കാബൂൾ നഗരത്തിൽ റോക്കറ്റാക്രമണ പരമ്പര; വിമാനത്താവളം ലക്ഷ്യമിട്ട റോക്കറ്റുകൾ തകർത്തെന്ന് യു.എസ്
കാബൂൾ വിമാനത്താവളം ലക്ഷ്യമിട്ടെത്തിയ അഞ്ച് റോക്കറ്റുകൾ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായി യു.എസ്
കാബൂൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റോക്കറ്റാക്രമണ പരമ്പര. ആരാണ് ആക്രമണം നടത്തിയത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഐഎസ്-കെ ചാവേറുകളെ നേരിടാനെന്ന പേരിൽ അമേരിക്ക ആക്രമണം നടത്തുന്നുണ്ടെന്നണ് റിപ്പോർട്ടുകൾ. യുഎസ് ആക്രമണത്തിൽ ഒരു വീട്ടിലെ കുട്ടികളടക്കം ഏഴുപേർ കൊല്ലപ്പെട്ടതായി ടോളോ ന്യൂസ് റിപോർട്ട് ചെയ്തു.
അതേസമയം ഒഴിപ്പിക്കൽ പുരോഗമിക്കുന്ന ഹാമിദ് കർസായി വിമാനത്താവളം ലക്ഷ്യമിട്ടെത്തിയ റോക്കറ്റുകൾ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായി യു.എസ് അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് തുടർച്ചയായി റോക്കറ്റുകൾ വിമാനത്താവളം ലക്ഷ്യമിട്ടെത്തിയത്. ഇവ കാബൂളിലെ സലീം കർവാൻ പ്രദേശത്ത് പതിച്ചതായി അധികൃതർ അറിയിച്ചു. ഒന്ന് കെട്ടിടത്തിലാണ് വീണത്. ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.
കാബൂളിന് വടക്ക് ഒരു വാഹനത്തിൽനിന്നാണ് ആക്രമണമുണ്ടായതെന്ന് സൂചനയുണ്ട്. രാവിലെ ആദ്യ ആക്രമണം നടന്നതിന് പിറകെ കൂടുതൽ റോക്കറ്റുകൾ എത്തുകയായിരുന്നു.ഇവക്കു പിന്നിൽ ആരെന്ന് വ്യക്തമല്ല.
അതിനിടെ, കാബൂൾ വിമാനത്താവളം ലക്ഷ്യമിട്ട് ആക്രമണത്തിനെത്തിയ ചാവേറിനെ ഡ്രോൺ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതായി യു.എസ് വൃത്തങ്ങൾ പറഞ്ഞു. വരും ദിവസങ്ങളിലും സമാന ആക്രമണമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
അതേ സമയം, 31നുള്ളിൽ രാജ്യം വിടാൻ ആഗ്രഹം പ്രകടിപ്പിച്ച അവസാനത്തെ 300 സൈനികരെയും സമയബന്ധിതമായി മടക്കിക്കൊണ്ടുപോകുമെന്ന് യു.എസ് അറിയിച്ചു. വരുംദിവസങ്ങളിൽ ഐ.എസ് ഖുറാസാൻ ആക്രമണം ശക്തമാക്കാൻ സാധ്യത കണക്കിലെടുത്താണ് അതിവേഗത്തിലാക്കുന്നത്.
Adjust Story Font
16