്റ് ചെയ്തു. അവസാനിക്കാതെ തുടരുന്ന റഷ്യൻ ആക്രമണം ക്രൂരവും വിവേകശൂന്യവുമാണെന്നും ക്രൂരമായ പ്രവൃത്തികൾ ഭാവിയെ നശിപ്പിക്കുമെന്നും ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു.
Adjust Story Font
16