'സെലൻസ്‌കിയോട് പറഞ്ഞേക്കൂ ഞാൻ അവരെ തകർക്കുമെന്ന് '; യുക്രൈൻ പ്രസിഡന്റിന് പുടിന്റെ മറുപടി
അധിനിവേശം ഒരു മാസത്തിലേറെ പിന്നിടുമ്പോഴും യാതൊരു വിട്ടുവീഴ്ചക്കുമില്ലെന്ന സൂചനയാണ് പുടിൻ നൽകുന്നത്.
മോസ്‌കോ: യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയുടെ സമാധാന ശ്രമങ്ങൾക്ക് പ്രകോപനപരമായ മറുപടിയുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. 'സെലൻസ്‌കിയോട് പറഞ്ഞേക്കൂ, ഞാൻ അവരെ തകർക്കുമെന്ന്'-പുടിൻ പറഞ്ഞു. അനൗദ്യോഗികമായി സമാധാനശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന റഷ്യൻ കോടീശ്വരനും ചെൽസി ഫുട്‌ബോൾ ക്ലബിന്റെ ഉടമസ്ഥനുമായ റോമൻ അബ്രമോവിച്ച് യുക്രൈൻ പ്രസിഡന്റ് സ്വന്തം കൈപ്പടയിലെഴുതിയ കത്തുമായി എത്തിയപ്പോഴാണ് പുടിൻ ഇത്തരത്തിൽ പ്രതികരിച്ചത്.
സമാധാനചർച്ചകളിൽ സഹായിക്കണമെന്ന യുക്രൈന്റെ അഭ്യർഥന സ്വീകരിച്ച അബ്രമോവിച്ച് യുദ്ധം അവസാനിപ്പിക്കാൻ പല ശ്രമങ്ങളും നടത്തിയിരുന്നു. അധിനിവേശം ഒരു മാസത്തിലേറെ പിന്നിടുമ്പോഴും യാതൊരു വിട്ടുവീഴ്ചക്കുമില്ലെന്ന സൂചനയാണ് പുടിൻ നൽകുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിന് യുക്രൈൻ മുന്നോട്ടുവെക്കുന്ന ഉപാധികളാണ് സെലൻസ്‌കിയുടെ കത്തിലുണ്ടായിരുന്നത്.
അതിനിടെ അബ്രമോവിച്ചിനും യുക്രൈൻ പ്രതിനിധി സംഘത്തിനും നേരെ വിഷപ്രയോഗം ഉണ്ടായതായും റിപ്പോർട്ടുണ്ട്. അബ്രമോവിച്ചും യുക്രൈൻ ഉദ്യോഗസ്ഥരും തമ്മിൽ നടന്ന കൂടിക്കാഴ്ചക്ക് ശേഷം ഇരുകൂട്ടർക്കും ശാരീരിക അസ്വാസ്ഥ്യം ഉണ്ടായി. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
Adjust Story Font
16