Quantcast

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാൻ സൗദിയുടെ നേതൃത്വത്തിൽ ആഗോളസഖ്യം; പ്രഖ്യാപനവുമായി വിദേശകാര്യ മന്ത്രി

യുഎന്‍ പൊതുസഭയ്ക്കിടെ ന്യൂയോർക്കിൽ ചേര്‍ന്ന അറബ് ലീഗ്, ഇയു, ഒഐസി, നോർവേ പ്രതിനിധികളുടെ യോഗത്തിലാണു പ്രഖ്യാപനം

MediaOne Logo

Web Desk

  • Updated:

    2024-09-27 12:44:21.0

Published:

27 Sep 2024 11:22 AM GMT

Saudi Arabia’s Foreign Minister Prince Faisal bin Farhan announces global coalition to establish Palestinian state, Global Alliance to Implement the Two-State Solution,
X

ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍

ന്യൂയോർക്ക്: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാൻ ആഗോളസഖ്യനീക്കവുമായി സൗദി അറേബ്യ. ദ്വിരാഷ്ട്ര പരിഹാരം യാഥാർഥ്യമാക്കാൻ ആഗോള പിന്തുണ തേടിയാണ് സഖ്യം രൂപീകരിക്കുന്നത്. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനാണു പ്രഖ്യാപനം നടത്തിയത്. ഗസ്സയ്ക്കു പിന്നാലെ ലബനാനിലും ഇസ്രായേൽ ആക്രമണം കടുപ്പിക്കുന്നതിനിടെയാണു പുതിയ നീക്കം നടക്കുന്നത്.

ന്യൂയോർക്കിൽ 79-ാമത് യുഎൻ പൊതുസഭയ്ക്കിടയിൽ ചേർന്ന ഇയു, അറബ് ലീഗ്, ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷൻ(ഒഐസി), നോർവേ പ്രതിനിധികളുടെ യോഗത്തിലാണു ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഫലസ്തീൻ-ഇസ്രായേൽ വിഷയത്തിൽ പ്രശ്‌നപരിഹാരത്തിനുള്ള പുതിയ ദൗത്യം പ്രഖ്യാപിച്ചത്. 'ഗ്ലോബൽ അലയൻസ് ഫോർ ദി ഇംപ്ലിമെന്റേഷൻ ഓഫ് ദി ടു സ്റ്റേറ്റ് സൊല്യൂഷൻ' എന്നാണു സഖ്യത്തിനു പേരുനൽകിയിരിക്കുന്നത്.

ഇയു വിദേശകാര്യ തലവൻ ജോസഫ് ബോറലും യോഗത്തിൽ സംബന്ധിച്ചിരുന്നു. സഖ്യത്തിന്റെ ആദ്യ യോഗം റിയാദിൽ ചേരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. തുടർചർച്ചകൾ ബ്രസൽസിലും റിയാദിലുമായി ചേരുമെന്ന് ജോസഫ് ബോറലും പറഞ്ഞു.

അറബ്-യൂറോപ്യൻ സംയുക്ത സംരംഭമാണിതെന്നാണ് ഫൈസൽ രാജകുമാരൻ വിശദീകരിച്ചത്. മേഖലയുടെ സമഗ്രമായ സമാധാനത്തിനു വേണ്ടിയുള്ള സുസ്ഥിരവും വിശ്വസനീയവുമായ പദ്ധതി തയാറാക്കാനുള്ള എല്ലാ പരിശ്രമവും സഖ്യത്തിന്റെ ഭാഗമായുണ്ടാകും. ദ്വിരാഷ്ട്ര പരിഹാരം, അടിയന്തരമായ വെടിനിർത്തൽ തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കുന്ന കാര്യത്തിൽ പ്രകടമായ ഫലങ്ങൾ കൊണ്ടുവരുന്ന തീരുമാനങ്ങൾ കൈക്കൊള്ളാൻ കൂട്ടായ നീക്കങ്ങളുണ്ടാകേണ്ടതുണ്ട്. സ്വതന്ത്രമായ ഫലസ്തീൻ രാഷ്ട്രമാണ് ഇതിൽ ഏറ്റവും പരമപ്രധാനമായ കാര്യമെന്നും ഫൈസൽ രാജകുമാരൻ വ്യക്തമാക്കി.

ഗസ്സയിലും വെസ്റ്റ് ബാങ്കിലും അൽ അഖ്‌സയിലും മറ്റ് മുസ്‌ലിം-ക്രിസ്ത്യൻ വിശുദ്ധകേന്ദ്രങ്ങളിലുമെല്ലാം ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ പ്രസംഗത്തിൽ സൗദി മന്ത്രി അപലപിക്കുകയും ചെയ്തിട്ടുണ്ട്. വലിയ മാനുഷികദുരന്തമാണ് ഇസ്രായേൽ സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. സ്വയം പ്രതിരോധത്തിനുള്ള അവകാശം ആയിരക്കണക്കിനു സിവിലിയന്മാരെ കൊല്ലാനും കുടിയിറക്കാനുമുള്ള ന്യായീകരണമല്ല. ഇസ്രായേൽ സൈന്യം പട്ടിണിക്കിട്ടു പീഡിപ്പിക്കൽ ആയുധമാക്കുകയും ലൈംഗികാതിക്രമം നടത്തുകയും മറ്റു ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്നതുമൊന്നും ഇതിലൂടെ ന്യായീകരിക്കാനാകില്ലെന്നും ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു.

ഇസ്രായേൽ രാഷ്ട്രം യാഥാർഥ്യമാകാതെ ഇസ്രായേലിനെ അംഗീകരിക്കാനാകില്ലെന്ന് കഴിഞ്ഞയാഴ്ച സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കിയിരുന്നു. ഫലസ്തീൻ ജനതയ്ക്കുനേരെ ഇസ്രായേൽ അധിനിവേശ സേന നടത്തുന്ന അതിക്രമങ്ങളെ റിയാദിൽ നടന്ന ശൂറാ കൗൺസിൽ യോഗത്തിൽ അദ്ദേഹം ശക്തമായി അപലപിച്ചു. കിഴക്കൻ ജറൂസലം തലസ്ഥാനമായുള്ള ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനായി സൗദി ഭരണകൂടം അക്ഷീണപരിശ്രമം തുടരും. ഇതു യാഥാർഥ്യമാകാതെ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്നും യോഗത്തിൽ എംബിഎസ് വ്യക്തമാക്കിയിരുന്നു.

Summary: Saudi Arabia forms global coalition to establish Palestinian state

TAGS :

Next Story