റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിൽ ആക്രമണം; ഏഴ് മരണം
ബംഗ്ലാദേശിലെ കോക്സ് ബസാറിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിൽ ഒരുസംഘം തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ ഏഴ് പേർ മരിച്ചു. ലോകത്തിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പായ കോക്സ് ബസാറിൽ ഇന്ന് പുലർച്ചെയാണ് ആക്രമണം നടന്നത്.
ഒരു സംഘം തോക്കുധാരികൾ വെള്ളിയാഴ്ച പുലർച്ചയോടെ കോക്സ് ബസാറിലെ ഉഖിയ മേഖലയിലെ ഒരു മതപാഠശാലയിൽ ആക്രമം നടത്തി മൂന്ന് അധ്യാപകരെയും, രണ്ട് സന്നദ്ധ സേവകരെയും ഒരു വിദ്യാർഥിയെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് ശിഹാബ് കൈസർ ഖാൻ പറഞ്ഞു. അക്രമകാരികളിൽ ഒരാളെ ഉടൻ തന്നെ പിടികൂടിയെന്നും അദ്ദേഹം പറഞ്ഞു. ഇയാളുടെ കൈയ്യിൽ നിന്നും ഒരു തോക്കും ആറ് റൗണ്ട് വെടിയുണ്ടകളും ഒരു കത്തിയും പിടിച്ചെടുത്തിട്ടുണ്ട്.
മൂന്ന് മാസം മുൻപാണ് റോഹിങ്ക്യൻ ജനതയുടെ നേതാവായിരുന്ന മുഹമ്മദ് മൊഹീബുല്ലയെ തന്റെ ഓഫീസിന്റെ പുറത്ത് വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൊഹീബുല്ലയുടെ കൊലപാതകത്തെ തുടർന്ന് കോക്സ് ബസാറിലെ റോഹിങ്ക്യൻ സുരക്ഷ വർധിപ്പിക്കുമെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാൽ പറഞ്ഞിരുന്നു. എന്നാൽ ക്യാമ്പുകളിൽ അഭയാർഥികൾ ഇപ്പോഴും ഭയത്തിലാണ് കഴിയുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ അഭിപ്രായപ്പെടുന്നു.
Adjust Story Font
16