യുക്രൈനിലെ അഞ്ച് മേഖലകളില്‍ ഇന്നും വെടിനിര്‍ത്തല്‍
രക്ഷാപ്രവര്‍ത്തനത്തിനിടയിലും റഷ്യ ഷെല്ലാക്രമണം നടത്തുന്നതായി യുക്രൈന്‍ ആരോപിച്ചു
യുക്രൈനിലെ അഞ്ച് മേഖലകളില്‍ ഇന്നും റഷ്യയുടെ വെടിനിര്‍ത്തല്‍. രക്ഷാപ്രവര്‍ത്തനത്തിനിടയിലും റഷ്യ ഷെല്ലാക്രമണം നടത്തുന്നതായി യുക്രൈന്‍ ആരോപിച്ചു. സുമിയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടിയുള്‍പ്പെടെ പത്തുപേര്‍ കൊല്ലപ്പെട്ടു. മധ്യസ്ഥ ചര്‍ച്ചകളുടെ നാലാം റൗണ്ട് ഇന്ന് നടന്നേക്കും.
കിയവ്, ചെര്‍ണിഹീവ്, സുമി, മരിയുപോള്‍ എന്നിവിടങ്ങളിലാണ് ഇന്ന് റഷ്യയുടെ വെടിനിര്‍ത്തല്‍. റഷ്യന്‍ സമയം രാവിലെ പത്ത് മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്നും മാനുഷിക ഇടനാഴി വഴി ആര്‍ക്കും ഇഷ്ടമുള്ളയിടങ്ങളിലേക്ക് രക്ഷപ്പെടാമെന്നും റഷ്യയുടെ യു.എന്‍ അംബാസഡര്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ യുക്രൈന്‍റെ സ്ഥിരീകരണം ലഭ്യമായിട്ടില്ല. ഇന്നലെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും റഷ്യ, ബെലാറൂസ് ഒഴികെയുള്ളയിടങ്ങളിലേക്ക് ആരെയും രക്ഷപ്പെടാന്‍ റഷ്യ അനുവദിച്ചില്ലെന്ന് യുക്രൈന്‍റെ യു.എന്‍ അംബാസഡര്‍ മറുപടി നല്‍കി. അതിനിടെ സുമിയില്‍ ഇന്നലെ അര്‍ധരാത്രി റഷ്യ നടത്തിയ ആക്രമണത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ പത്ത് പേര്‍ കൊല്ലപ്പെട്ടു. റഷ്യയുടെ ഒരു സൈനിക മേധാവിയെയും കൂടി വധിച്ചതായി യുക്രൈന്‍ അവകാശപ്പെട്ടു.
വെടിനിര്‍ത്തലുള്‍പ്പെടെ നിര്‍ണായക തീരുമാനങ്ങളില്ലാതെ ഇന്നലെ നടന്ന മധ്യസ്ഥ ചര്‍ച്ചയും അവസാനിച്ചു. നാലാം റൗണ്ട് ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന് വാര്‍ത്തകളുണ്ട്. റഷ്യയുടെയും ബെലാറൂസിന്‍റെയും നിരവധി ആസ്തികള്‍ മരവിപ്പിച്ചതായി ജപ്പാന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നതിനായി ലോകബാങ്ക് യുക്രൈന് അടിയന്തര വായ്പാസഹായം പ്രഖ്യാപിച്ചു. 723 മില്യണ്‍ ഡോളറാണ് കൈമാറുക.
Adjust Story Font
16