Quantcast

ഖുർആന്‍ പ്രതിയില്‍ ചുംബിച്ച് പുടിൻ; 13 വർഷത്തിനിടെ ആദ്യമായി ചെച്‌നിയയിൽ-സന്ദർശനത്തിനു പിന്നിലെന്ത്?

ഗ്രോസ്‌നിയിൽ പുതുതായി പണികഴിപ്പിച്ച മസ്ജിദ് ഈസയിലും കദിറോവിനൊപ്പം പുടിൻ എത്തി. ചെചൻ സുപ്രീം മുഫ്തി സലാഹ് മെസിയേവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പള്ളിയിൽ പുടിനെയും സംഘത്തെയും സ്വീകരിച്ചത്

MediaOne Logo

Web Desk

  • Published:

    22 Aug 2024 2:27 PM GMT

Russian President Vladimir Putin kisses Quran in his first visit to Chechnya in nearly 13 years
X

മോസ്‌കോ/ഗ്രോസ്നി: 13 വർഷത്തെ ഇടവേളയ്ക്കുശേഷം മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ചെച്‌നിയയിൽ സന്ദർശനം നടത്തിയിരിക്കുകയാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. റഷ്യൻ അധീന പ്രവിശ്യയായ കുർസ്‌കിൽ യുക്രൈൻ സൈന്യം പ്രത്യാക്രമണം ശക്തമാക്കുന്നതിനിടെയാണ് പുടിന്റെ അപ്രതീക്ഷിത സന്ദർശനം. ചെച്‌നിയൻ തലസ്ഥാനമായ ഗ്രോസ്‌നിയിലെത്തി മുസ്‍ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതും നഗരത്തിലെ മുസ്‌ലിം പള്ളിയിലെത്തി ഖുർആൻ പ്രതി സമ്മാനമായി ഏറ്റുവാങ്ങിയതുമെല്ലാം വലിയ വാര്‍ത്തയായിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് പുടിൻ ഔദ്യോഗിക സന്ദർശനാർഥം ചെച്‌നിയയിലെത്തുന്നത്. ഗ്രോസ്‌നിയിലുള്ള സൈനിക പരിശീലന കേന്ദ്രമായ റഷ്യൻ സ്‌പെഷൽ ഫോഴ്‌സസ് യൂനിവേഴ്‌സിറ്റി സന്ദർശിക്കാനാണ് പുടിൻ എത്തിയതെന്നാണു വിവരം. ഇവിടെ പ്രത്യേകം പരിശീലനം ലഭിച്ച സൈനികരെ യുക്രൈനെതിരായ ആക്രമണത്തിന് അയയ്ക്കാനിരിക്കുകയാണ്. ഇതിന്റെ മുന്നോടിയായാണ് പുടിൻ ഇവിടെ എത്തിയത്.

2022 ഫെബ്രുവരിയിൽ റഷ്യ യുക്രൈൻ ആക്രമണം ആരംഭിച്ചതിനുശേഷം 47,000ത്തിലേറെ സൈനികർ ഇവിടെ പരിശീലനം നേടിയിട്ടുണ്ടെന്ന് 'യൂറോ ന്യൂസ്' റിപ്പോർട്ട് ചെയ്യുന്നു. വലിയൊരു ശതമാനം ചെച്‌നിയൻ വംശജരും ഇക്കൂട്ടത്തിലുണ്ട്. ഇവരെ നേരിൽക്കണ്ട പുടിൻ സൈനികേെര പ്രത്യേകം അഭിനന്ദിക്കാനും മറന്നില്ല. ഇങ്ങനെയുള്ള ആൺകുട്ടികളുണ്ടാകുമ്പോൾ റഷ്യ എന്നും അജയ്യമായിരിക്കുമെന്നാണ് പുടിൻ പ്രകീർത്തിച്ചത്.

ചെചൻ റിപബ്ലിക്ക് പ്രസിഡന്റ് റംസാൻ കദിറോവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുടിനെ ഗ്രോസ്‌നിയിൽ സ്വീകരിച്ചത്. 13 വർഷമായി തങ്ങൾ പുടിന്റെ സന്ദർശനത്തിനായുള്ള കാത്തിരിപ്പിലായിരുന്നുവെന്ന് കദിറോവ് പറഞ്ഞു. ചെചൻ റിപബ്ലിക്ക് ഉൾപ്പെടെ ഒരുപാട് വിഷയങ്ങളും പ്രശ്‌നങ്ങളും ദിനംപ്രതിയെന്നോണം കൈകാര്യം ചെയ്യുന്ന നേതാവാണ് പുടിൻ. യുക്രൈനോട് പോരാടാനായി പതിനായിരക്കണക്കിനു പോരാളികൾ ഇവിടെ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്രോസ്‌നിയിൽ പുതുതായി പണികഴിപ്പിച്ച മസ്ജിദ് ഈസയിലും കദിറോവിനൊപ്പം പുടിൻ എത്തി. ചെചൻ സുപ്രീം മുഫ്തി സലാഹ് മെസിയേവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പള്ളിയിൽ പുടിനെയും സംഘത്തെയും സ്വീകരിച്ചത്. മുഫ്തി സ്വർണാലങ്കൃതമായ ഖുർആൻ പ്രതി റഷ്യൻ പ്രസിഡന്റിനു സമ്മാനിക്കുകയും ചെയ്തു. പ്രബല ചെചൻ മുസ്‌ലിം സംഘടനയായ മുസ്‌ലിംസ് ഓഫ് ദി ചെചൻ റിപബ്ലിക് തലവൻ അധ്യക്ഷൻ കൂടിയാണ് മുഫ്തി സലാഹ്. ഖുർആന്റെ പ്രതി ഏറ്റുവാങ്ങി മുത്തം നൽകുന്ന ദൃശ്യങ്ങളിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

പുടിന്റെ സന്ദർശനത്തിനു പിന്നിലെന്ത്?

1991ൽ സോവിയറ്റ് യൂനിയൻ തകർച്ചയ്ക്കുശേഷം സ്വതന്ത്രമായ പ്രദേശങ്ങളിലൊന്നാണ് ചെച്‌നിയ. റഷ്യൻ ഫെഡറേഷനിൽനിന്നു മാറി സ്വതന്ത്ര രാജ്യമായി നിൽക്കണമെന്ന മുറവിളി ചെച്‌നിയയിൽ ശക്തമായിരുന്നു. അങ്ങനെയാണ് 1996ൽ ബോറിസ് യെൽസിന്റെ നേതൃത്വത്തിൽ ഇക്കാര്യത്തിൽ ധാരണയായത്. എന്നാൽ, 1999ലെ രണ്ടാം ചെചൻ യുദ്ധത്തിലൂടെ പ്രദേശത്തെ റഷ്യൻ റിപബ്ലിക്കിനു കീഴിലുള്ള ഫെഡറൽ പ്രദേശമായി നിർത്തുകയായിരുന്നു അന്ന് പ്രധാനമന്ത്രിയായിരുന്ന വ്‌ളാദിമിർ പുടിൻ ചെയ്തത്. വൻ രക്തച്ചൊരിച്ചിൽ കണ്ട യുദ്ധത്തിൽ 50,000ത്തോളം മനുഷ്യർക്കാണു ജീവൻ നഷ്ടപ്പെട്ടത്. റഷ്യയിൽനിന്നു വിഘടിച്ചുപോകണമെന്ന് ആവശ്യപ്പെട്ടു പോർമുഖത്തുണ്ടായിരുന്നവരെയും തീവ്രവിഭാഗങ്ങളെയും ശക്തമായി അടിച്ചമർത്തി. തലസ്ഥാനമായ ഗ്രോസ്‌നി യുദ്ധത്തിൽ ചാരമായി മാറി.

റഷ്യൻ റിപബ്ലിക്കായി പ്രഖ്യാപിച്ച ശേഷമാണ് 2007ൽ റംസാൻ കദിറോവിനെ ചെചൻ പ്രസിഡന്റായി പുടിൻ നിയമിക്കുന്നത്. യുദ്ധക്കെടുതികളിൽ തകർന്ന ചെച്‌നിയയുടെ പുനർനിർമാണത്തിനായി റഷ്യ കദിറോവിനെ കൈയഴച്ചു സഹായിച്ചു. എന്നും പുടിന്റെ വിശ്വസ്തനായി തുടരുകയും ചെയ്തു കദിറോവ്.

ഏറ്റവുമൊടുവിൽ, 2022 യുക്രൈൻ അധിനിവേശത്തിൽ റഷ്യയ്ക്ക് സൈനിക പിന്തുണയുമായി കദിറോവ് ശക്തമായി പുടിനു പിന്തുണ പ്രഖ്യാപിച്ചു. 19,000 സന്നദ്ധ സേവകരടക്കം 40,000ത്തിലേറെ സൈനികരെ യുക്രൈനെ നേരിടാനായി ചെച്‌നിയ യുദ്ധമുഖത്തേക്ക് അയച്ചിട്ടുണ്ട്. ഇതിനുള്ള നന്ദിപ്രകടനമായി 2022ൽ കദിറോവിന് റഷ്യ ലഫ്റ്റനന്റ് ജനറൽ പദവി നൽകി. യുദ്ധത്തിൽ യുക്രൈന്റെ ഭാഗത്തുനിന്നു തിരിച്ചടിയേറ്റ ഘട്ടത്തിൽ റഷ്യയിൽ സൈനിക നിയമം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു രംഗത്തെത്തിയ നേതാക്കളിലൊരാളാണ് കദിറോവ്. പുടിന്റെയും റഷ്യയുടെയും സ്വന്തക്കാരനായതു കൊണ്ടുതന്നെ അമേരിക്കയുടെ കണ്ണിൽകരടുമാണ് അദ്ദേഹം. യു.എസ് ഉപരോധം പ്രഖ്യാപിച്ച ലോകനേതാക്കളുടെ പട്ടികയിൽ കദിറോവുമുണ്ട്.

എന്നാൽ, ചെച്‌നിയയിൽ ഒരു വശത്ത് കദിറോവിനെതിരെ വിമതസ്വരവും ശക്തമാണ്. വിദേശത്തും നാട്ടിലുമടക്കം നിരവധി ചെച്‌നിയക്കാരുടെ കൊലപാതകത്തിൽ കദിറോവിനും പങ്കുണ്ടെന്നു പലപ്പോഴായി ആരോപണമുയർന്നിട്ടുണ്ട്. അക്രമത്തിലൂടെയും ഭീഷണികളിലൂടെയും എതിർശബ്ദങ്ങളെ അടിച്ചമർത്തുകയാണെന്നാണ് ചെചൻ മനുഷ്യാവകാശ സംഘങ്ങൾ അദ്ദേഹത്തിനെതിരെ ആരോപണമുയർത്തുന്നത്. ഇതിനിടയിൽ, റഷ്യയ്‌ക്കെതിരെ യുക്രൈനെ സഹായിക്കാനായി ഒരു വിഭാഗം ചെചൻ പോരാളികൾ യുദ്ധമുഖത്തേക്കിറങ്ങിയതും വലിയ വാർത്തയായിരുന്നു.

ചെച്‌നിയൻ മുസ്‌ലിംകളെ എന്നും തങ്ങൾക്കൊപ്പം നിർത്താനും പലപ്പോഴും പുടിൻ ശ്രമിച്ചിട്ടുണ്ട്. ഗ്രോസ്‌നിലെ പള്ളി സന്ദർശനത്തിനും ഖുർആൻ സമ്മാനിച്ചതിനുമെല്ലാം അത്തരം രാഷ്ട്രീയമാനങ്ങൾ കൽപിക്കുന്നവരുമുണ്ട്. ഇതിനുമുൻപും പലതവണ ചെച്‌നിയയിൽ മുസ്‌ലിം പള്ളികൾ സന്ദർശിക്കുകയും മുസ്‌ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും നിരന്തര സമ്പർക്കം പുലർത്തുകയും ചെയ്യാറുണ്ട് അദ്ദേഹം. യുക്രൈൻ യുദ്ധത്തിനിടയിൽ തന്നെ കഴിഞ്ഞ ബലിപെരുന്നാൾ കാലത്ത് റഷ്യൻ ഫെഡറേഷനു കീഴിലുള്ള ദാഗിസ്താനിലെ ഡെർബെന്റിലുള്ള ചരിത്രപ്രാധാന്യമുള്ള പള്ളിയിലെത്തിയിരുന്നു അദ്ദേഹം. അന്നും ഖുർആൻ പ്രതി സമ്മാനമായി സ്വീകരിച്ചതും വാർത്തകളിൽനിറഞ്ഞിരുന്നു. ഖുർആനെ അപമാനിക്കുന്നത് റഷ്യയിൽ ക്രിമിനൽ കുറ്റമാണെന്ന് പുടിൻ പ്രഖ്യാപിച്ചത് ആ സന്ദർശനത്തിനിടെയായിരുന്നു. സ്വീഡനിൽ ഖുർആൻ കത്തിച്ച സംഭവം വലിയ കോളിളക്കം സൃഷ്ടിച്ച സമയത്തായിരുന്നു പ്രഖ്യാപനം.

വിദേശരാജ്യങ്ങളുടെ സഹായത്തോടെ കുർസ്‌കിൽ ഉൾപ്പെടെ വൻ പ്രത്യാക്രമണമാണ് അടുത്തിടെയായി യുക്രൈൻ നടത്തുന്നത്. ഇതിനിടയിലാണു കൂടുതൽ ചെചൻ സൈനികരെ യുദ്ധമുഖത്തേക്ക് അയയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. സ്വന്തം റിപബ്ലിക്കായി കാൽക്കീഴിൽ നിർത്തുന്നതിനൊപ്പം യുക്രൈൻ യുദ്ധത്തിൽ സൈനികബലമായും ചെച്‌നിയയെ നിലനിർത്തുകയാണ് പുടിന്റെ പുതിയ സന്ദർശനത്തിന്റെ ലക്ഷ്യമെന്നാണു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Summary: Russian President Vladimir Putin kisses Quran in his first visit to Chechnya in nearly 13 years

TAGS :

Next Story