Quantcast

''നാട്ടുകാരെ കൊല്ലരുതേ..'' അപേക്ഷിച്ച് മേയർ, റഷ്യൻ സൈന്യത്തെ അനുസരിക്കാൻ നിർദേശം; ഖേഴ്സന്‍ കീഴടങ്ങി

ഖേഴ്‌സനിൽ സൈനികതാവളമൊരുക്കിയായിരിക്കും റഷ്യന്‍സൈന്യം മറ്റു മേഖലകളിൽ ഇനി ആക്രമണം വ്യാപിപ്പിക്കുക

MediaOne Logo

Web Desk

  • Updated:

    2022-03-03 13:17:36.0

Published:

3 March 2022 11:56 AM GMT

നാട്ടുകാരെ കൊല്ലരുതേ.. അപേക്ഷിച്ച് മേയർ, റഷ്യൻ സൈന്യത്തെ അനുസരിക്കാൻ നിർദേശം; ഖേഴ്സന്‍ കീഴടങ്ങി
X

ദക്ഷിണ യുക്രൈനിലെ സുപ്രധാന നഗരമായ ഖേഴ്‌സൻ കീഴടക്കി റഷ്യ. കരിങ്കടൽ തീരത്തെ തുറമുഖ നഗരമായ ഖേഴ്‌സൻ കനത്ത പോരാട്ടത്തിനൊടുവിലാണ് റഷ്യൻസേനയ്ക്ക് കീഴിലാകുന്നത്. എട്ടുദിവസമായി തുടരുന്ന യുക്രൈനിലെ സൈനികനടപടിക്കിടയിൽ റഷ്യൻസേന പിടിയിലാക്കുന്ന ഏറ്റവും സുപ്രധാന നഗരമാണ് ഖേഴ്‌സൻ.

റഷ്യൻ സൈന്യം കനത്ത ആക്രമണമാണ് നഗരത്തിൽ നടത്തിയത്. നഗരസഭാ കാര്യാലയം പിടിച്ചടക്കിയ സൈന്യം നഗരത്തിൽ കർഫ്യു പ്രഖ്യാപിക്കുകയു ചെയ്തിട്ടുണ്ടെന്ന് ഖേഴ്‌സൻ മേയർ ഇഗോർ കൊലിഖേവ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മൂന്നു ലക്ഷത്തോളമാണ് നഗരത്തിലെ ജനസംഖ്യ.

''സൈന്യത്തെ അനുസരിക്കൂ; കര്‍ഫ്യൂ പാലിക്കൂ''

റഷ്യൻസൈന്യത്തെ അനുസരിക്കാൻ മേയർ നാട്ടുകാരോട് നിർദേശിച്ചിട്ടുണ്ട്. റഷ്യൻസൈന്യം മുന്നോട്ടുവയ്ക്കുന്ന നിബന്ധനകളെല്ലാം അനുസരിക്കണമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.

രാത്രി എട്ടുമുതൽ പുലർച്ചെ ആറുവരെയാണ് റഷ്യൻസേന കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ടുപേരിൽ കൂടുതൽ ആളുകൾ കൂടുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണവും മരുന്നുകളും മറ്റ് അവശ്യവസ്തുക്കളുമായി എത്തുന്ന വാഹനങ്ങളെമാത്രമേ നഗരത്തിൽ പ്രവേശിപ്പിക്കൂ. കുറഞ്ഞ വേഗത്തിൽ മാത്രമേ നഗരത്തിൽ വാഹനം ഓടിക്കാനും പാടുള്ളൂവെന്നും സൈന്യത്തിന്റെ നിർദേശങ്ങളിൽ പറയുന്നു.


ഫേസ്ബുക്ക് കുറിപ്പിൽ സിവിലിയന്മാരെ വെടിവയ്ക്കരുതെന്ന് ഇഗോർ കൊലിഖോവ് റഷ്യൻ സൈന്യത്തോട് അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. യുക്രൈൻ സൈന്യം സമ്പൂർണമായി നഗരത്തിൽനിന്ന് പിന്മാറിയിട്ടുണ്ടെന്നും ഇതിനാൽ ഇനി ആക്രമണം തുടരുന്നതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇനി പോരാട്ടം ഖേഴ്‌സന്‍ താവളമാക്കി

ഖേഴ്‌സൻ പിടിച്ചടക്കിയതോടെ രാജ്യത്തെ ഏറ്റവും വലിയ തുറമുഖ നഗരമായ ഒഡേസയിലേക്കുള്ള പാത റഷ്യൻസൈന്യത്തിന് എളുപ്പമായിരിക്കുകയാണ്. കരിങ്കടലിൽ ചെന്നുചേരുന്ന നീപർ നദിയുടെ തീരത്തായാണ് ഖേഴ്‌സൻ സ്ഥിതി ചെയ്യുന്നത്. നഗരം കീഴടങ്ങിയതോടെ മറ്റു ഭാഗങ്ങളിലേക്ക് സൈനിക നടപടി വ്യാപിപ്പിക്കാൻ റഷ്യയ്ക്ക് കൂടുതൽ എളുപ്പമാകും. ഖേഴ്‌സനിൽ സൈനികതാവളമൊരുക്കിയായിരിക്കും മറ്റു മേഖലകളിൽ ഇനി റഷ്യ ആക്രമണം ശക്തമാക്കുക.

അതേസമയം, തലസ്ഥാനമായ കിയവും പ്രധാന നഗരങ്ങളായ ഖാർകിവും ചെർനിഹിും മരിയോപോളുമെല്ലാം യുക്രൈൻ നിയന്ത്രണത്തിൽ തന്നെ തുടരുകയാണ്. ശക്തമായ പോരാട്ടമാണ് റഷ്യൻ-യുക്രൈൻ സൈന്യങ്ങൾ തമ്മിൽ ഇവിടങ്ങളിൽ നടക്കുന്നത്. നഗരങ്ങളിൽ റഷ്യ കനത്ത ഷെല്ലാക്രമണവും തുടരുകയാണ്.


എട്ടുദിവസത്തിനിടെ റഷ്യൻ ആക്രമണത്തിൽ 2,000 സിവിലിയന്മാർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് യുക്രൈൻ കണക്കാക്കുന്നത്. 227 സാധാരണക്കാർ കൊല്ലപ്പെട്ടതായി യു.എൻ സംഘവും സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങളുടെ 498 സൈനികർ കൊല്ലപ്പെട്ടതായി റഷ്യയും സമ്മതിച്ചിട്ടുണ്ട്. 1,597 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Summary: Russian troops take control of key city of Kherson; Mayor tells residents to obey Putin's soldiers and begs troops not to shoot civilians

TAGS :

Next Story