Quantcast

കടുത്ത നടപടിയിലേക്ക് പുടിൻ; യുക്രൈന്റെ 15 ശതമാനം ഇനി റഷ്യയിൽ- ഔദ്യോഗിക പ്രഖ്യാപനം നാളെ

യുക്രൈൻ നിയന്ത്രണത്തിലുള്ള സാപൊറീഷ്യയും പ്രത്യാക്രമണം തുടരുന്ന കേഴ്‌സോണും നാളെ പുടിൻ റഷ്യയ്‌ക്കൊപ്പം കൂട്ടിച്ചേർക്കാനിരിക്കുന്ന പ്രദേശങ്ങളിലുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-09-29 15:13:33.0

Published:

29 Sep 2022 3:12 PM GMT

കടുത്ത നടപടിയിലേക്ക് പുടിൻ; യുക്രൈന്റെ 15 ശതമാനം ഇനി റഷ്യയിൽ- ഔദ്യോഗിക പ്രഖ്യാപനം നാളെ
X

മോസ്‌കോ: നാല് യുക്രൈൻ പ്രദേശങ്ങൾ നാളെ റഷ്യയോട് കൂട്ടിച്ചേർക്കും. ജനഹിത പരിശോധന നടന്ന പ്രദേശങ്ങളാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഔദ്യോഗികമായി രാജ്യത്തോട് കൂട്ടിച്ചേർത്തുകൊണ്ടുള്ള കരാറിൽ ഒപ്പുവയ്ക്കുന്നത്. യുക്രൈൻ ഭരണകൂടത്തിന്റെ കടുത്ത എതിർപ്പിനിടെയാണ് നാളെ ഔദ്യോഗിക നടപടിക്രമങ്ങൾ നടക്കുന്നത്.

കിഴക്കൻ യുക്രൈനിലെ ലുഹാൻസ്‌ക്, ഡോണെറ്റ്‌സ്‌ക്, ദക്ഷിണ പ്രദേശങ്ങളായ സാപൊറീഷ്യ, കേഴ്‌സോൺ എന്നിവയാണ് റഷ്യയോടൊപ്പം ചേരുന്നത്. യുക്രൈന്റെ 15 ശതമാനം വരുന്നതാണ് പ്രദേശങ്ങൾ. ഇവ റഷ്യയ്‌ക്കൊപ്പം ചേരുന്നതിനായി ജനഹിതം തേടി നടത്തിയ വോട്ടെടുപ്പിൽ ഭൂരിപക്ഷവും അനുകൂലമായാണ് അഭിപ്രായം രേഖപ്പെടുത്തിയതെന്ന് ക്രെംലിൻ വൃത്തങ്ങൾ അവകാശപ്പെടുന്നു. അഞ്ചു ദിവസം നീണ്ടുനിന്ന വോട്ടെടുപ്പിൽ വീടുകൾ കയറിയിറങ്ങിയാണ് സൈന്യം ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ചത്.

മോസ്‌കോയിലെ റെഡ് സ്‌ക്വയറിൽ പ്രത്യേകം തയാറാക്കിയ വേദിയിലാണ് നാളെ പുടിൻ പ്രഖ്യാപനം നടത്തുക. പുടിന്റെ പ്രസംഗം അടക്കമുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്കുശേഷം വേദിയിൽ സംഗീത പരിപാടിയും നടക്കും.

അതേസമയം, വ്യാജ ജനഹിതപരിശോധനകളിൽ ഒരു അർത്ഥവുമില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലെൻസ്‌കി പ്രതികരിച്ചു. അത്തരം വോട്ടെടുപ്പുകൾ യാഥാർത്ഥ്യത്തെ മാറ്റില്ല. യുക്രൈന്റെ പ്രാദേശിക അഖണ്ഡത പുനഃസ്ഥാപിക്കും. ജനഹിത പരിശോധനയ്ക്ക് റഷ്യ അംഗീകാരം നൽകിയാൽ അതിനുള്ള മറുപടി കടുത്തതാകുമെന്നും സെലൻസ്‌കി മുന്നറിയിപ്പ് നൽകി.

യുക്രൈൻ യുദ്ധത്തിനുശേഷം നാലു പ്രദേശങ്ങളുടെയും വലിയൊരു ശതമാനം റഷ്യൻ നിയന്ത്രണത്തിലാണുള്ളത്. ഇതിൽ ലുഹാൻസ്‌ക് ഏകദേശം പൂർണമായും റഷ്യ കീഴടക്കിയിട്ടുണ്ട്. എന്നാൽ, ഡോണെറ്റ്‌സ്‌കിന്റെ 60 ശതമാനം മാത്രമാണ് പുടിന്റെ സൈന്യത്തിനു കീഴിലുള്ളത്. എന്നാൽ, ദക്ഷിണ യുക്രൈന്റെ തലസ്ഥാനമായ സാപൊറീഷ്യ ഇപ്പോഴും യുക്രൈൻ നിയന്ത്രണത്തിലാണ്. കേഴ്‌സോണിൽ റഷ്യയ്‌ക്കെതിരെ പ്രത്യാക്രമണവും നടക്കുന്നുണ്ട്.

Summary: Russia to formally annex four more areas, Luhansk and Donetsk in the east and in Zaporizhzhia and Kherson in the south, of Ukraine tomorrow

TAGS :

Next Story