ചൈനയിൽ ആൾക്കൂട്ടത്തിലേക്ക് ബസ് ഇടിച്ചു കയറി; വിദ്യാർഥികളടക്കം 11 പേര്‍ക്ക് ദാരുണാന്ത്യം
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു
ബെയ്ജിങ്: കിഴക്കന്‍ ചൈനയിലെ ഷാംഡോഗില്‍ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് ആള്‍ക്കൂട്ടത്തിലേക്കിടിച്ചു കയറി വിദ്യാർഥികളും രക്ഷിതാക്കളുമടക്കം 11 പേർ കൊല്ലപ്പെട്ടു. പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതിനെ തുടര്‍ന്ന് സ്‌കൂളിലേക്കെത്തിയതായിരുന്നു കുട്ടികളും രക്ഷിതാക്കളും.
തായാൻ നഗരത്തിലെ സ്‌കൂള്‍ കവാടത്തിനരികില്‍ നിന്നവരാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. അഞ്ച് കുട്ടികളും ആറ് രക്ഷിതാക്കളും കൊല്ലപ്പെട്ടതായി ചൈനയിലെ ദേശീയ മാധ്യമമായ സിസിടിവി റിപ്പോര്‍ട്ട് ചെയ്തു. ഒരാളുടെ നില ഗുരുതരമാണ്. പന്ത്രണ്ട് പേര്‍ അപകടനില തരണം ചെയ്തു.
കുട്ടികളുടെ യാത്രകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ബസാണ് അപകടത്തിൽപെട്ടത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം ജൂലൈയില്‍ ചാംഷ നഗരത്തില്‍ കുട്ടികളുമായി സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് എട്ടുപേര്‍ മരിക്കുകയും നിരവധി ആളുകള്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2017 ല്‍ ഷാംഡോഗിലെ വെയ്‌ഹൈ നഗരത്തില്‍ സ്‌കൂള്‍ ബസിന് തീപിടിച്ച് 11 കുട്ടികള്‍ ഉള്‍പ്പെടെ പന്ത്രണ്ടോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട കുട്ടികളില്‍ അഞ്ചു പേര്‍ ദക്ഷിണ കൊറിയ സ്വദേശികളായിരുന്നു.
Adjust Story Font
16