60കാരന് 280 കിലോ ഭാരം, അഞ്ചുവർഷമായി കിടപ്പിൽ: ഹൃദയാഘാതം മൂലം മരണം
കഞ്ഞിയായിരുന്നു പ്രിയപ്പെട്ട ഭക്ഷണം, ഭക്ഷണമെടുക്കാൻ അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങുന്നതല്ലാതെ വ്യായാമം തീരെയുണ്ടായിരുന്നില്ല...
മൂന്ന് ആനക്കുട്ടികളുടെ ഭാരമെന്നാണ് 60 വയസുകാരനായ ലിയോനിഡ് ആൻഡ്രീവിന്റെ ശരീരഭാരത്തെ കുറിച്ച് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 280 കിലോഗ്രാമായിരുന്നു ലിയോയുടെ ഭാരം. ജീവിതത്തെ തന്നെ ഈ ഭാരം ബാധിച്ചുതുടങ്ങിയപ്പോൾ എങ്ങനെയും കുറയ്ക്കണമെന്ന് തോന്നിത്തുടങ്ങിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. നവംബർ 17ന് അയൽക്കാരാണ് കിടക്കയിൽ മരിച്ച നിലയിൽ ലിയോനിഡിനെ കണ്ടെത്തിയത്.
ശരീരഭാരം മൂലം എഴുന്നേറ്റ് ഇരിക്കാൻ പോലുമാകാതെ കഴിഞ്ഞ അഞ്ചുവർഷമായി ലിയോ കിടപ്പിലായിരുന്നുവെന്ന് അയൽക്കാർ പറയുന്നു. ശരീരഭാരം കുറയ്ക്കാനുള്ള തന്റെ പ്ലാനുകൾ മാധ്യമങ്ങളോട് വിശദീകരിച്ച് ഒരു ദിവസം കഴിഞ്ഞപ്പോഴായിരുന്നു മരണം. ഹൃദയാഘാതം മൂലമാണ് മരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. താൻ ദിവസേന കഴിക്കുന്ന ഭക്ഷണങ്ങൾ പാടെ വെട്ടിക്കുറച്ചെന്ന് ലിയോ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരു കപ്പ് സൂപ്പ് മാത്രമാണ് ഒരു ദിവസത്തെ ആഹാരം.
അല്പമെങ്കിലും ഭാരം കുറിക്കുകയായിരുന്നു ലക്ഷ്യം. അതിനാൽ മാവ് കൊണ്ടുണ്ടാക്കിയ ഒരു ഭക്ഷണവും കഴിച്ചിരുന്നില്ല. ഉച്ചഭക്ഷണത്തിനടക്കം ഒരു കപ്പ് സൂപ്പ് മാത്രം. തന്റെ ഭാരം ഇത്രയും കൂടാനുള്ള കാരണവും ലിയോ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. രാവിലെ എഴുന്നേൽക്കും, ഭക്ഷണം പാകം ചെയ്‌ത് കഴിക്കും, നേരെ ടിവിയുടെ മുന്നിലേക്ക്.. കഞ്ഞിയായിരുന്നു പ്രിയപ്പെട്ട ഭക്ഷണം. കൂടാതെ, ബണ്ണുകൾ, ഉരുളക്കിഴങ്ങ്, റൊട്ടി എന്നിവ ധാരാളം കഴിക്കുമായിരുന്നു എന്നും ലിയോ പറയുന്നു. ഭക്ഷണമെടുക്കാൻ അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങുന്നതല്ലാതെ വ്യായാമം തീരെയുണ്ടായിരുന്നില്ലെന്നും ലിയോ മാധ്യമങ്ങളോട് പറഞ്ഞു.
അമിതഭാരം മൂലമുണ്ടാകുന്ന സമ്മർദ്ദം മൂലം ഹൃദയാഘാതമുണ്ടായതാകാമെന്നാണ് ഡോക്ടർമാർ നൽകുന്ന റിപ്പോർട്ട്. സാധാരണ ജീവിതം നയിക്കണമെങ്കിൽ കുറഞ്ഞത് 44 കിലോയെങ്കിലും കുറയ്ക്കണമെന്ന് ഡോക്ടർമാർ ലിയോക്ക് നേരത്തെ മുന്നറിയിപ്പ് നല്കിയിട്ടുണ്ടായിരുന്നു. ജീവിതശൈലികളിൽ മാറ്റവുമുണ്ടാകുന്നതിന് മുൻപ് വെറും 69 കിലോഗ്രാം മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ ഭാരം. ഒരു കായികതാരം കൂടിയായിരുന്നു എന്നതാണ് അതിശയം.
സൈന്യത്തിലെ ജോലി ഉപേക്ഷിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ കഷ്ടപ്പാടുകൾ ആരംഭിച്ചത്. 2018ലാണ് , അദ്ദേഹത്തിന് ജോലി ഉപേക്ഷിക്കേണ്ടിവന്നത്. തുടർന്ന് സോഫയിലും കിടക്കയിലുമായി ഏകാന്ത ജീവിതം. മൂന്ന് മാസം കൊണ്ട് 31 കിലോ കൂടി. പിന്നീട്, എഴുന്നേറ്റ് നിൽക്കാൻ പോലുമാകാത്ത ഭാരത്തിലേക്ക്. ഭക്ഷണ ആസക്തിയെത്തുടർന്ന് 12 വർഷമായി കിടപ്പിലായ ലുപ് സമാനോ എന്ന യുഎസ് വനിതയുടെ ജീവിതത്തോട് സാമ്യമുള്ളതാണ് ലിയോയുടേതും. മൈ 600lb ലൈഫ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കുമ്പോൾ അവളുടെ ഭാരം 291 കിലോ ആയിരുന്നു. എങ്കിലും, ആരോഗ്യകരമായ ജീവിതശൈലിയുടെയും ശരീരഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയുടെയും സഹായത്തോടെ ലൂപ് സമാണോയുടെ ഇപ്പോഴത്തെ ഭാരം വെറും 90 കിലോയിൽ താഴെ മാത്രമാണ്.
Adjust Story Font
16