'സലാം.. ഷാലോം...'; ഹമാസ് പോരാളികൾക്ക് കൈകൊടുത്ത്, യാത്രപറഞ്ഞ് മോചിതരായ ബന്ദികള്‍
ഇസ്രായേല്‍ വനിതകളായ ലിഫ്ഷിറ്റ്‌സും കൂപ്പറും ഹമാസ് സംഘം നൽകിയ ചായയും ബിസ്‌കറ്റും കഴിച്ച് ഇവരോട് കുശലം പറഞ്ഞിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം
ഗസ്സ: മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ രണ്ട് ഇസ്രായേലി ബന്ധികളെ കൂടി ഇന്നലെ ഹമാസ് മോചിപ്പിച്ചു. 85കാരിയായ യോഷേവെദ് ലിഫ്ഷിറ്റ്‌സ്, 79കാരിയായ നൂറിത് കൂപ്പർ എന്നിവരെയാണ് ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വിട്ടയച്ചത്. രണ്ട് അമേരിക്കൻ വനിതകളെ മോചിപ്പിച്ചതിനു പിന്നാലെയാണ് ഹമാസ് നടപടി.
അതിനിടെ ലിഫ്ഷിറ്റ്‌സിനെയും കൂപ്പറെയും മോചിപ്പിക്കുന്ന ദൃശ്യങ്ങൾ ഹമാസ് പുറത്തുവിട്ടിരിക്കുകയാണ്. റഫ അതിർത്തി വരെ സുരക്ഷയൊരുക്കിയാണ് ഇവരെ ഹമാസ് പോരാളികൾ റെഡ്ക്രോസ് പ്രതിനിധികളുടെ കൈയിൽ ഏൽപിച്ചത്. ഇതിനിടെ ഹമാസ് സംഘം നൽകിയ ചായയും ബിസ്‌കറ്റുമെല്ലാം ഇവർ കഴിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
പോരാളികളുമായി ഇവർ സൗഹൃദത്തോടെ സംസാരിക്കുന്നതും കുശലം പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രായാധിക്യമുള്ള സ്ത്രീയെ താങ്ങിപ്പിടിച്ചാണ് ഹമാസ് സംഘം സന്നദ്ധ പ്രവർത്തകരുടെ കൈയിൽ ഏൽപിച്ചത്. റെഡ്ക്രോസ് പ്രതിനിധികൾ ഇവരെ ഏറ്റുവാങ്ങിയ ശേഷം പിന്നിലേക്കു തിരിഞ്ഞ് ഹമാസ് സംഘത്തിലൊരാൾക്കു കൈക്കൊടുക്കുന്നുണ്ട് ഇവർ. എന്നിട്ട്, അറബ്-ജൂത അഭിവാദനവാക്യങ്ങളായ 'സലാം', 'ഷാലോം' എന്നും പറഞ്ഞാണ് അവർ മുന്നോട്ടുനടക്കുന്നത്.
ഒക്ടോബർ ഏഴിലെ മിന്നലാക്രമണത്തിനിടെ ഗസ്സ അതിർത്തിയിലുള്ള കിബ്ബുറ്റ്‌സ് നിർ ഒസിൽനിന്ന് ഖസ്സാം ബ്രിഗേഡ് സേനാംഗങ്ങൾ ബന്ദിയാക്കിയതാണ് ലിഫ്ഷിറ്റ്‌സിനെയും കൂപ്പറെയും. യോഷേവെദ് ലിഫ്ഷിറ്റ്‌സും ഭർത്താവ് ഒദേദ് ലിഫ്ഷിറ്റ്‌സും ഇസ്രായേലിലെ സമാധാന പ്രവർത്തകരാണെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഗസ്സയിൽനിന്നുള്ള രോഗികളെ വിദഗ്ധ ചികിത്സയ്ക്കായി ഇസ്രായേലിലെ ആശുപത്രികളിൽ എത്തിക്കാൻ മുന്നിലുണ്ടായിരുന്ന വ്യക്തികളാണ് ഇരുവരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഖത്തറിന്‍റെയും ഈജിപ്തിന്‍റെയും മധ്യസ്ഥതയില്‍ നടന്ന നയതന്ത്ര ഇടപെടലിലാണ് ഇവരുടെ മോചനത്തിനു വഴിയൊരുങ്ങിയത്. റെഡ്‌ക്രോസ് വൃത്തങ്ങൾ ലിഫ്ഷിറ്റ്‌സിനെയും കൂപ്പറെയും ഇസ്രായേൽ പ്രതിരോധസേനയ്ക്കു കൈമാറിയതായാണു വിവരം. ഇവരെ ഇസ്രായേലിലെ ഒരു മെഡിക്കൽ കേന്ദ്രത്തിലെത്തിച്ചു പരിചരണം നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇതിനുശേഷം കുടുംബങ്ങൾക്കു കൈമാറുമെന്നാണ് അറിയിച്ചിട്ടുള്ളത്.
അതിനിടെ, ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുകയാണ്. ഇന്നലെ രാത്രി ഗസ്സയിലെ അൽശാത്തി അഭയാർത്ഥി ക്യാംപ് ഉൾപ്പെടെ ലക്ഷ്യമിട്ട് നടന്ന ഇസ്രായേൽ ആക്രമണത്തിൽ 100 ഫലസ്തീനികളാണു കൊല്ലപ്പെട്ടത്. ഖാൻ യൂനിസിലും റഫായിലും ആക്രമണത്തിൽ നിരവധി പേർക്കു ജീവൻ നഷ്ടമായി. ആയിരക്കണക്കിനു രോഗികൾ കഴിയുന്ന ഇന്തോനേഷ്യൻ ആശുപത്രി ഉൾപ്പെടെ ഇന്ധനവും വൈദ്യുതിയുമില്ലാതെ ഇരുട്ടിലായിരിക്കുകയാണ്. ഇൻകുബേറ്ററിൻറെ സഹായത്തോടെ കഴിയുന്ന നൂറുകണക്കിനു കുട്ടികളുടെ ജീവനാണ് അപടത്തിലായിരിക്കുന്നത്. അതിനിടെ, ഇസ്രായേലിനു പിന്തുണയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ന് തെൽ അവീവിലെത്തിയിട്ടുണ്ട്.
ഇതുവരെ ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 5,087 ആയി. ഇതിൽ 2,000ത്തിലേറെ പേരും കുട്ടികളാണെന്നാണ് റിപ്പോർട്ട്. ഹമാസിന്റെ ഇസ്രായേൽ ആക്രമണത്തിൽ സൈനികർ ഉൾപ്പെടെ 1,400 പേരും കൊല്ലപ്പെട്ടിട്ടുണ്ട്.
Summary: 'Salam.. Shalom'': Released hostages from Israel shake hand with the Hamas members and salute them
Adjust Story Font
16