പ്രസവാശുപത്രിക്ക് നേരെ ഷെല്ലാക്രമണം: റഷ്യക്കെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന് സെലന്‍സ്കി
എല്ലാവരെയും ഒഴിപ്പിച്ചതിനാല്‍ ആളപായമില്ല
യുക്രൈന്‍ തലസ്ഥാനമായ കിയവിന് സമീപമുള്ള പ്രസവാശുപത്രിക്കു നേരെ റഷ്യയുടെ ഷെല്ലാക്രമണം. എല്ലാവരെയും ഒഴിപ്പിച്ചതിനാല്‍ ആളപായമില്ലെന്ന് ആശുപത്രി സിഇഒ വിറ്റാലി ഗിരിൻ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കനത്ത പോരാട്ടം നടക്കുന്ന ബുസോവ ഗ്രാമത്തിലെ ആശുപത്രിക്കു നേരെയാണ് ആക്രമണമുണ്ടായത്- "പ്രസവാശുപത്രിക്ക് എന്ത് സംഭവിച്ചു എന്ന് എല്ലാവരും ചോദിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. ഷെല്ലാക്രമണത്തില്‍ വലിയ നാശനഷ്ടം സംഭവിച്ചു. പക്ഷേ ആശുപത്രി കെട്ടിടം അവിടെയുണ്ട്. ആശുപത്രിയിലുണ്ടായിരുന്ന എല്ലാവരെയും ഒഴിപ്പിച്ചു. എല്ലാവരും സുരക്ഷിതമായ സ്ഥലങ്ങളിലാണ്" ഹൈറിൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
സിവിലിയൻമാർക്കെതിരായ ആക്രമണത്തിൽ റഷ്യക്കെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമര്‍ സെലന്‍സ്കി ആവശ്യപ്പെട്ടു. സാധാരണക്കാരെ ലക്ഷ്യമിടില്ലെന്ന പുടിന്‍റെ അവകാശവാദം തെറ്റാണെന്ന് ഇതോടെ വ്യക്തമായെന്നാണ് ഉയരുന്ന വിമര്‍ശനം.
ഖാർകിവിലും ജനവാസ കേന്ദ്രങ്ങളില്‍ ആക്രമണമുണ്ടായി. ഇവിടെ മൂന്ന് കുട്ടികൾ ഉൾപ്പെടെ 9 പേർ കൊല്ലപ്പെട്ടു. കെട്ടിടങ്ങളില്‍ തീപടരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒഖ്തീര്‍ഖയില്‍ റഷ്യയുടെ പീരങ്കി ആക്രമണത്തിൽ 70 സൈനികർ കൊല്ലപ്പെട്ടു. യുക്രൈനിലെ ആറു ദിവസത്തെ റഷ്യൻ അധിനിവേശത്തിൽ ഇതുവരെ 350ലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടു.
ജനവാസ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി യുക്രൈനെ സമ്മര്‍ദത്തിലാക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് പ്രസിഡന്‍റ് വ്ലാദിമര്‍ സെലന്‍സ്കി പ്രതികരിച്ചു. സമാധാന ചര്‍ച്ചകള്‍ക്കിടെയാണ് റഷ്യ ആക്രമണം കടുപ്പിച്ചത്. കിയവ് ലക്ഷ്യമാക്കിയുള്ള റഷ്യൻ സൈനിക മുന്നേറ്റത്തിന്റെ ഉപഗ്രഹ ചിത്രം പുറത്തുവന്നു. നൂറുകണക്കിന് സൈനിക വാഹനങ്ങളും ടാങ്കുകളും കിയവ് ലക്ഷ്യമാക്കി നീങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 64 കിലോമീറ്റർ നീളത്തിലുള്ള സൈനിക വ്യൂഹം നഗരത്തിന് 27 കിലോമീറ്റർ അടുത്തെത്തിതായി ചിത്രം പുറത്തുവിട്ട യുഎസ് ഏജൻസി വ്യക്തമാക്കി. ബെലാറൂസ് വഴിയും റഷ്യൻ സേനയുടെ മുന്നേറ്റം ശക്തമാണ്.
WATCH: Heavy shelling of buildings in Kharkiv, eastern Ukraine pic.twitter.com/J6F6xkGl8d
— BNO News (@BNONews) February 28, 2022
Adjust Story Font
16