Quantcast

'കരളിനും കൈഞരമ്പിനും ഗുരുതര ക്ഷതം, ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടമായേക്കും; റുഷ്ദി കഴിയുന്നത് വെന്റിലേറ്ററിൽ'

അക്രമി ഹാദി മതാർ എന്നു പേരുള്ള 24കാരനെ സ്ഥലത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ക്കു പിന്നിൽ മറ്റാരുമില്ലെന്നാണ് നിലവില്‍ മനസ്സിലാക്കുന്നതെന്ന് ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2022-08-13 04:44:43.0

Published:

13 Aug 2022 1:36 AM GMT

കരളിനും കൈഞരമ്പിനും ഗുരുതര ക്ഷതം, ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടമായേക്കും; റുഷ്ദി കഴിയുന്നത് വെന്റിലേറ്ററിൽ
X

ന്യൂയോർക്ക്: അക്രമിയുടെ കുത്തേറ്റതിനു പിന്നാലെ എഴുത്തുകാരൻ സൽമാൻ റുഷ്ദി കഴിയുന്നത് ഗുരുതരാവസ്ഥയിൽ. കഴുത്തിലും വയറിലുമാണ് കുത്തേറ്റിരിക്കുന്നത്. കരളിനും കൈഞരമ്പിനും ഗുരുതരപരിക്കുണ്ട്. ആക്രമണത്തിനു പിന്നാലെ ഹെലികോപ്ടറിൽ ആശുപത്രിയിലെത്തിച്ച റുഷ്ദി നിലവിൽ വെന്റിലേറ്ററിലാണ് കഴിയുന്നത്.

ഹാദി മതാർ എന്നു പേരുള്ള 24കാരനാണ് അക്രമി. ഇയാളെ സ്ഥലത്തുനിന്നു പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ പ്രചോദനം എന്താണെന്നു വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലാണുള്ളതെന്നും ന്യൂയോർക്ക് സ്‌റ്റേറ്റ് പൊലീസ് തലവൻ യൂജീൻ സ്റ്റാനിസെവ്‌സ്‌കി മാധ്യമങ്ങളോട് പ്രതികരിച്ചു. അക്രമിക്കു പിന്നിൽ മറ്റാരുമില്ലെന്നാണ് ഇപ്പോൾ കരുതുന്നതെന്നും പൊലീസ് അറിയിച്ചു.

അതേസമയം, സംസാരിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് റുഷ്ദി കഴിയുന്നത്. പുറത്തുവരുന്ന വിവരങ്ങൾ ശുഭകരമല്ലെന്ന് അദ്ദേഹത്തിന്റെ പുസ്തക ഏജന്റായ ആൻഡ്ര്യു വൈലി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാനിടയുണ്ട്. കൈയിലെ ഞരമ്പുകളും മുറിഞ്ഞിട്ടുണ്ട്. കരളിനും ഗുരുതരമായി ക്ഷതമേറ്റതായാണ് വിവരമെന്നും വൈലി അറിയിച്ചു.

ആക്രമണം ഷുറ്റോക്വാ ഇൻസ്റ്റിറ്റ്യൂഷനില്‍ പ്രഭാഷണത്തിനു തൊട്ടുമുൻപ്

യു.എസ് സമയം വെള്ളിയാഴ്ച രാവിലെയാണ് റുഷ്ദിക്കുനേരെ ഞെട്ടിക്കുന്ന ആക്രമണം നടന്നത്. ന്യൂയോർക്കിലെ ഷുറ്റോക്വാ ഇൻസ്റ്റിറ്റിയൂഷനിൽ പ്രഭാഷണത്തിനെത്തിയതായിരുന്നു അദ്ദേഹം. പരിപാടി തുടങ്ങുന്നതിനുമുൻപ് അവതാരകൻ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നതിനിടെ അക്രമി സ്റ്റേജിലേക്ക് കുതിച്ചെത്തി നിരവധി തവണ കത്തികൊണ്ട് കുത്തുകയായിരുന്നു.

ആറോ എട്ടോ തവണ റുഷ്ദിക്ക് കുത്തേറ്റിട്ടുണ്ടെന്നാണ് സംഭവത്തിന് ദൃക്‌സാക്ഷിയായ സ്‌റ്റേസി ഷോൾസർ അസോഷ്യേറ്റഡ് പ്രസിനോട് വെളിപ്പെടുത്തിയത്. ആർക്കും എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയായിരുന്നു. എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്ത സ്ഥിതിയായിരുന്നു. കുത്തേറ്റു വീണതിനു പിന്നാലെ പത്തോളം പേരാണ് സ്റ്റേജിലേക്ക് ഇരച്ചെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ദ് സാത്താനിക് വേഴ്സസ്' എന്ന പുസ്തകത്തിന്റെ പേരിൽ 1980കളുടെ അവസാനത്തിൽ റുഷ്ദിക്കു വധഭീഷണിയുണ്ടായിരുന്നു. റുഷ്ദിയെ കൊല്ലുന്നവർക്ക് 1989ൽ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖുമൈനി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മൂന്നു മില്യൻ യു.എസ് ഡോളറാണ് പാരിതോഷികമായി പ്രഖ്യാപിച്ചത്.

Summary: Salman Rushdie is on a ventilator, cannot speak, will likely lose an eye, his arm nerves are severed and his liver damaged

TAGS :

Next Story