യുക്രൈൻ യുദ്ധത്തടവുകാരുമായി പോയ റഷ്യൻ സൈനിക വിമാനം തകർന്നു വീണു; 74 മരണം
വിമാനം യുക്രൈൻ വെടിവെച്ചിട്ടതാണെന്ന് റഷ്യൻ പാർലമെന്റ് സ്പീക്കർ ആരോപിച്ചു.
മോസ്‌കോ: റഷ്യൻ സൈനിക വിമാനം തകർന്നുവീണ് 74 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുക്രൈൻ അതിർത്തിയോട് ചേർന്നുള്ള സതേൺ ബെൽഗോറോദ് പ്രവിശ്യയിലാണ് അപകടമുണ്ടായത്. വിമാന ജീവനക്കാരും യാത്രക്കാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 74 പേരും കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
65 യുക്രൈൻ യുദ്ധത്തടവുകാരും ആറ് വിമാന ജീവനക്കാരും മറ്റു മൂന്നുപേരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രവിശ്യയിലെ യാബ്ലോനോവോ ഗ്രാമത്തിന് സമീപം ഒരു വിമാനം വലിയ സ്‌ഫോടന ശബ്ദത്തോടെ താഴേക്ക് പതിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വിമാനം യുക്രൈൻ വെടിവെച്ചിട്ടതാണെന്ന് റഷ്യൻ പാർലമെന്റ് സ്പീക്കർ വ്യാചെസ്ലാവ് വൊലോദിൻ ആരോപിച്ചു. അപകടത്തെക്കുറിച്ച് യുക്രൈൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ ഓഫീസ് അറിയിച്ചു.
Adjust Story Font
16