വെള്ളമെന്ന് കരുതി സാനിറ്റൈർ കുടിച്ച വനിത കായിക താരങ്ങൾ ആശുപത്രിയിൽ; അന്വേഷണം പ്രഖ്യാപിച്ചു
ജപ്പാനിലെ സെൻട്രൽ യമനാഷി പ്രിഫെക്ചറിലാണ് സംഭവം
ടോക്യോ: ഓട്ട മത്സരത്തിന് മുമ്പ് വെള്ളമെന്ന് കരുതി സാനിറ്റൈസർ കുടിച്ച സ്‌കൂൾ കായിക താരങ്ങൾ ആശുപത്രിയിൽ. ജപ്പാനിലെ സെൻട്രൽ യമനാഷി പ്രിഫെക്ചറിലാണ് സംഭവം. മത്സരത്തിനിടെ ഒരു വിദ്യാർഥി കുഴഞ്ഞുവീഴുകയും മറ്റു രണ്ടുപേർ ഛർദിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് സ്‌കൂൾ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചതായി എ.എഫ്പി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് സംഭവം.
പെൺകുട്ടികളുടെ 5,000 മീറ്റർ ഓട്ടമത്സരത്തിന്റെ സംഘാടകർ വെള്ളകുപ്പികളുടെ ഇടയിൽ സാനിറ്റൈറുകൾ ഒഴിച്ച കുപ്പികൾ കൊണ്ടുവെച്ചതാണ് ആശയകുഴപ്പത്തിന് കാരണമായതെന്ന് വാര്‍ത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. കായികതാരങ്ങൾ സാനിറ്റൈസറാണെന്നറിയാതെയാണ് വെള്ളം കുടിച്ചതെന്ന് യമനാഷിയുടെ ഹൈസ്‌കൂൾ സ്‌പോർട്‌സ് ഫെഡറേഷൻ പറഞ്ഞു.
സംഭവത്തിൽ അന്വേഷണം ഉണ്ടാകുമെന്ന് യമനാഷി ഗവർണർ കൊറ്റാരോ നാഗസാക്കി പറഞ്ഞു. പ്രിഫെക്ചറിന് വേണ്ടി കായികതാരങ്ങളോടും അവരുടെ കുടുംബത്തോടും ആത്മാർത്ഥമായി മാപ്പ് പറയുന്നതായി അദ്ദേഹം പറഞ്ഞു.
Adjust Story Font
16