കാമുകനെ ഉപേക്ഷിക്കാൻ നിർബന്ധിച്ചു; അമ്മയെ കൊല്ലാൻ ക്വട്ടേഷൻ നൽകി 14കാരി
38കാരിയായ അനസ്താസിയ മിലോസ്‌സ്കായയെ റഷ്യയിലെ മോസ്കോയ്ക്ക് സമീപമാണ് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്
റഷ്യയിൽ അമ്മയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയതിന് 14കാരി അറസ്റ്റിൽ. കാമുകനുമായി ബന്ധം വേർപെടുത്താൻ അമ്മ നിർബന്ധിച്ചതിൽ പ്രകോപിതയായ പെൺകുട്ടി അമ്മയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ഒരു സംഘത്തെ ഏർപ്പാടാക്കുകയായിരുന്നു.
38കാരിയായ അനസ്താസിയ മിലോസ്‌സ്കായയെ റഷ്യയിലെ മോസ്കോയ്ക്ക് സമീപമാണ് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. മർദിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. മിലോസ്‌സ്കായുടെ മകളും 15 വയസുള്ള കാമുകനുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം.
മിലോസ്‌സ്കായയെ കൊല്ലാൻ മറ്റ് രണ്ട് കൗമാരക്കാർക്ക് ഇരുവരും 3,650 പൗണ്ട് (3,72,156 രൂപ) നൽകിയെന്നാണ് കണ്ടെത്തൽ. മിലോസ്‌സ്കായുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ തന്നെയായിരുന്നു പെൺകുട്ടിയുടെ സുഹൃത്തിനെയും താമസം. ഇരുവരും തമ്മിലുള്ള ബന്ധം മകളെ മോശമായ രീതിയിൽ സ്വാധീനിക്കുന്നുവെന്ന് പറഞ്ഞ് ഉടൻ തന്നെ ഫ്ലാറ്റ് ഒഴിഞ്ഞുപോകാൻ ആണ്കുട്ടിയോട് മിലോസ്‌സ്കാ നിർദേശിച്ചു. തുടർന്നാണ് ഇവരെ കൊല്ലാൻ ഇരുവരും പദ്ധതിയിട്ടതെന്ന് പോലീസ് പറയുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യുവതിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹം പെൺകുട്ടി താമസിക്കുന്ന ഫ്ലാറ്റിൽ തന്നെ ഉപേക്ഷിച്ച് കൊലയാളികൾ മടങ്ങി. രണ്ടുദിവസത്തിന് ശേഷം സംസ്കരിക്കാനായിരുന്നു പദ്ധതി. അമ്മയുടെ സേവിങ്സ് കൊണ്ട് തുടർന്ന് ജീവിക്കാനായിരുന്നു ഇരുവരുടെയും തീരുമാനമെന്നും പോലീസ് പറയുന്നു.
14 നും 17 നും ഇടയിൽ പ്രായമുള്ളവരാണ് കൊലയാളികളെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തുടരന്വേഷണത്തിനായി പെൺകുട്ടിയെയും സുഹൃത്തിനേയും ഒരു മാസം തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. പരമാവധി പത്ത് വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് പോലീസ് പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണ്.
Adjust Story Font
16