Quantcast

യുക്രൈനുമായുള്ള ചർച്ചയിൽ ഗുണകരമായ മാറ്റമുണ്ടെന്ന് റഷ്യൻ പ്രസിഡൻറ് പുടിൻ

യുക്രൈനെതിരെ യുദ്ധം തുടങ്ങി രണ്ടാഴ്ച കഴിഞ്ഞിരിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    11 March 2022 3:08 PM GMT

യുക്രൈനുമായുള്ള ചർച്ചയിൽ ഗുണകരമായ മാറ്റമുണ്ടെന്ന് റഷ്യൻ പ്രസിഡൻറ് പുടിൻ
X

യുക്രൈനുമായി റഷ്യ നടത്തുന്ന ചർച്ചയിൽ ഗുണകരമായ മാറ്റമുണ്ടെന്ന് പ്രസിഡൻറ് വ്‌ളാഡ്മിർ പുടിൻ. ബലറൂസ് പ്രസിഡൻറ് അലക്‌സാണ്ടർ ലുകാഷെങ്കോയോടൊപ്പമുള്ള ടെലിവിഷൻ അഭിമുഖത്തിലാണ് പുടിന്റെ പ്രതികരണം. യുക്രൈനെതിരെ യുദ്ധം തുടങ്ങി രണ്ടാഴ്ച കഴിഞ്ഞിരിക്കുകയാണ്. ഈ ഘട്ടത്തിൽ ചർച്ചയിൽ പങ്കെടുക്കുന്ന തങ്ങളുടെ പ്രതിനിധികൾ ഗുണകരമായ ചർച്ച നടക്കുന്നതായി അറിയിച്ചുവെന്നാണ് പുടിൻ വ്യക്തമാക്കിയത്. ഇപ്പോൾ മിക്കദിവസവും ചർച്ച നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 24 ന് യുക്രൈനിലേക്ക് റഷ്യൻ സൈന്യം അധിനിവേശം തുടങ്ങിയ ശേഷം നിരവധി തവണ ചർച്ചകൾ നടന്നിട്ടുണ്ട്. വ്യാഴാഴ്ച റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റോവും യുക്രൈന്റെ ദിമിത്രോ കുലേബയും തുർക്കിയിൽ വെച്ച് ചർച്ച നടത്തിയിരുന്നെങ്കിലും പുരോഗതിയുണ്ടായിരുന്നില്ല. യുദ്ധത്തിൽ ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. രണ്ട് മില്യൺ ജനങ്ങൾ പലായനം ചെയ്യുകയും ചെയ്തു.

യുദ്ധം തുടങ്ങിയതോടെ തങ്ങൾക്കെതിരെ പടിഞ്ഞാറൻ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം റഷ്യയെ ശക്തിപ്പെടുത്തുകയേ ഉള്ളൂവെന്ന് പുടിൻ പറഞ്ഞു. ഏറെ ഉപരോധങ്ങൾ അനുഭവിച്ച സോവിയറ്റ് റഷ്യൻ തലമുറയിൽപ്പെട്ടവരാണ് തങ്ങളെന്നും അന്ന് നാട് ശക്തിപ്പെടുകയാണുണ്ടായതെന്നും ലുകാഷെങ്കോ പറഞ്ഞു. കിഴക്കൻ യുക്രൈനിലെ സാധാരണക്കാരെ കൊല്ലുന്നതിലും നാറ്റോ വിപുലീകരണത്തിലുമുള്ള തങ്ങളുടെ ആശങ്കകൾ പടിഞ്ഞാറൻ രാജ്യങ്ങൾ പരിഗണിക്കാതെ യുദ്ധം അവസാനിക്കില്ലെന്നാണ് റഷ്യ തീർത്തുപറഞ്ഞിരിക്കുന്നത്. റഷ്യയുടെ അയൽരാജ്യങ്ങളെ നാറ്റോയിൽ അംഗങ്ങളാക്കാനുള്ള യുഎസ് ശ്രമമാണ് റഷ്യയെ പ്രകോപിപ്പിച്ചിരിക്കുന്നത്.

യുക്രൈന് പിറകെ അവർക്കെതിരെയുള്ള യുദ്ധത്തിൽ ഒന്നിച്ച് പോരാടാൻ വിദേശ പോരാളികളെ തേടി റഷ്യൻ പ്രസിഡൻറ് വ്‌ളാഡ്മിർ പുടിൻ നേരത്തെ രംഗത്തെത്തിയിരുന്നു. റഷ്യൻ സുരക്ഷാ കൗൺസിലിൽ സംസാരിക്കവേയാണ് അദ്ദേഹം യുദ്ധത്തിലേക്ക് വിദേശ വളണ്ടിയർമാരെ ക്ഷണിച്ചത്. നിലവിൽ റഷ്യൻ പക്ഷത്ത് നിന്ന് യുദ്ധം ചെയ്യാൻ 16,000 വളണ്ടിയർമാർ മധ്യേഷ്യയിൽ തയാറാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ഷോയ്ഗു അറിയിച്ചു. എന്നാൽ നഗരയുദ്ധത്തിൽ പ്രാവിണ്യമുള്ള സിറിയൻ യോദ്ധാക്കളാണിവരെന്നാണ് യുഎസ് പറയുന്നത്. റഷ്യ ദീർഘകാലമായി സിറിയയുടെ സഖ്യകക്ഷിയാണ്. സിറിയൻ ആഭ്യന്തര യുദ്ധത്തിൽ പ്രസിഡൻറ് ബഷാറുൽ അസദിനെ പൂർണ പിന്തുണയാണ് പുടിൻ നൽകിവരുന്നത്.

യുക്രൈനിലെ തെക്കു കിഴക്കൻ പ്രദേശത്തുള്ള ഡോൺബാസിലേക്ക് ആളുകളെ എത്തിക്കാനാണ് പുടിൻ നിർദേശം നൽകിയിരിക്കുന്നത്. ''ഡോൺബാസിലെ ജനങ്ങളെ സഹായിക്കാനായി പണത്തിന് വേണ്ടിയല്ലാതെ പോകാൻ ആരെങ്കിലും സന്നദ്ധരാണെങ്കിൽ അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുത്ത് കൊണ്ടുപോകണം'' പുടിൻ തന്റെ പ്രതിരോധ മന്ത്രിയോട് പറഞ്ഞു. പടിഞ്ഞാറൻ സൈന്യത്തിൽ നിന്ന് പിടിച്ചെടുത്ത ആൻറി ടാങ്ക് മിസൈൽ ലുഹാൻസ്‌ക്, ഡോണെറ്റ്‌സ്‌ക് എന്നീ പ്രദേശങ്ങളിലെ റഷ്യൻ വിമതർക്ക് നൽകാനും പുടിൻ സമ്മതിച്ചു. യുക്രൈനിന്റെ ചില ഭാഗങ്ങളിൽ ആക്രമണം ശക്തമാക്കാനൊരുങ്ങിയതോടെയാണ് സുരക്ഷാ കൗൺസിൽ ചേർന്നത്.

Russian President Vladimir Putin has said that there is a positive Shift in the talks with Ukraine

TAGS :

Next Story