ഹമാസ് നേതാവ് ആറൂരിയുടെ കൊലപാതകം: കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇസ്രായേലിനോട് ഹിസ്ബുല്ലയും ഇറാനും
അമേരിക്കയും കൂട്ടാളികളും ചെറുത്തുനിൽപ്പ് വിഭാഗങ്ങളുടെ തിരിച്ചടി കരുതിയിരിക്കണമെന്ന് ഇറാനും താക്കീത് ചെയ്തു
ബൈയ്റൂത്ത്: ഹമാസ് രാഷ്ട്രീയവിഭാഗം ഉപാധ്യക്ഷൻ സാലിഹ് അൽ ആറൂരിയുടെ കൊലപാതകത്തില്‍ ശക്തമായ തിരിച്ചടി ഉറപ്പാണെന്ന് ഫലസ്തീൻ സംഘടനകൾക്ക്പുറമെ ഹിസ്ബുല്ലയും ഹൂത്തികളും ഇറാനും മുന്നറിയിപ്പ് നല്‍കി. ദക്ഷിണ ബൈറൂത്തിലെ മശ്റഫിയ്യയിൽ ഹമാസ് ഓഫീസിനു നേരെ നടന്ന ആക്രമണത്തിൽ ആറൂരി ഉൾപ്പെടെ 3 നേതാക്കളാണ് കൊല്ലപ്പെട്ടത്. അൽഖസ്സാം കമാണ്ടർമാരായ സാമിർ ഫൻദി, അസ്സാം അൽ അഖ്റ എന്നിവരും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയിലാണ് ഇസ്രായേൽ ഡ്രോണുകൾ ആക്രമണം നടത്തിയത്. കുറച്ചു കാലമായി ലബനാൻ കേന്ദ്രീകരിച്ചായിരുന്നു സാലിഹ് അൽ ആറൂരിയുടെ പ്രവർത്തനം. ആറൂറിയുടെ വധത്തിന് കനത്ത തിരിച്ചടി ഉറപ്പാണെന്ന് ഫലസ്തീനും ചെറുത്തു നിൽപ്പ് സംഘടനകളും ഹിസ്ബുല്ല, ഹൂത്തി വിഭാഗം എന്നിവരും മുന്നറിയിപ്പ് നൽകി.
അമേരിക്കയും കൂട്ടാളികളും ചെറുത്തുനിൽപ്പ് വിഭാഗങ്ങളുടെ തിരിച്ചടി കരുതിയിരിക്കണമെന്ന് ഇറാനും താക്കീത് ചെയ്തു. ലബനാനുനേരെയുള്ള ഏത് ആക്രമണവും കടുത്ത പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന്കഴിഞ്ഞ ദിവസം ഹിസ്ബുല്ല മേധാവി ഹസൻ നസ്റുല്ല പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ബൈറൂത്തിൽ ഹമാസ് മുതിർന്ന നേതാവിന്റെ വധം സ്ഥിതിഗതികൾ കൂടുതൽ കലുഷിതമാകും.
ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല ഇന്ന് അനുയായികളെ അഭിസംബോധന ചെയ്യും. ആറൂറിയുടെ വധത്തോടെ യുദ്ധമുഖം മാറുമെന്ന് ആശങ്കയും ശക്തമാണ്. ഹമാസ് നേതാവിന്‍റെ വധത്തെ കുറിച്ച് പരസ്യ പ്രതികരണത്തിന് ഇസ്രായേലും അമേരിക്കയും തയാറായില്ല.
ആരും ഒന്നും പ്രതികരിക്കരുതെന്ന് മന്ത്രിമാർക്ക് നെതന്യാഹുവിന്‍റെ മുന്നറിയിപ്പ്. അമേരിക്കയെ മുൻകൂട്ടി അറിയിക്കാതെയാണ് ആറൂരിയെ കൊലപ്പെടുത്തിയതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ. അതിനിടെ, ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 22,000 കടന്നു. ഇന്നലെ മാത്രം 207 പേർ കൊല്ലപ്പെട്ടതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയം. ആക്രമണം പൂർണമായി നിർത്താതെ ബന്ദിമോചന ചർച്ചക്കില്ലെന്ന് ഹമാസ് നേതൃത്വം മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചു. എല്ലാ പ്രതികൂലതകൾക്കിടയിലും ഗസ്സയിൽ ചെറുത്തുനിൽപ്പ് അജയ്യമെന്ന് ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ പറഞ്ഞു.
Adjust Story Font
16