ഒടുക്കം കണ്ടെത്തി, ലോകത്ത് വടക്കേ അറ്റത്തെ ഇത്തിരിക്കുഞ്ഞന്‍ ദ്വീപ്
ഗ്രീൻലൻഡില്‍ മഞ്ഞുരുക്കം അതിവേഗത്തിലായ പരിസരങ്ങളിലാണ് പുതിയ ദ്വീപ് കണ്ടെത്തിയത്.
കടൽ നിരപ്പിൽനിന്ന് പരമാവധി മൂന്നു മീറ്റർ വരെ ഉയരം, 30 മീറ്റർ വീതി, മഞ്ഞുപാളികള്‍ നീങ്ങി കല്ലും മണ്ണും ചേർന്ന ഉപരിതലം.. മഞ്ഞുരുക്കം അതിവേഗത്തിലായ ഗ്രീൻലൻഡ് പരിസരങ്ങളില്‍ പുതുതായൊരു ദ്വീപ് മനുഷ്യദൃഷ്ടിയില്‍ പതിഞ്ഞിരിക്കുകയാണ്. ലോകത്തെ ഏറ്റവും ഉത്തരദേശത്തു സ്ഥിതി ചെയ്യുന്ന ഈ ഇത്തിരിക്കുഞ്ഞന്‍ ദ്വീപ് കണ്ടെത്തിയ ആവേശത്തിലാണ് ശാസ്ത്രജ്ഞര്‍.
1978ൽ ഡാനിഷ് സംഘം കണ്ടെത്തിയ ഊദാഖ് ദ്വീപിലെത്തിയെന്നായിരുന്നു പര്യവേക്ഷണ സംഘം ആദ്യം കരുതിയിരുന്നതെങ്കിലും പിന്നീട് നടത്തിയ പരിശോധനയില്‍ ഇതിൽ നിന്ന് 780 മീറ്റർ മാറി സ്ഥിതി ചെയ്യുന്ന പുതിയ ദ്വീപാണെന്ന് തെളിഞ്ഞു. 'ഏറ്റവും ഉത്തരദേശത്തെ ദ്വീപ്' എന്നർഥമുള്ള 'ക്വകർടാഖ് അവനർലെഖ്' എന്ന് ദ്വീപിന് പേരിടാൻ ശിപാർശ ചെയ്യുമെന്നും അന്വേഷണ സംഘം പറയുന്നു.
ലോകത്തിന്‍റെ വടക്കേ അറ്റത്തെ ദ്വീപ് കണ്ടെത്താന്‍ അടുത്തിടെ നിരവധി സംഘങ്ങള്‍ ശ്രമം നടത്തിയിരുന്നു. 2007ൽ ആർടിക് പര്യവേക്ഷകന് ഡെന്നിസ് ഷ്മിഡ്റ്റ് സമീപത്തായി ഒരു ദ്വീപ് കണ്ടെത്തുകയും ചെയ്തിരുന്നു. ആർടിക് കടലിലെ അവകാശങ്ങളെ ചൊല്ലി അമേരിക്ക, റഷ്യ, ഡെൻമാർക്, കാനഡ, നോർവേ തുടങ്ങിയ രാഷ്ട്രങ്ങൾ തമ്മിൽ ആശയക്കുഴപ്പം നിലനിൽക്കെയാണ് പുതിയ കണ്ടെത്തല്‍.
അതേസമയം, ഗ്രീൻലൻഡിലെ മഞ്ഞുപാളികൾ അതിവേഗം ഉരുകുന്നത് ആഗോള താപനം സംബന്ധിച്ച ആശങ്കകള്‍ ഇരട്ടിയാക്കുന്നുണ്ട്. ഏറ്റവും കട്ടിയേറിയ ധ്രുവമഞ്ഞുള്ള പ്രദേശങ്ങളാണിത്. നാലു മീറ്റർ വരെ കട്ടിയിലായിരുന്നത് അടുത്തിടെ രണ്ടു മുതല്‍ മൂന്നു മീറ്ററായി ചുരുങ്ങിയിട്ടുണ്ട്.
Adjust Story Font
16