റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേൽ മധ്യസ്ഥതവഹിക്കണമെന്ന് സെലൻസ്‌കി
ഏറ്റുമുട്ടൽ 17ആം ദിവസത്തിലേക്ക് കടന്നപ്പോഴും കിയവിനായുള്ള പോരാട്ടം തുടരുകയാണ്
റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേൽ മധ്യസ്ഥതവഹിക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ലാദമിർ സെലൻസ്‌കി. ജറുസലേമിൽ വെച്ച് റഷ്യൻ പ്രസിഡിന്റ് വ്‌ലാദമിർ പുട്ടിനുമായി ചർച്ച നടത്താൻ തയ്യാറാണെന്നും സെലൻസ്‌കി അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഏറ്റുമുട്ടൽ 17ആം ദിവസത്തിലേക്ക് കടന്നപ്പോഴും കിയവിനായുള്ള പോരാട്ടം തുടരുകയാണ്.
യുദ്ധം അവസാനിപ്പിക്കാൻ റഷ്യയും-യുക്രൈനും പലതവണ ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതോടെയാണ് റഷ്യൻ പ്രധാനമന്ത്രി പുട്ടിനുമായി ചർച്ചക്ക് തയ്യാറാണെന്ന് യുക്രൈൻ പ്രധാനമന്ത്രി സെലൻസ്‌കി അറിയിച്ചിരിക്കുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റ് ചർച്ചക്ക് മധ്യസ്ഥതവഹിക്കണമെന്ന് സെലൻസ്‌കി ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധം 17ആം ദിവസത്തിലേക്ക് കടന്നതോടെ വടക്കുപടിഞ്ഞാറൻ മേഖലകളിലും രൂക്ഷപോരാട്ടമാണ് നടക്കുന്നത്. കിയവിൽ റഷ്യൻ സൈന്യം വൻ ആക്രമണത്തിന് ഒരുങ്ങുന്നതായി ഉപഗ്രഹ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. കിയവിൽനിന്ന് 25 കിലോമീറ്റർ അകലെ റഷ്യൻ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്.
ഖാർകിവ്, ചെർണീവ്, സുമി, മരിയുപോൾ നഗരങ്ങളും റഷ്യൻ സൈന്യം വളഞ്ഞതായാണ് റിപ്പോർട്ട്. കിയവിൽ സ്ത്രീകളെയും കുട്ടികളെയും ഒഴിപ്പിക്കുന്ന വാഹനവ്യൂഹത്തിന് നേരെ റഷ്യക്കാർ വെടിയുതിർത്തു. ഒരു കുട്ടിയുൾപ്പെടെ ഏഴ് പേർ കൊല്ലപ്പെടുകയും ചെയ്തതായി യുക്രൈയിൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നേരത്തെ സമ്മതിച്ച വഴിയിലൂടെ ഒഴിപ്പിക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് സംഭവമെന്ന് യുക്രൈയിൻ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു. തെക്ക് കിഴക്ക് മരിയുപോൾ നഗരത്തിൽ വ്യാപകമായ നാശനഷ്ടം സംഭവിച്ചതായാണ് സാറ്റ് ലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്. കെർസൻ ഒബ്ലാസ്റ്റിൽ രണ്ട് ഹെലികോപ്റ്ററുകൾ വെടിവച്ചിട്ടതായി യുക്രൈൻ സായുധ സേന അറിയിച്ചു. ഇതിനോടകം 25 ലക്ഷത്തിലധികം ആളുകൾ യുക്രൈനിൽ നിന്നും പലായനം ചെയ്തതായി കണക്കുകൾ പറയുന്നു.
Adjust Story Font
16