Quantcast

ഗസ്സയിൽ വെടിനിർത്തലിന്റെ രണ്ടാം ദിനം; ബന്ദി കൈമാറ്റത്തിലെ പ്രതിസന്ധി പരിഹരിച്ചു

13 ഇസ്രായേൽ ബന്ദികൾക്കു പുറമെ ഏഴ് വിദേശികളെയും ഹമാസ് മോചിപ്പിച്ചു. 39 ഫലസ്തീൻ തടവുകാരെ ഇസ്രായേലും കൈമാറി.

MediaOne Logo

Web Desk

  • Updated:

    2023-11-26 05:22:48.0

Published:

26 Nov 2023 12:58 AM GMT

Second day of ceasefire in Gaza
X

ഗസ്സ: ഗസ്സയിൽ വെടിനിർത്തലിന്റെ രണ്ടാം നാൾ, മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വ്യവസ്ഥ പ്രകാരമുള്ള ബന്ദികളുടെയും തടവുകാരുടെയും മോചനം യാഥാർഥ്യമായി. ഖത്തറും ഈജിപ്തും അമേരിക്കയുടെ ഇടപെടൽ വഴി നടത്തിയ മധ്യസ്ഥനീക്കങ്ങളിലൂടെയാണ് പ്രതിസന്ധി പരിഹരിച്ചത്. 13 ഇസ്രായേൽ ബന്ദികൾക്കു പുറമെ ഏഴ് വിദേശികളെയും ഹമാസ് മോചിപ്പിച്ചു. 39 ഫലസ്തീൻ തടവുകാരെ ഇസ്രായേലും കൈമാറി. ഇന്നും നാളെയും കൂടി താൽക്കാലിക വെടിനിർത്തൽ തുടരും.

കരാർ വ്യവസ്ഥകൾ ഇസ്രായേൽ നഗ്‌നമായി ലംഘിക്കുകയാണെന്നാരോപിച്ച് ബന്ദികളെ കൈമാറാൻ ഹമാസ് വിസമ്മതിച്ചിരുന്നു. വിട്ടയക്കുന്ന ഫലസ്തീൻ തടവുകാരുടെ കാര്യത്തിൽ സീനിയോറിറ്റി പാലിക്കുക, ഗസ്സയുടെ എല്ലാ ഭാഗങ്ങളിലേക്കും കൂടുതൽ സഹായം എത്തിക്കുക എന്നീ വ്യവസ്ഥകളാണ് ഇസ്രായേൽ ലംഘിക്കുന്നതെന്ന് ഹമാസ് കുറ്റപ്പെടുത്തി. ബന്ദികളെ കൈമാറിയില്ലെങ്കിൽ സൈനിക നടപടി പുനരാരംഭിക്കുമെന്ന് ഇസ്രായേലും മുന്നറിയിപ്പ് നൽകി. തുടർന്ന് മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും നടത്തിയ ആശയവിനിമയങ്ങളിലൂടെയാണ് അർധരാത്രി പ്രശ്‌നപരിഹാരം സാധ്യമായത്.

വെളുപ്പിനോടെ വ്യവസ്ഥപ്രകാരം ബന്ദികളുടെയും തടവുകാരുടെയും മോചനം നടന്നു. ഹമാസ് വിട്ടയച്ചവരിൽ എട്ട് കുട്ടികളും അഞ്ച് സ്ത്രീകളും ഉൾപ്പെടും. ഇതിനു പുറമെയാണ് കരാറിൽ ഉൾപ്പെടാതെ ഏഴ് വിദേശീയരായ ബന്ദികളെയും കൈമാറിയത്. ഇസ്രായേൽ തടവറയിൽനിന്ന് മോചിപ്പിച്ചവരിൽ 33 പേർ കുട്ടികളാണ്. ആറ് സ്ത്രീകളെയും വിട്ടയച്ചു.

ഇന്നും നാളെയും വെടിനിർത്തൽ വ്യവസ്ഥ ലംഘിക്കാതിരിക്കാൻ ഇരുവിഭാഗത്തോടും മധ്യസ്ഥ രാജ്യങ്ങൾ നിർദേശിച്ചു. സമഗ്ര വെടിനിർത്തൽ കൂടാതെ ഗസ്സയിലെ മാനുഷിക ദുരന്തം പരിഹരിക്കാനാകില്ലെന്ന് യു.എൻ ഏജൻസികൾ മുന്നറിയിപ്പ് നൽകി. കൂടുതൽ ട്രക്കുകളിൽ ഇന്ധനം ഉൾപ്പെടെ സഹായ വസ്തുക്കൾ ഗസ്സയിൽ എത്തിക്കാൻ നടപടി വേണമെന്നും വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടു. വെടിനിർത്തൽ നീട്ടണമെന്ന ആവശ്യം ശക്തമായതോടെ ഇസ്രായേലും സമ്മർദത്തിലാണ്. ഇനിയും കുരുതി തുടരാൻ അനുവദിക്കില്ലെന്ന സ്‌പെയിൻ, ബെൽജിയം രാജ്യങ്ങളുടെ പ്രഖ്യാപനവും ഇസ്രായേലിന് തിരിച്ചടിയായി. ബ്രിട്ടൻ ഉൾപ്പെടെ പല രാജ്യങ്ങളിലും യുദ്ധവിരുദ്ധ റാലികൾ ഇന്നലെയും തുടർന്നു. ജെനിൻ നഗരത്തിൽ ഫലസ്തീൻ ജനതക്കു നേരെ ഇസ്രായേൽ സേന നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


TAGS :

Next Story