കിയവിലേക്ക് ഇരച്ചുകയറി റഷ്യൻപട; യുക്രൈനിൽ മരണം 50 കടന്നു
യുക്രൈനിലെ കരിങ്കടൽ തീരനഗരമായ ഒഡേസയിൽ മാത്രം 18 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് തദ്ദേശ ഭരണകൂടം സ്ഥിരീകരിച്ചിട്ടുള്ളത്
യുക്രൈനിൽ തലസ്ഥാനമായ കിയവിലേക്ക് കുതിച്ച് റഷ്യൻസൈന്യം. രാജ്യത്തിന്റെ മൂന്നുഭാഗത്തുനിന്നും കരമാർഗവും വ്യോമമാർഗവും സൈനികനീക്കം കടുപ്പിച്ചിരിക്കുകയാണ് റഷ്യ. ഇന്നു പുലർച്ചെ ആരംഭിച്ച റഷ്യൻ ആക്രമണത്തിൽ ഇതുവരെ 50 യുക്രൈൻ പൗരന്മാർ കൊല്ലപ്പെട്ടെന്നാണ് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചത്. 10 സിവിലിയന്മാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. നൂറുകണക്കിനുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
ഒഡേസയിലെ സൈനികക്യാംപിൽ കനത്ത വ്യോമാക്രമണം; കൊല്ലപ്പെട്ടത് 18 പേർ
യുക്രൈനിലെ കരിങ്കടൽ തീരനഗരമായ ഒഡേസയിൽ മാത്രം 18 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് തദ്ദേശ ഭരണകൂടം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടത്തെ സൈനിക ആസ്ഥാനത്ത് നടന്ന ആക്രമണത്തിലാണ് ഇത്രയും പേർക്ക് ജീവൻ നഷ്ടപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ പത്ത് സ്ത്രീകളും എട്ട് പുരുഷന്മാരും ഉൾപ്പെടും. ആക്രമണത്തിൽ തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർക്കായി തിരച്ചിലിലാണെന്നും അധികൃതർ പറയുന്നു.
ഇന്ന് റഷ്യ നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് ഒഡേസയിലുണ്ടായതെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ഒഡേസയുടെ വടക്കുമാറി 100 കി.മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന യുക്രൈൻ സൈനികതാവളം ലക്ഷ്യമിട്ടായിരുന്നു റഷ്യൻ ആക്രമണം. യുക്രൈൻ മോൾഡോവയുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണിത്.
യുക്രൈൻ സൈനികവിമാനം വെടിവച്ചിട്ടു; അഞ്ച് മരണം
യുക്രൈൻ സൈനികവിമാനം റഷ്യൻസേന വെടിവച്ചിട്ടു. കരമാർഗമുള്ള റഷ്യയുടെ സൈനിക ഓപറേഷനിലായിരുന്നു സംഭവം. ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടിട്ടുണ്ട്.
തലസ്ഥാനമായ കിയവിനടുത്തായിരുന്നു സംഭവം. 14 സൈനികരടങ്ങിയ വിമാനമാണ് ആക്രമണത്തിനിരയായത്.
കിയവിലേക്ക് കുതിച്ച് സൈനികവാഹനങ്ങൾ
യുക്രൈൻ തലസ്ഥാനമായ കിയവ് ലക്ഷ്യമിട്ട് കുതിക്കുകയാണ് റഷ്യൻസൈനിക വാഹനങ്ങൾ. ബെലാറസ് അതിർത്തിയിലൂടെയാണ് സൈന്യം ഇവിടെയെത്തിയത്. ഇവിടെ യുക്രൈൻ-റഷ്യൻ സൈന്യങ്ങൾ തമ്മിൽ കടുത്ത ഏറ്റുമുട്ടൽ നടക്കുകയാണ്.
റഷ്യൻ ഹെലികോപ്ടറുകളും യുദ്ധവിമാനങ്ങളുമെല്ലാം നഗരത്തിന്റെ ആകശത്തിലൂടെ പറന്നുകൊണ്ടിരിക്കുന്നത് കാണാമെന്ന് എ.എഫ്.പി ലേഖകൻ റിപ്പോർട്ട് ചെയ്തു. കിയവിനടുത്തുള്ള സൈനിക വിമാനത്താവളത്തിനുനേരെ റഷ്യൻ മിസൈൽ പതിച്ചു.
സമ്മറി: Russian Military Advances Into Kyiv Region, Death toll rises 50 in Ukraine
Adjust Story Font
16